വി.ഡി. സതീശന്
കൊല്ലം: നമ്മുടെ നാട്ടിലെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ മാറ്റത്തിന്റെ കാറ്റുവീശുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ക്രൈസ്തവ മിഷനറിമാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. ജാതി സമ്പ്രദായവും നാട്ടിലെ അടിമ സമ്പ്രദായവും അവസാനിപ്പിക്കുന്നതില്‍ മിഷനറിമാരുടെ പ്രവര്‍ത്തനം വലിയ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം രൂപതയുടെ മൂന്നുവര്‍ഷം നീണ്ടു നില്ക്കുന്ന 700-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തില്‍ അച്ചടിക്കു തുടക്കം കുറിച്ചത് മിഷനറിമാരാണ്. ബൈബിള്‍ പ്രചാരണത്തിനായാണ് അച്ചടി തുടങ്ങിയത്. അന്ധകാരത്തില്‍ നിന്ന് വെളിച്ചം പകരുന്നതും അറിവില്ലായ്മയില്‍ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്കു നയിക്കുന്നതുമാണ് ബൈബിള്‍ സന്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രൈസ്തവ ദര്‍ശനം ഹൃദയത്തിലേറ്റിയ മിഷനറിമാരുടെ കേന്ദ്രമാണ് കൊല്ലം. കൊല്ലം രൂപതയേയും കൊല്ലം തുറമുഖത്തേയുംകുറിച്ച് മാര്‍ക്കോപോളോ ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ യാത്രാ വിവരണങ്ങളില്‍ രേഖപ്പെടുത്തിയത് ചരിത്രത്തിന്റെ ഭാഗമാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, രൂപത മുന്‍ ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍, കൊല്ലം മേയര്‍ എ.കെ. ഹഫീസ്, വിഷ്ണു മോഹന്‍ എംഎല്‍എ, വിമലഹൃദയസന്യാസിനി സഭയുടെ മദര്‍ ജനറല്‍ സിസ്റ്റര്‍ റെനോറ മേരി, അല്മായ പ്രതിനിധി പ്രഫ. ബിജു ടെറന്‍സ് അരവിള, കെസിവൈഎം രൂപത പ്രസിഡന്റ് അലക്സ് കെന്നഡി എന്നിവര്‍ പ്രസംഗിച്ചു. കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി സ്വാഗതവും വികാരി ജനറാള്‍ മോണ്‍. ഡോ.ബൈജു ജൂലിയാന് നന്ദിയും പറഞ്ഞു.
Tags : Missionaries played role in social change Deepika DeepikaNewspaper