വിസ്മയ മാതാപിതാക്കളായ രാജീവ്, സുജ, സഹോദരൻ ഇഷാൻ എന്നിവർക്കൊപ്പം.
മാള: തനിക്കൊരു എൻജിനിയർ ആകണമെന്ന അതിയായ ആഗ്രഹം ദൃഢനിശ്ചയത്തോടെയുള്ള പഠനത്താൽ നേടിയെടുത്ത മിടുക്കിയെ അഭിനന്ദിക്കുകയാണ് എല്ലാവരും.
തൃശൂർ ജില്ലയിലെ മാളയ്ക്കടുത്ത് എരവത്തൂർ കൊച്ചുകടവ് കോഴിപ്പിള്ളിൽ രാജീവിന്റെയും സുജ എസ്. നായരുടെയും മകളായ വിസ്മയയാണ് കീമിൽ മൂന്നാം റാങ്ക് നേടിക്കൊണ്ട് വിസ്മയിപ്പിച്ച മിടുക്കി.
ആദ്യശ്രമത്തിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാതെ വന്നതിനെതുടർന്ന് പാലാ ബ്രില്ല്യന്റിൽ മുഴുവൻ സമയ കോച്ചിംഗിലായിരുന്നു വിസ്മയ. അധികം മുഷിഞ്ഞിരുന്നു പഠിക്കുന്ന പ്രകൃതക്കാരിയല്ല വിസ്മയയെന്നാണ് കുടുംബാംഗങ്ങളുടെ പക്ഷം.
ഐഐടി ഗൊരഖ്പുരിൽ ഇലക്ട്രിക്കൽ ആൻഡ് കമ്യൂണിക്കേഷനിൽ ഇതിനകം വിസ്മയ പ്രവേശനം നേടി.
മാള ഹോളിഗ്രേസ് അക്കാദമിയിൽ സിബിഎസ്ഇയിൽ പത്താംക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിസ്മയയുടെ പ്ലസ് ടു പഠനം എറണാകുളം ഭവൻസിൽ ആയിരുന്നു. 99 ശതമാനം മാർക്ക് പ്ലസ് ടുവിനു നേടി.
കാലടിക്കടുത്തു മറ്റൂരിൽ ഹോട്ടൽ ബിസിനസാണ് വിസ്മയയുടെ അച്ഛൻ രാജീവിന്. അമ്മ സുജ എസ്. നായർ എറണാകുളം മഹാരാജാസ് കോളജിൽ ക്ലർക്കാണ്. മൂന്നുവയസുകാരനായ ഇഷാനാണ് സഹോദരൻ.
Tags : KEAM 2026 Vismaya Engineering 3rd rank