ഗവർണർ രാജേന്ദ്ര ആർലേക്കർ.
തിരുവനന്തപുരം: വന്ദേമാതരം വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര ആർലേക്കർ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം പൂർണമായും പാടുമെന്നും അതുതന്നെയാണ് തന്റെ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി പാടണമെന്ന് ഗവർണർ നിർദേശം നൽകിയിട്ടില്ലെന്ന് ലോക്ഭവൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാർ പുറത്തിറക്കിയ സർക്കുലറുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിനിടെയാണ് ഗവർണറുടെ പുതിയ പ്രതികരണം.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി കഴിഞ്ഞ നാലിനാണ് സർക്കാർ സർക്കുലർ പുറത്തിറക്കിയത്. രണ്ട് ദിവസത്തിന് ശേഷം വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിർദേശങ്ങൾ പൂർണമായി പാലിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി തദ്ദേശവകുപ്പിന് കത്ത് നൽകിയിരുന്നു.
ചീഫ് സെക്രട്ടറി നൽകിയ നിർദേശം ഗവർണറുടെ നിർദേശപ്രകാരമാണെന്നായിരുന്നു സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ വിഷയത്തിൽ ഗവർണർ യാതൊരു നിർദേശവും നൽകിയിട്ടില്ലെന്നാണ് ലോക്ഭവൻ വിശദീകരിച്ചത്. വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു.
Tags : Vande Mataram Controversy Rajendra Arlekar Governor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash