ഉപ്പുതറ: വാഗമണ്ണിലെ വിനോദസഞ്ചാര മേഖലയെ പ്രതിസന്ധിയിലാക്കി ചില്ലുപാലം നാലു മാസത്തിലേറെയായി അടഞ്ഞുകിടക്കുന്നു. അവധിക്കാലത്തെ തിരക്ക് പരിഗണിക്കാതെ നീളുന്ന ഈ അനിശ്ചിതത്വം സഞ്ചാരികളെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ചില്ലുപാലത്തിന്റെ നിർമാണത്തിൽ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് എൻഐടി നടത്തിയ പരിശോധനയിൽ കണ്ടെത്തി. തുടർന്ന് സുരക്ഷ മുൻനിർത്തി പാലം പുതുക്കിപ്പണിയാൻ സർക്കാർ നിർദേശിക്കുകയായിരുന്നു.
എന്നാൽ ആദ്യ കരാറുകാരൻ നിർമാണച്ചുമതല മറ്റൊരാൾക്ക് കൈമാറുകയും തുടർന്ന് അവരുടെയിടയിൽ ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങൾ പ്രവൃത്തികൾ വൈകാൻ കാരണമായെന്നും കരാറുകാരന്റെ സ്ഥാപിത താത്പര്യങ്ങളാണ് ഇതിനു പിന്നിലെന്നും യൂണിയനുകൾ ആരോപിക്കുന്നു.
ചില്ലുപാലം തുറക്കാത്തതിനാൽ സഞ്ചാരികൾ കൂട്ടത്തോടെ ബുക്കിംഗുകൾ റദ്ദാക്കുകയാണ്. ചില്ലുപാലം തുറക്കാൻ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ വിനോദസഞ്ചാര മേഖലയെ തകർക്കുന്ന നടപടിക്കെതിരേ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് വിവിധ യൂണിയനുകൾ അറിയിച്ചു.
Tags : nattu vishesham Vagamon Chillupalam