മരിച്ച ദീപലേഖ
കണ്ണൂർ: സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിനു പിന്നാലെ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ഡിഎംഒയ്ക്കെതിരേ പരാതിയുമായി ബന്ധുക്കൾ. ചൊക്ലി എഫ്എച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ വടകര മേപ്പയിൽ സ്വദേശിനി ദീപലേഖ (51) കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസർക്കെതിരെ പരാതിയുയരുന്നത്.
ദീപലേഖയുടെ ശാരീരികാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും പരിഗണിച്ചില്ലെന്നും ബോധപൂർവം സ്ഥലംമാറ്റുകയുമായിരുന്നുവെന്നാണ് ആരോപണം. മരണം സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും എൻജിഒ യൂണിയനും ആരോഗ്യമന്ത്രിക്ക് പരാതി നൽകും.
കഴിഞ്ഞ ഫെബ്രുവരിയിൽ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ മൂന്നുമാസം ചികിത്സയിലായിരുന്ന ദീപലേഖ അടുത്തിടെയാണ് അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചത്. പുതിയ സർക്കാർ വന്നശേഷമുള്ള സ്ഥലംമാറ്റത്തിനുള്ള കരടു പട്ടികയിൽ ദീപലേഖയുമുണ്ടായിരുന്നു. മട്ടന്നൂർ ആരോഗ്യകേന്ദ്രത്തിലേക്കായിരുന്നു മാറ്റം. എന്നാൽ, ആരോഗ്യപ്രശ്നം പരിഗണിച്ച് ചൊക്ലിയിൽ തന്നെ തുടരാൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ, പിണറായിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
സ്ഥലംമാറ്റത്തിൽ ദീപലേഖ മനോവിഷമത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. സ്ഥലംമാറ്റത്തിനുള്ള മനോവിഷമമാണ് മരണകാരണമെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തിങ്കളാഴ്ച കണ്ണൂർ ഡിഎംഒ ഓഫീസ് ഉപരോധിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ദീപലേഖ കുഴഞ്ഞുവീണത്. ഉടൻ ചൊക്ലിയിലെ ക്ലിനിക്കിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ചൊക്ലി എഫ്എച്ച്സിയിൽ പൊതുദർശനത്തിന് ശേഷം വടകര മേപ്പയിലെ ഐപിഎം അക്കാദമിക്ക് സമീപമുള്ള വീട്ടിലെത്തിച്ച് 12മുതൽ 1.30 വരെ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.
നാടകപ്രവർത്തകനും നടനുമായ സുരേഷ് ബാബു ശ്രീസ്ഥയുടെ ഭാര്യയാണ്. രാഘവൻ-ഡയാന പേൾ ദന്പതികളുടെ മകളാണ്. അമലു എസ്. ലക്ഷ്മി മകളാണ്.
Tags : Deepalekha Death DMO Transfer