ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രവർത്തന ശൈലിക്കെതിരെ കടുത്ത വിമർശനവുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകളും കോൺഗ്രസ് മുൻ നേതാവുമായ ശർമിഷ്ഠ മുഖർജി. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ മുഖമായി മാറിയ 2014 മുതൽ പാർട്ടി തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളാണ് ഏറ്റുവാങ്ങുന്നതെന്നും, രാഷ്ട്രീയം എന്നത് ഇടവേളകളെടുത്ത് ചെയ്യേണ്ട ഒന്നല്ലെന്നും അവർ തുറന്നടിച്ചു. വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് ശർമിഷ്ഠയുടെ ഈ പരാമർശങ്ങൾ.
രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര മികച്ച ഫലം നൽകിയെന്നും പാർട്ടിക്ക് 99 സീറ്റുകൾ നേടിക്കൊടുത്തെന്നും സമ്മതിച്ച ശർമിഷ്ഠ, എന്നാൽ നിർഭാഗ്യവശാൽ ചില പരിപാടികൾക്ക് ശേഷം രാഹുൽ പെട്ടെന്ന് അപ്രത്യക്ഷനാകുന്ന പ്രവണതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷിക വേളയിൽ പോലും അദ്ദേഹം എവിടെയായിരുന്നുവെന്ന് അവർ ചോദ്യമുയർത്തി.
"രാഷ്ട്രീയം എന്നത് ദിവസത്തിൽ 24 മണിക്കൂറും വർഷത്തിൽ 365 ദിവസവുമുള്ള ഒരു മുഴുവൻസമയ ജോലിയാണ്. നിങ്ങൾ വരുന്നു, രണ്ടു ദിവസത്തിന് ശേഷം പോകുന്നു, കുറച്ചു റാലികൾ നടത്തുന്നു, ആളുകളെ കാണുന്നു, പിന്നെയും പോകുന്നു; എന്നെ സംബന്ധിച്ച് രാഷ്ട്രീയം ഇങ്ങനെയല്ല."ശർമിഷ്ഠ മുഖർജി വ്യക്തമാക്കി.
കേവലം സഖ്യങ്ങൾ ഉണ്ടാക്കി മാത്രം തെരഞ്ഞെടുപ്പുകളിൽ വിജയിക്കാനാകില്ലെന്നും കോൺഗ്രസ് സ്വന്തം സംഘടനയെ താഴേത്തട്ടിൽ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അവർ ഓർമിപ്പിച്ചു. താൻ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന സമയത്ത് പോലും നേതാക്കൾക്ക് സ്വന്തം കരുത്തിൽ ജയിക്കാനുള്ള ആവേശം കുറവായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിക്കുന്ന ജനവിധി അദ്ദേഹത്തിന്റെ ജനപ്രീതിയുടെ തെളിവാണ്. എന്നാൽ രാഹുൽ ഗാന്ധിക്ക് തന്റെ ജനപ്രീതിയെ കോൺഗ്രസിന് അനുകൂലമായ ജനവിധിയാക്കി മാറ്റാൻ കഴിയുന്നില്ലെന്നും, ഇത് രാഹുലിന്റെ പരാജയമാണെന്നും ശർമിഷ്ഠ മുഖർജി കൂട്ടിച്ചേർത്തു.