Kerala
ഉപ്പുതറ: മൂന്നു കോടി രൂപ ചെലവഴിച്ചു നിർമിച്ച വാഗമണ്ണിലെ ചില്ലുപാലം അടച്ചിട്ടിട്ട് മൂന്നു മാസം. അറ്റകുറ്റപ്പണികൾക്കായാണ് പാലം അടച്ചത്. എന്നാൽ, മധ്യവേനൽ അവധി ആരംഭിച്ചിട്ടും പാലം തുറക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. കുട്ടികളുമായി കുടുംബങ്ങൾ ഏറ്റവും കൂടുതൽ ഏത്തുന്ന സീസൺ കൂടിയാണിത്.
കഴിഞ്ഞ ഡിസംബറിലാണ് പാലത്തിന്റെ സുരക്ഷാപരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി താത്കാലികമായി അടച്ചത്. ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക ഗ്ലാസ് ഉപയോഗിച്ചാണ് മൂന്ന് കോടി രൂപ ചെലവിൽ പാലം നിർമിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ പണികൾ പൂർത്തിയാക്കി പാലം തുറക്കുമെന്നായിരുന്നു പ്രാഥമിക അറിയിപ്പ്. എന്നാൽ, പണികൾ അനിശ്ചിതമായി നീളുകയാണ്.
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജുകളിൽ ഒന്നാണ് വാഗമണ്ണിലേത്. ദൂരപ്രദേശങ്ങളിൽനിന്നുപോലും വാഗമൺ അഡ്വഞ്ചർ പാർക്കിലെ പ്രധാന ആകർഷണമായ ഈ ചില്ലുപാലം കാണാൻ ആളുകളെത്തുന്നുണ്ട്.
ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് കോലാഹലമേട്ടിൽ ഈ വിസ്മയമൊരുക്കിയത്. അഡ്വഞ്ചർ പാർക്കിൽ വൻ തിരക്ക് അനുഭവപ്പെടുമ്പോഴും ഗ്ലാസ് ബ്രിഡ്ജ് അടഞ്ഞു കിടക്കുന്നതു ടൂറിസം വരുമാനത്തെയും ബാധിക്കുന്നുണ്ട്.
Kerala
കോട്ടയം: മിക്ക തെരഞ്ഞെടുപ്പുകളും വേനല്‍ക്കാലത്താണ്. ഇത്തവണ മലയോരം കരിഞ്ഞുണങ്ങിയ സമയത്താണു നിയമസഭ തെരഞ്ഞെടുപ്പ്. വിനോദ സഞ്ചാരകേന്ദ്രമായ വാഗമണിലേക്കുള്ള പ്രധാന പാതയിലെ ചെറു കുന്നുകളും മൊട്ടക്കുന്നുകളും വഴിയോരങ്ങളിലെ മരങ്ങളുമെല്ലാം വേനലില്‍ കരിഞ്ഞുണങ്ങിയിരിക്കുകയാണ്. ഇന്ത്യയിലെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന വാഗമണിലേക്കുള്ള യാത്രയില്‍ പച്ചപ്പ് നിറഞ്ഞ കുന്നിന്ചെരുവുകളെല്ലാം കരിഞ്ഞുണങ്ങി, മരങ്ങള്‍ ഇലപൊഴിഞ്ഞു നില്ക്കുന്നു.
പുലര്‍കാലത്തും വൈകുന്നേരങ്ങളിലും മാത്രം ചെറിയ തണുപ്പും മഞ്ഞുമുണ്ട്. പകല്‍ സമയത്തെ നല്ല പൊള്ളുന്ന വെയിലാണ്. വേനല്ക്കാലമല്ലാത്ത സമയത്ത് പകല്‍ സമയം കനത്ത വെയിലുണ്ടെങ്കിലും ചൂട് അറിയില്ലായിരുന്നു. ഇപ്പോള്‍ ചൂട് നല്ലതു പോലെ അറിയാം. വേനലില്‍ മലോയരം കരിഞ്ഞെങ്കിലും തെരഞ്ഞെടുപ്പും പ്രചാരണവും മലയോരത്ത് ഒരു മഴ പെയ്ത പോലെ ആവേശം സൃഷ്ടിച്ചിട്ടിട്ടുണ്ട്.
തീക്കോയി പഞ്ചായത്താണ് കോട്ടയം ജില്ലയുടെ അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്ത്. കര്‍ഷകരും കൃഷിക്കാരും സാധാരണ ജനങ്ങളുമാണ് ഏറെയും അധിവസിക്കുന്ന ഇവിടെ വന്യജീവി അക്രമണം, കാര്‍ഷിക മേഖലയിലെ തകര്‍ച്ച, പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥ വ്യതിയാനം മുലമുണ്ടാകുന്ന പ്രശ്നങ്ങള്‍, ടൂറിസം വികസനം, റോഡ് വികസനം, കുടിവെള്ള, പട്ടയ പ്രശ്നങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് ഇവിടുത്തെ വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥികളോട് പറയാനുള്ളത്.
