ലയണല്‍ മെസി, പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ
മാഡ്രിഡ്/ന്യൂയോര്‍ക്ക്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനിടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി, പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ എന്നിവരെയടക്കം ലക്ഷ്യംവച്ച് ഭീകരാക്രമണങ്ങള്‍ക്കു പദ്ധതിയിട്ടിരുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.
മാച്ച് ഒഫീഷലുകള്‍, മറ്റു പ്രമുഖര്‍ എന്നിവര്‍ക്ക് എതിരേയടക്കം തീവ്രവാദ ഗൂഢാലോചനകള്‍ ഉണ്ടായിരുന്നെന്നും എഫ്ബിഐയുടെ നേതൃത്വത്തില്‍ വിവിധ അന്താരാഷ്ട്ര ഏജന്‍സികള്‍ സമയോചിത ഇടപെടലിലൂടെ അതെല്ലാം പരാജയപ്പെടുത്തിയെന്നും രേഖകള്‍. Informacion.es എന്ന സ്പാനിഷ് മാധ്യമമാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മെസിയെ ലക്ഷ്യംവച്ചു
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആയിരുന്നു 2026 ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിച്ചത്. 2022 ലോക ചാമ്പ്യന്മാരായ അര്‍ജന്റൈന്‍ ടീം ക്യാപ്റ്റനായ ലയണല്‍ മെസിയെ അപായപ്പെടുത്താനുള്ള തീവ്രവാദ നീക്കം നടന്നതായാണ് റിപ്പോര്‍ട്ട്. അപകീര്‍ത്തികരമായ ഓണ്‍ലൈന്‍ ആരോപണങ്ങള്‍ക്കും ഭീഷണികള്‍ക്കും അപ്പുറമായി മെസിയെ ലക്ഷ്യംവച്ചതായാണ് എഫ്ബിഐയുടെ രേഖകളില്‍നിന്നു വ്യക്തമാകുന്നത്.
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഡാളസില്‍ അര്‍ജന്റീന x ജോര്‍ദാന്‍ മത്സരത്തിനു തൊട്ടുമുമ്പ് ഭീകരാക്രമണ മുന്നറിയിപ്പ് എത്തിയിരുന്നു. എആര്‍-15 റൈഫിളും സ്ഫോടകവസ്തുക്കളുമായി സ്റ്റേഡിയത്തിലേക്ക് യാത്ര ചെയ്യുകയാണെന്ന് അവകാശപ്പെട്ട് അജ്ഞാതന്‍ ഡാളസ് എയര്‍പോര്‍ട്ടിലേക്ക് വിളിച്ചിരുന്നു.
അറ്റ്ലാന്റയില്‍ ഈജിപ്തിനെതിരായ അര്‍ജന്റീനയുടെ മത്സരത്തിന് മുമ്പ്, മെസിയെ വധിക്കാന്‍ മനുഷ്യബോംബ് സ്റ്റേഡിയത്തിന്റെ ചുറ്റളവിലുണ്ടെന്നും മൈതാനത്തേക്കു കടക്കുമെന്നും എക്സില്‍ (ട്വിറ്റര്‍) അജ്ഞാത ഭീഷണി സന്ദേശമെത്തി. സ്റ്റേഡിയത്തിലെ ചവറ്റുകുട്ടകള്ക്കുള്ളില് മൂന്ന് സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതായുള്ള അജ്ഞാത കോള്‍ വന്നു. ഇതോടെ ബോംബ് സ്ക്വാഡുകള്‍, കെ-9 ടീമുകള്‍ എന്നിവ സ്ഥലത്തെത്തി.
സിആര്‍7ന്റെ ഹോട്ടലിലും ഭീഷണി
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് എതിരേ സുരക്ഷാ ലംഘനങ്ങള്‍ നടന്നു. ജൂണ്‍ 14ന്, ഹൂസ്റ്റണിലെ പോര്‍ച്ചുഗീസ് ടീം താമസിക്കുന്ന ഹോട്ടല്‍ സംബന്ധിച്ച് നിരന്തരം അന്വേഷണം നടത്തുന്ന ഒരു സംശയാസ്പദ വ്യക്തിയെ കണ്ടെത്തി.
ഹൂസ്റ്റണ്‍ പോലീസിന്റെ അടിയന്തര ഇടപെടലിലൂടെ ജൂണ്‍ 16ന് അയാളെ അറസ്റ്റ് ചെയ്തു.കനത്ത സുരക്ഷാവലയത്തിലും ഭീകരാക്രമണ ഭീഷണിക്കിടയിലുമായിരുന്നു 2026 ലോകകപ്പ് നടന്നതെന്നാണ് ഈ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്. എബിഐയുടെ സുരക്ഷാവലയവും വിവിധ സുരക്ഷാ ശൃംഖലയും സംയുക്തമായി പ്രതിരോധം തീര്‍ത്തതാണ് ലോകകപ്പ് വിജയകരമായി അവസാനിക്കാന്‍ ഇടയാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. ലയണല്‍ മെസിയുടെ അര്‍ജന്റീനയെ അധികസമയത്തെ ഗോളില്‍ 1-0നു കീഴടക്കി സ്പെയിനാണ് 2026 ലോകകപ്പ് ട്രോഫി സ്വന്തമാക്കിയത്.
Tags : Sports SportsNews Highlights Terrorist attack threat against Messi