ആൻസി സോജൻ മത്സരത്തിനിടെ
ഭുവനേശ്വർ: മലയാളി ലോംഗ് ജംപ് താരം അഞ്ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് മറികടന്ന് മലയാളി ലോംഗ് ജംപ് താരം ആൻസി സോജൻ. ഭുവനേശ്വറിൽ നടക്കുന്ന അന്തർ സംസ്ഥാന ദേശീയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 6.88 മീറ്റര്‍ ദൂരം ചാടിയാണ് ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് കൂടിയായ അൻസി സോജൻ ഈ അവിശ്വസനീയ നേട്ടം കൈവരിച്ചത്.
ഇതോടെ ഈ ഇനത്തിലെ ദേശീയ കിരീടവും താരം സ്വന്തമാക്കി. 2004 ആഗസ്റ്റ് 27-ന് ഏഥൻസ് ഒളിമ്പിക്സിന്റെ ഫൈനലിലായിരുന്നു അഞ്ജു 6.83 മീറ്റർ ചാടി ദേശീയ റിക്കോർഡിട്ടത്. ഒളിമ്പിക്സ് ലോംഗ് ജംപ് ഫൈനലിൽ അഞ്ചാം സ്ഥാനം നേടിക്കൊണ്ടായിരുന്നു അഞ്ജുവിന്റെ ചരിത്ര നേട്ടം.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ മികച്ച ഫോമിലായിരുന്നു ആന്‍സി.ആദ്യ ശ്രമത്തില്‍ 6.73 മീറ്റർ ചാടിക്കൊണ്ട് അൻസി മികച്ച തുടക്കമിട്ടു. പിന്നീട് മുൻ ശ്രമങ്ങളിലെ പിഴവുകൾ തിരുത്തി അഞ്ചാം ശ്രമത്തിലാണ് ആൻസി 6.88 മീറ്റർ എന്ന ചരിത്ര ദൂരത്തിലേക്ക് പറന്നിറങ്ങിയത്.
തന്റെ അവസാന ശ്രമത്തിൽ 6.69 മീറ്റർ ദൂരത്തോടെയാണ് ആൻസി മത്സരം അവസാനിപ്പിച്ചത്. ഈ തകർപ്പൻ പ്രകടനത്തോടെ ഏഷ്യൻ ഗെയിംസിനും ആന്‍സി യോഗ്യത നേടി. ഫൗൾ ജമ്പുകൾ ഇല്ലാതെ മത്സരം പൂർത്തിയാക്കുക എന്നതായിരുന്നു തന്റെ ആദ്യ ലക്ഷ്യമെന്നും, അതിലൂടെ മികച്ചൊരു ദൂരം താണ്ടാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അൻസി പ്രതികരിച്ചു.
Tags : ancy sojan shatters anju bobby george record long jump