കൊല്ലപ്പെട്ട അഭിമന്യു (File photo)
കൊച്ചി: അഭിമന്യു വധക്കേസിലെ പ്രതികള്‍ നേരിട്ട് ഹാജരാകാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി. മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനാല്‍ നേരിട്ട് ഹാജരാകാന്‍ ആവില്ലെന്നും അഭിഭാഷകര്‍ മുഖേന വിചാരണ അനുവദിക്കണമെന്നുമാണ് പ്രതികള്‍ കോടതിയെ അറിയിച്ചത്.
ഓഗസ്റ്റ് 10ന് കേസ് പരിഗണിക്കുമ്പോള്‍ 16 പ്രതികളും നേരിട്ടു ഹാജരാകണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഓഗസ്റ്റ് ആറിന് കേസ് പരിഗണിച്ചപ്പോള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പ്രതികളാരും ഹാജരായില്ല. ഇത് രണ്ടാം തവണയാണ് കോടതി നിര്‍ദേശം പ്രതികള്‍ ലംഘിക്കുന്നത്.
പ്രതികള്‍ എട്ട് വര്‍ഷത്തിനിടെ കോടതിയില്‍ ഹാജരായത് ഒരുതവണ മാത്രമാണ്. പത്തനംതിട്ടയിലും ഇടുക്കിയിലും ഉള്ളവര്‍ക്ക് ഹാജരാകാന്‍ എന്താണ് തടസമെന്ന് കോടതി ചോദിച്ചു. വ്യാഴാഴ്ച പ്രതികളോട് ഹാജരാകാനും കോടതി നിര്‍ദേശം നല്‍കി.
16 പ്രതികള്‍ക്കെതിരെ ഐപിസി 323 വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായാണ് പ്രതികളോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. അധികമായി ചുമത്തിയ കുറ്റം അഭിഭാഷകന്‍ വായിച്ചു കേട്ടാല്‍ മതിയെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം കേസില്‍ നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ജൂലൈ 14ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വിചാരണ വൈകുന്നതിനെതിരെ അഭിമന്യുവിന്‍റെ അമ്മ ഭൂപതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ഇനി സമയപരിധി നീട്ടി നല്‍കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ക്രൂരമായി കൊലപ്പെടുത്തിയത്.
Tags : Abhimanyu MurderCase Accused SFI Arrest Police