ഡോ. എം.കെ. റാം, ഹൈക്കോടതി (File photo)
കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ പ്രതി ഡോ. എം.കെ. റാമിന്‍റെ അറസ്റ്റിലെ പോലീസ് വീഴ്ചയില്‍ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഡിവൈഎസ്പി സുധീര്‍ കല്ലനെ സസ്‌പെന്‍ഡ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.
അച്ചടക്ക നടപടി എന്തെന്ന് കോടതിയെ പഠിപ്പിക്കരുത്, അച്ചടക്ക നടപടിയുടെ ചട്ടങ്ങള്‍ നന്നായി അറിയാമെന്നും ഈ പണി തുടങ്ങിയിട്ട് കുറച്ചായെന്നും ജസ്റ്റീസ് എ. ബദറുദീന്‍ പറഞ്ഞു. ഗുരുതര വീഴ്ച വരുത്തിയ ഡിവൈഎസ്പിക്കെതിരെ അന്വേഷണം മാത്രം മതിയോ എന്നും കോടതി ചോദിച്ചു.
അന്വേഷണം പൂര്‍ത്തിയായാലുടന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പിന്നാലെയാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ഡിവൈഎസ്പിയുടെത് ഗുരുതരമായ വീഴ്ചയാണെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. അന്വേഷണം മാത്രം മതിയോ സസ്‌പെന്‍ഷനിലേക്ക് പോകണ്ടേ എന്നും ഹൈക്കോടതി ചോദിച്ചു.
ഡിവൈഎസ്പിക്കെതിരെ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ സസ്‌പെന്‍ഡ് ചെയ്യാനാകും. നടപടിക്രമം പാലിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ അടക്കം ചോദ്യം ചെയ്യപ്പെടാമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാകന്‍ പറഞ്ഞു.
അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തീരുമാനിക്കുന്നതില്‍ സര്‍ക്കാരിന് എന്തിനാണ് ആശങ്ക എന്നും ഹൈക്കോടതി ചോദിച്ചു. സര്‍ക്കാര്‍ ചെയ്യാനുള്ളത് ചെയ്യണമെന്നും കോടതി പറഞ്ഞു. കാര്യങ്ങള്‍ പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
അതേസമയം, ഡോ. റാമിന്‍റെ അറസ്റ്റിലെ വീഴ്ചയില്‍ നേരത്തെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഡിവൈഎസ്പിയോട് എത്ര വര്‍ഷത്തെ സര്‍വീസ് ഉണ്ടെന്നും രണ്ടു വര്‍ഷത്തിനിടെ എത്ര അറസ്റ്റ് നടത്തിയിട്ടുണ്ടെന്നും ജസ്റ്റീസ് എ. ബദറുദീന്‍ ചോദിച്ചിരുന്നു. അറസ്റ്റ് ചെയ്യേണ്ടത് അന്വേഷണ ഉദ്യോഗസ്ഥന്‍റെ ചുമതലയാണ്. സാധാരണക്കാരന്റെ കാര്യം നോക്കാന്‍ ഇവിടെ കോടതിയുണ്ടെന്നും പറഞ്ഞിരുന്നു.
Tags : HighCourt DrMKRam Arrest Police NithinRaj