കണ്ണൂർ: കുഞ്ഞിനെ വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ ചക്കരക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലാ, കോട്ടയം ജയിലുകളിൽ എത്തിയാണ് ചക്കരക്കൽ പോലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾക്കായി ചക്കരക്കൽ പോലീസ് കസ്റ്റഡി അപേക്ഷയും നൽകും.
പ്രതികളായ തമിഴ്നാട് സ്വദേശി മുപ്പിലി രാജ, വാഗമൺ സ്വദേശി അപർണ, കൊല്ലം പരവൂർ സ്വദേശി അനീന തസ്നി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കോട്ടയം തീക്കോയിയിൽ അസം സ്വദേശിയായ ഗർഭിണിയെ തടവിലാക്കി നവജാതശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ചതോടെയാണ് കുട്ടികളെ വിൽക്കുന്ന സംഘത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്.
വീട്ടുകാർ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതോടെയാണ് അസം സ്വദേശിയായ ഗർഭിണി കോട്ടയം തീക്കോയിയിലെ കേന്ദ്രത്തിലെത്തിയത്. സാമൂഹികമാധ്യമങ്ങൾ വഴിയാണ് യുവതി ഈ കേന്ദ്രം കണ്ടെത്തിയത്. പ്രസവിക്കാനുള്ള സൗകര്യവും കുഞ്ഞിനെ വളർത്താനുള്ള സഹായവും വാഗ്ദാനം ചെയ്ത പ്രതികൾ ട്രെയിൻ ടിക്കറ്റും പണവും ഉൾപ്പെടെ അയച്ചുനൽകി യുവതിയെ തീക്കോയിയിൽ എത്തിക്കുകയായിരുന്നു.
എന്നാൽ, ഇവിടെ യുവതിയെ തടവിലാക്കുകയും കുഞ്ഞിനെ നൽകിയാൽ മൂന്നുലക്ഷം രൂപ തരാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതോടെ യുവതി ഇവിടെനിന്ന് രക്ഷപ്പെട്ട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഈരാറ്റുപേട്ട പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുട്ടികളെ വിൽപ്പന നടത്തുന്ന മാഫിയ സംഘമാണെന്ന് തിരിച്ചറിഞ്ഞത്.
Tags : Infant selling case Chakkarakkal police arrest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash