കേപ് ദ്വീപ്
ജനസംഖ്യയില്‍ ലോകഒന്നാം നമ്പറായ ഇന്ത്യ നാളിതുവരെ ഫിഫ ഫുട്ബോള്‍ ലോകകപ്പില്‍ വരവറിയിച്ചിട്ടില്ല. വെറും അഞ്ച് ലക്ഷം ജനസംഖ്യയുള്ള കേപ് വെര്‍ദെ ദ്വീപ് രാജ്യം വരവറിയിച്ചു എന്നു മാത്രമല്ല അരങ്ങേറ്റ സീസണില്‍ തന്നെ തോല്‍വിയറിയാതെ നോക്കൗട്ടിലും പ്രവേശിച്ചു. ആരാണീ കുഞ്ഞന്‍ രാജ്യം. ലോകകപ്പ് വേദിയിലേക്കുള്ള അവരുടെ കുതിപ്പ് എങ്ങനെ... അറിയാം ഈ അത്ഭുത ദ്വീപിനെ...
കേപ് വെര്‍ദെ (റിപ്പബ്ലിക് ഓഫ് കാബോ വെര്‍ഡെ) പശ്ചിമാഫ്രിക്കയുടെ തീരത്ത് മധ്യ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപസമൂഹ രാജ്യം. 10 ദ്വീപുകള്‍. അതിശയിപ്പിക്കുന്ന ബീച്ചുകള്‍, പര്‍വതപ്രദേശങ്ങള്‍ എന്നിവയാല്‍ ആകര്‍ഷണീയം. ആഫ്രോ-പോര്‍ച്ചുഗീസ് സംസ്കാരം പേറുന്ന സമൂഹം. ആഫ്രിക്കന്‍, പോര്‍ച്ചുഗീസ് പൈതൃകങ്ങളുടെ മിശ്രിതമാണ് കാബോ വെര്ദെയക്കാര്ക്കുള്ളത്. പോര്‍ച്ചുഗീസ് ഔദ്യോഗിക ഭാഷ. തദ്ദേശവാസികള്ക്കിടയില് കൂടുതലായി സംസാരിക്കപ്പെടുന്ന ഭാഷ കാബുവെര്ദി. 4,033 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം. 5,25,000 ജനസംഖ്യ.
കേപ് രൂപപ്പെടല്‍
15-ാം നൂറ്റാണ്ട് വരെ ഈ ദ്വീപുസമൂഹത്തില്‍ ജനവാസമില്ലായിരുന്നു. പോര്‍ച്ചുഗീസുകാരാണ് ഇവിടെ ആദ്യം താമസം തുടങ്ങിയത്. 16, 17 നൂറ്റാണ്ടുകളില്‍ അറ്റ്ലാന്റിക് സമുദ്രത്തിലൂടെയുള്ള വ്യാപാരം ജനവാസത്തിന് വഴിയൊരുക്കി. തുണി, ആനക്കൊമ്പ്, സ്വര്‍ണം എന്നിവയുടെ വ്യാപാരം വഴി ദ്വീപുകള്‍ സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ കേപ് വെര്‍ദെ പ്രധാന വാണിജ്യ കേന്ദ്രമായി മാറി.
1975ല്‍ കേപ് വെര്‍ദെ സ്വതന്ത്രമായി. ടൂറിസത്തിലും വിദേശ നിക്ഷേപത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ലോകകപ്പ് വേദിയില്‍
'ബ്ലൂ ഷാര്‍ക്സ്' (ട്യൂബറോസ് അസുയിസ്) എന്നറിയപ്പെടുന്ന അവരുടെ ദേശീയ ഫുട്ബോള്‍ ടീം 2026 ഫിഫ ലോകകപ്പിന്റെ നോക്കൗട്ടില്‍ എത്തി ചരിത്രം സൃഷ്ടിച്ചു. ടൂര്‍ണമെന്റിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായി അരങ്ങേറ്റ സീസണില്‍ ആരാധകരുടെ ഹൃദയം കവര്‍ന്നു.
അരങ്ങേറ്റ മത്സരത്തില്‍ കരുത്തരായ സ്പെയിനെ (0-0) ഞെട്ടിച്ചു. രണ്ടാം മത്സരത്തില്‍ ഉറൂഗ്വെയുമായി (2-2) സമനില. മൂന്നാം മത്സരത്തില്‍ സൗദിയെ (0-0) തളച്ച് നോക്കൗട്ടില്‍.
1978 ഏപ്രില്‍ 19ന് ഗിനിയയ്ക്കെതിരേ ദേശീയ ടീം ആദ്യ രാജ്യാന്തര മത്സരം കളിച്ചു. 1-0ന് പരാജയപ്പെട്ടു. 1992ല്‍ ആദ്യമായി ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് യോഗ്യത നേടി. 2003ല്‍ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മത്സരിച്ചെങ്കിലും സ്ഥാനമുറപ്പിക്കാനായില്ല.