അഭിമന്യു
കൊച്ചി∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്നു അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന പ്രതികളുടെ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.
പുതുതായി ചുമത്തിയ കുറ്റം വായിച്ചു കേൾപ്പിക്കുമ്പോൾ പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നുള്ള പ്രതികൾക്ക് ഇതിനായി മാത്രം കോടതിയിൽ എത്തേണ്ടി വരുന്നുവെന്നും, കോടതിയിലെത്തുമ്പോൾ മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്നുമായിരുന്നു പ്രതികളുടെ പ്രധാന വാദം. എന്നാൽ, കോടതി തങ്ങളല്ല പുതിയ കുറ്റം ചുമത്തിയതെന്നും പ്രോസിക്യൂഷന്‍റെ ആവശ്യപ്രകാരമാണ് നടപടിയെന്നും ചൂണ്ടിക്കാണിച്ചു.
പ്രതികളുടെ ഈ ആവശ്യം പ്രോസിക്യൂഷനും അഭിമന്യുവിന്‍റെ കുടുംബവും ശക്തമായി എതിർത്തു. കേവലം ഇത്തരം കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾക്ക് പ്രത്യേക ഇളവുകൾ നൽകാനാകില്ലെന്നും, വിചാരണ ഘട്ടത്തിൽ അവർ എന്തായാലും ഹാജരാകേണ്ടി വരുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
കൂടാതെ, കഴിഞ്ഞ എട്ട് വർഷത്തിനിടെ കേസിൽ പ്രതികൾ കോടതിയിൽ ഹാജരായത് ഒരു തവണ മാത്രമാണെന്ന് അഭിമന്യുവിന്‍റെ കുടുംബം ചൂണ്ടിക്കാണിക്കുകയും, പ്രതികൾ പ്രത്യേക അവകാശങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് വാദിക്കുകയും ചെയ്തു.
ഈ വാദങ്ങൾ അംഗീകരിച്ച കോടതി, പ്രതികളുടെ ആവശ്യം പൂർണ്ണമായി തള്ളിക്കൊണ്ട് കേസ് വീണ്ടും പരിഗണിക്കുന്ന വരുന്ന വ്യാഴാഴ്ച എല്ലാ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കർശന നിർദ്ദേശം നൽകി.
Tags : Court Abhimanyu MurderCase Deepika DeepikaNewspaper BreakingNews NewsUpdate Headlines