ബംഗളൂരു: ശക്തമായ കാറ്റലും കനത്ത മഴയിലും ബംഗളൂരുവിൽ സ്വകാര്യ ക്ലബ്ബിന്റെ മതിൽ തകർന്നു വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. ഗംഗോണ്ടനഹള്ളി സ്വദേശി ശിവബൊരയ്യയാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ ഹംപിനഗറിലെ വിജയനഗർ ക്ലബ്ബിന് സമീപം റോഡരികിൽ ഓട്ടോ പാർക്ക് ചെയ്ത് ഇരിക്കുകയായിരുന്നു ഇദ്ദേഹം. കനത്ത മഴക്കിടെ ക്ലബ്ബിന്റെ ഏഴ് അടി ഉയരമുള്ള മതിൽ തകർന്നു വീഴുകയായിരുന്നു.
പാർക്ക് ചെയ്തിരുന്ന ഓട്ടോയ്ക്കു മുകളിലേക്കാണ് മതിൽ പതിച്ചത്. ഇതോടെ ശിവബൊരയ്യ ഓട്ടോയ്ക്കുള്ളിൽ കുടുങ്ങി. തകർന്ന വാഹനത്തിനും അവശിഷ്ടങ്ങൾക്കും ഇടയിൽപ്പെട്ട് ഇദ്ദേഹം സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അവശിഷ്ടങ്ങൾ മാറ്റിയെങ്കിലും ശിവബൊരയ്യ നേരത്തെ തന്നെ മരണടഞ്ഞിരുന്നു.
ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. മതിൽ തകരാൻ ഇടയാക്കിയ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
Tags : Heavy rain strong win Auto driver die