തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ (23) സംസ്കാരം ജന്മനാടായ തിരുവനന്തപുരം ഉഴമലയ്ക്കലിൽ നടന്നു. പഠിച്ചു മിടുക്കനായി ഡോക്ടറായി മടങ്ങിവരുമെന്ന് കരുതിയ മകൻ ചേതനയറ്റ ശരീരമായി എത്തിയപ്പോൾ ഉറ്റവർക്കും നാടിനും അത് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. വീടുവയ്ക്കണമെന്ന് നിതിൻ ആഗ്രഹിച്ചിരുന്ന പുരയിടത്തിൽ തന്നെ അവന് അന്ത്യവിശ്രമം ഒരുക്കി.
നിതിൻ നേരിട്ടത് കടുത്ത ജാതീയ അധിക്ഷേപമാണെന്ന് കുടുംബം ആവർത്തിച്ചു ആരോപിക്കുന്നു.
അനാട്ടമി വിഭാഗം മേധാവി ഡോ. റാം നിതിനെ 'പുഴുത്ത പട്ടി' എന്നും 'സ്ലം ഡോഗ്' എന്നും വിളിച്ച് പരസ്യമായി അധിക്ഷേപിച്ചിരുന്നതായി സഹോദരി നികിത പറഞ്ഞു. നിറത്തിന്റെയും ജാതിയുടെയും പേരിൽ അധ്യാപകർ അവനെ ഒറ്റപ്പെടുത്തിയിരുന്നു. എല്ലാ സങ്കടങ്ങളും മൂത്ത സഹോദരിമാരോട് പങ്കുവെച്ചിരുന്ന നിതിൻ, അച്ഛനും അമ്മയും ഇതൊന്നും അറിയരുതെന്ന് നിർബന്ധം പിടിച്ചിരുന്നു.
പ്രതിസന്ധികളോട് പോരാടി നിന്ന നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ഉറപ്പിച്ചു പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ മരണം നടന്ന ശേഷം കോളേജിലെത്തിയ ബന്ധുക്കളോട് വിവരങ്ങൾ കൈമാറാൻ അധികൃതർ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിന് താഴെ വീണ നിലയിൽ നിതിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും സ്വപ്നങ്ങളുമാണ് ഉഴമലയ്ക്കലിലെ ആ മണ്ണിൽ ഇന്ന് എരിഞ്ഞടങ്ങിയത്.
Tags : NitinRaj Latest News