ഹൈദരാബാദ്: തെലുങ്കാനയിലെ രാജണ്ണ സിരിസില്ലയിൽ ബസ് കാത്തുനിന്ന യാത്രക്കാർക്കിടയിലേക്ക് അമിതവേഗത്തിൽ വന്ന കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു. ലക്ഷ്മി (35) എന്ന യുവതിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രിക്കും കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു.
റോഡരികിൽ ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാർക്ക് നേരെ നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറുകയായിരുന്നു. ലക്ഷ്മി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ഇരുവരും ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പോലീസ് സ്ഥലത്തെത്തി ലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഡ്രൈവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Tags : die car bus stop injure