കൊച്ചി: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ജീവനക്കാര്‍ക്കു മാന്യമായ വേതനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ടെംപിള്‍ എംപ്ലോയീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഉള്‍പ്പെടെ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.
മേഖലയിലെ ക്ഷേത്രജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 1994ല്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും ജസ്റ്റീസുമാരായ വി. രാജാ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിരക്കില്‍ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമ്പോള്‍ മലബാറില്‍ പലര്‍ക്കും തുച്ഛമായ തുകയാണു ലഭിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.അഡ്വക്കറ്റ് ജനറലിനു ഹാജരാകാന്‍ സര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജികള്‍ സെപ്റ്റംബര്‍ മൂന്നിനു പരിഗണിക്കാന്‍ മാറ്റി.
Tags : Deepika DeepikaNewspaper Service conditions Malabar temple