കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതി ഡോ. എം.കെ. റാം മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
നിതിൻ രാജിന്റെ മരണശേഷം കഴിഞ്ഞ 17 ദിവസമായി ഡോ. എം.കെ. റാം ഒളിവിലാണ്. ഇയാൾക്കായി ആന്ധ്രപ്രദേശ്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ 16-ഓളം കേന്ദ്രങ്ങളിൽ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയായ സംഗീത നമ്പ്യാർക്ക് നേരത്തെ തലശ്ശേരി കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇവർ അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ എസിപി ആർ. ഹരിപ്രസാദിന് മുൻപാകെ ഹാജരായി മൊഴി നൽകിയിട്ടുണ്ട്.
കേസന്വേഷണത്തിൽ പോലീസ് ഒത്തുകളിക്കുകയാണെന്നും പ്രതിയെ പിടികൂടാൻ വൈകുകയാണെന്നും ആരോപിച്ച് നിതിൻ രാജിന്റെ കുടുംബം രംഗത്തുണ്ട്. നീതി ലഭിക്കാനായി മുഖ്യമന്ത്രിയെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. കോളേജിലെ മാനസിക പീഡനത്തെത്തുടർന്നാണ് നിതിൻ രാജ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.