പ്രതീകാത്മക ചിത്രം
അമരാവതി: ആന്ധ്രാപ്രദേശിലെ പൽനാട്ടിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് നാല് പേർ മരിച്ചു, ഏഴ് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പാൽനാട് ജില്ലയിൽ ശ്രീശൈലം റോഡിലായിരുന്നു അപകടം. സുഹൃത്തിന്റെ മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഹൈദരാബാദിൽ നിന്ന് വരികയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.
മാച്ചേർലയിലെ നാഗാരം പ്രദേശത്തിന് സമീപം ടയർ പൊട്ടിയതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. അമിതവേഗത്തിൽ വന്ന കാർ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
റോഡിന്റെ വളവിൽ നിർത്തിയിട്ടിരുന്ന ലോറി, കാർ ഡ്രൈവറുടെ ശ്രദ്ധയിൽപെടാതിരുന്നതാണ് അപകടത്തിന് കാരണമായത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടെ നാല് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് ഏഴ് പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ലന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : die car parked lorry