പ്രവർത്തനം നിലച്ച വാഗമൺ ചില്ലുപാലം.
ഉപ്പുതറ: മൂന്നു കോടി രൂപ ചെലവഴിച്ചു നിർമിച്ച വാഗമണ്ണിലെ ചില്ലുപാലം അടച്ചിട്ടിട്ട് മൂന്നു മാസം. അറ്റകുറ്റപ്പണികൾക്കായാണ് പാലം അടച്ചത്. എന്നാൽ, മധ്യവേനൽ അവധി ആരംഭിച്ചിട്ടും പാലം തുറക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. കുട്ടികളുമായി കുടുംബങ്ങൾ ഏറ്റവും കൂടുതൽ ഏത്തുന്ന സീസൺ കൂടിയാണിത്.
കഴിഞ്ഞ ഡിസംബറിലാണ് പാലത്തിന്റെ സുരക്ഷാപരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി താത്കാലികമായി അടച്ചത്. ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക ഗ്ലാസ് ഉപയോഗിച്ചാണ് മൂന്ന് കോടി രൂപ ചെലവിൽ പാലം നിർമിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ പണികൾ പൂർത്തിയാക്കി പാലം തുറക്കുമെന്നായിരുന്നു പ്രാഥമിക അറിയിപ്പ്. എന്നാൽ, പണികൾ അനിശ്ചിതമായി നീളുകയാണ്.
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജുകളിൽ ഒന്നാണ് വാഗമണ്ണിലേത്. ദൂരപ്രദേശങ്ങളിൽനിന്നുപോലും വാഗമൺ അഡ്വഞ്ചർ പാർക്കിലെ പ്രധാന ആകർഷണമായ ഈ ചില്ലുപാലം കാണാൻ ആളുകളെത്തുന്നുണ്ട്.
ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് കോലാഹലമേട്ടിൽ ഈ വിസ്മയമൊരുക്കിയത്. അഡ്വഞ്ചർ പാർക്കിൽ വൻ തിരക്ക് അനുഭവപ്പെടുമ്പോഴും ഗ്ലാസ് ബ്രിഡ്ജ് അടഞ്ഞു കിടക്കുന്നതു ടൂറിസം വരുമാനത്തെയും ബാധിക്കുന്നുണ്ട്.
Tags : Vagamon Glass Bridge Vagamon Glass Bridge Tourism season protest