പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഓണക്കാലത്ത് റേഷൻ അരിയുടെ വില 10.90 രൂപയിൽനിന്ന് 26 രൂപയായി വർധിപ്പിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഭക്ഷ്യവകുപ്പ്. ഓരോ കാർഡിനുമുള്ള സാധാരണ റേഷൻ അരി വിഹിതത്തിൽ കുറവുവരുത്തുകയോ വില വർധിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കി.
കേന്ദ്രസർക്കാരിന്റെ ടൈഡ് ഓവർ അരിവിഹിതത്തിൽ 2026 ജനുവരി മുതൽ 6,459 മെട്രിക് ടണ്ണിന്റെ കുറവുണ്ടായതാണ് അധിക സ്പെഷൽ അരി വിതരണത്തിൽ പരിമിതിയുണ്ടാകാൻ കാരണം. നേരത്തെ ലഭിച്ചിരുന്ന 33,294 മെട്രിക് ടണ്‍ അരിക്ക് പകരം നിലവിൽ 26,835 മെട്രിക് ടണ്‍ അരിയും 6,459 മെട്രിക് ടണ്‍ ഗോതന്പുമാണ് ലഭിക്കുന്നത്.
കുറവ് പരിഹരിക്കാൻ ഓപ്പണ്‍ മാർക്കറ്റ് സെയിൽ സ്കീം (ഒഎംഎസ്എസ്) വഴി അരി വാങ്ങി അധികമായി വിതരണം ചെയ്യുകയാണെന്നും അധികൃതർ പറഞ്ഞു. നീല, വെള്ള, തവിട്ട് കാർഡുടമകൾക്ക് 26 രൂപ നിരക്കിൽ അധിക ഒഎംഎസ്എസ് അരി ലഭ്യമാക്കുന്നുണ്ട്. മഞ്ഞ കാർഡിന്റെ നിലവിലെ അരി വിഹിതത്തിൽ കുറവില്ല.
പിങ്ക് കാർഡിന് സാധാരണ വിഹിതമായ നാലു കിലോ അരിയും ഒരു കിലോ ഗോതന്പും നൽകുന്നത് തുടരും. അധികമായി മൂന്നു കിലോ ഒഎംഎസ്എസ് അരിയാണ് 26 രൂപ നിരക്കിൽ ലഭ്യമാക്കുന്നത്. ഓണക്കാലത്ത് പൊതുവിതരണ ശൃംഖലയിലൂടെ 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതന്പും വിതരണത്തിന് എത്തിച്ചതായും ഭക്ഷ്യവകുപ്പ് അറിയിച്ചു.