മാലെ: മാലദ്വീപിലെ വാവു അറ്റോളിൽ സമുദ്രാന്തര ഗുഹകളിൽ പര്യവേക്ഷണം ചെയ്യുന്നതിനിടെ അഞ്ച് ഇറ്റലിക്കാർക്ക് ദാരുണാന്ത്യം. ഡൈവിംഗിനിടെയാണ് ദുരന്തം സംഭവിച്ചത്.
ഡ്യൂക്ക് ഓഫ് യോർക്ക് എന്ന ആഡംബര സഫാരി ബോട്ടിൽനിന്നാണ് അഞ്ചംഗ സംഘം കടലിലിറങ്ങിയത്. 30 മീറ്ററിലധികം ആഴത്തിലുള്ള സമുദ്രാന്തര ഗുഹയിലേക്കാണ് ഇവർ പ്രവേശിച്ചത്. നിശ്ചിത സമയം കഴിഞ്ഞിട്ടും ഇവർ തിരിച്ചെത്താത്തതിനെത്തുടർന്ന് ബോട്ടിലെ ജീവനക്കാർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
മാലദ്വീപ് കോസ്റ്റ്ഗാർഡ് നടത്തിയ തെരച്ചിലിനൊടുവിലാണ് സമുദ്രത്തിനടിയിലെ ഗുഹയ്ക്കുള്ളിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ജനോവ സർവകലാശാലയിലെ സമുദ്ര-പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രഫസർ മോണിക്ക മോണ്ടെഫാൽക്കോൺ (51), മകൻ ജോർജിയ സോമാക്കൽ (22) എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു.
മുരിയൽ ഒഡെനിനോ, ജിയാൻലൂക്ക ബെനഡെറ്റി, ഫെഡറിക്കോ ഗ്വാൾട്ടിയേരി എന്നിവരാണ് മരിച്ച മറ്റ് മൂന്നുപേർ. ഗുഹയ്ക്കുള്ളിലെ മണൽ ഇളകിയതുമൂലം കാഴ്ചപരിധി കുറഞ്ഞതാകാം മരണകാരണമെന്നാണ് പ്രാഥമികമായി അധികൃതർ കരുതുന്നത്.
Tags : Italian marine die accident Maldives