യുഡിഎഫ് സ്ഥാനാര്‍ഥിയായി എം.ജെ. സെബാസ്റ്റിയന് (സജി)യും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിംഗ് എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലും എന്‍ഡിഎ സ്ഥാനാര്‍ഥിയായി മുന്‍ എംഎല്‍എ പി.സി. ജോര്‍ജുമാണ് പൂഞ്ഞാറില്‍ മത്സരിക്കുന്നത്. മൂന്നു സ്ഥാനാര്‍ഥികളും കളം നിറഞ്ഞതോടെ മലയോരം ശരിക്കും തെരഞ്ഞെടുപ്പു ചൂടിന്റെ ആവേശത്തിലാണ്.
ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് വെളളികുളം കുരിശുപള്ളി. ലേലം സിനിമയില്‍ സുരേഷ്ഗോപി ലോറിയുമായെത്തി മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിക്കുന്ന സീന്‍ ഇവിടെയാണ് ഷൂട്ട് ചെയ്തത്. പാപ്പന്, റണ്‍വേ സിനിമയിലെ ഏതാനും രംഗങ്ങളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്്. ഇതുവഴി പോകുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ ഇവിടെയെത്തി നേര്‍ച്ചയിടുകയും പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ട്. പള്ളിയിലെ കുളത്തിലെ ഞ്ചിയാത്രയും മീന്‍വളര്‍ത്തലും കാണാന്‍ ധാരാളം പേരാണ് എത്തുന്നതെന്ന് വെളളികുളം സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. സ്കറിയ വേകത്താനം പറഞ്ഞു.
ടൂറിസത്തിനു വലിയ പ്രാധാന്യമുള്ള വാഗമണില്‍ തദ്ദേശവാസികളെ ഉള്‍പ്പെടുത്തിയുള്ള ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിക്കണമെന്നും കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കാൻ സഹായിക്കാന്‍ ജനപ്രതിനിധികള്‍ മുന്നോട്ടു വരണമെന്നും ഫാ. സ്കറിയ വേകത്താനം പറഞ്ഞു. ഈരാറ്റുപേട്ട-പീരുമേട് ഹൈവേയുടെ ഭാഗമായിട്ടുള്ള വാഗമണ്‍ റോഡ് ബിഎംആന്ഡി ബിസി നിലവാരത്തില്‍ ടാര്‍ ചെയ്തു എന്നതല്ലാതെ വീതി കൂട്ടിയുള്ള റോഡ് വികസനം നടന്നിട്ടില്ലെന്ന് തീക്കോയി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ കെ.സി. ജയിംസ് പറഞ്ഞു.
പ്രകൃതി ദുരന്തങ്ങള്‍ നേരിടാനുള്ള യാതൊരു മുന്നൊരുക്കങ്ങളും സംവിധാനങ്ങളും ഇവിടെയില്ല. കാര്‍ഷിക വിളകളുടെ വില തകര്‍ച്ച കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ധാരാളം ക്ഷീരകര്‍ഷകരും ഇവിടെയുണ്ട്. ഇവരും പ്രതിസന്ധിയിലാണ്. കാരികാട് ടോപ്പില്‍ ടൂറിസത്തിന്റെ ഭാഗമായി സ്ഥാപിച്ച പവലിയന് ഇതുവരെ തുറന്നു നില്‍കിയിട്ടില്ലെന്നും കെ.സി.ജയിംസ് പറഞ്ഞു.
വന്യജീവി അക്രമണം തടയാന്‍ പുതിയ ജനപ്രതിനിധികള്‍ മുന്നോട്ടു വരണമെന്നാണ് കര്‍ഷകരായ വെള്ളികുളം മാന്നാട്ട് ജോര്‍ജ് അഗസ്റ്റിയനും കൊച്ചുപുരയ്ക്കല്‍ സണ്ണി സെബാസ്റ്റ്യനും പറയുന്നത്. കാട്ടുപന്നിയുടെ ശല്യം മൂലം ഇവിടുത്തെ കര്‍ഷകര്‍ പൊറുതി മുട്ടിയിരിക്കുകയാണെന്നും ഇരുവരും പറഞ്ഞു.
ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ വഴിക്കടവ് ചെക്ക് പോസ്റ്റാണ് കോട്ടയം ജില്ലയുടെ അതിര്‍ത്തി. പിന്നെ പീരുമേട് മണ്ഡലത്തിന്റെ ഭാഗമായ വാഗമണാണ്. ഇവിടെയുള്ള തമിഴ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തമിഴില്‍ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്. നോമ്പുകാലത്ത് വാഗമണ്‍ കുരിശുമല കയറുവാനും ധാരാളം ആളുകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നത്.
Kerala
കൊച്ചി: അങ്കമാലിയില്‍ ജാസ്ലിയ ജോണ്‍സന്റെ മരണത്തിന് ഇടയാക്കിയ വാഹനമോടിച്ച പ്രതി ഡോ. സിറിയക് പി. ജോണ്‍ പിടിയില്‍. വാഗമണ്ണില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയെ ഉടൻ അങ്കമാലി പോലീസിനു കൈമാറും.
സിറിയകിന്റെ പിതാവ് ജോര്‍ജ് മാത്യുവിനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ മകനെ ഒളിപ്പിച്ച കുറ്റത്തിനാണ് അങ്കമാലി പോലീസ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.
കേസിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും സിറിയക് ഒളിവിലായിരുന്നു. അപകടം നടന്ന ആറു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് സാധിച്ചിരുന്നില്ല. ഇതിനിടെ കോട്ടയം സെഷന്‍സ് കോടതിയില്‍ പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്‍സ് കോളജിന് സമീപത്തുവെച്ച് ജാസ്ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.