അദ്വൈത് ഉപാധ്യായ്
ബംഗളൂരു: ബംഗളൂരുവിന് സമീപമുള്ള ശിവഗംഗ മലനിരകളിൽ ട്രെക്കിംഗിന് പോയ യുവാവിനെ കാണാതായി. ഇൻഡോർ സ്വദേശി അദ്വൈത് ഉപാധ്യായ് (31) ആണ് കാണാതായത്. ബംഗളൂരുവിലെ ധനകാര്യകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ അദ്വൈതിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്.
വെള്ളിയാഴ്ച ബൈക്ക് വാടകയ്ക്കെടുത്ത് ശിവഗംഗയിൽ എത്തിയ അദ്വൈത് ട്രെക്കിംഗിനെ കുറിച്ചുള്ള വിവരങ്ങൾ പ്രതിശ്രുത വധുവുമായി പങ്കുവച്ചിരുന്നു. രാവിലെ ഏഴരയോടെ സ്ഥലത്തെത്തി മലകയറാന്‍ തുടങ്ങുന്ന അദ്വൈതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്.
അദ്വൈതിന്റെ ബൈക്ക് മലയടിവാരത്ത് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുഡുരുവിന് സമീപമാണ് ഫോണിന്റെ അവസാന സിഗ്നൽ ലഭിച്ചതെന്ന് പോലീസ് കണ്ടെത്തി.
അപകടം നിറഞ്ഞ ശാന്തള ഡ്രോപ്പ് മേഖലയിൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മനുഷ്യശരീരത്തിന് സാദൃശ്യമുള്ള ഒരു വസ്തു കണ്ടെത്തിയിട്ടുണ്ടെങ്കിലും കൊടും കാടായതിനാല്‍ താഴേക്ക് എത്താന്‍ സാധിച്ചില്ല. പോലീസ്, എൻഡിആർഎഫ്, എസ്ഡിആർഎഫ്, വനം വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ ഏകദേശം 100-ലധികം ഉദ്യോഗസ്ഥരാണ് തെരച്ചിലിൽ നടത്തുന്നത്.
അദ്വൈതിന്റെ ലാപ്ടോപ് പോലീസ് പരിശോധിച്ചു. ശിവഗംഗയെ കുറിച്ചും ഭൂപ്രകൃതിയെ കുറിച്ചും ശന്താള ഡ്രോപിനെ കുറിച്ചും, ഇവിടെയുള്ള ആത്മഹത്യാ മുനമ്പുകളെ കുറിച്ചും തെരഞ്ഞതിന്റെ വിവരങ്ങള്‍ കണ്ടെത്തി. ഇതോടെ അദ്വൈത് ജീവനൊടുക്കിയതാകാനുള്ള സാധ്യതയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അപകടത്തിൽപ്പെട്ടതാണോ അതോ മറ്റ് കാരണങ്ങളാണോ എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Tags : Deepika Breakingnews Missing Trek