വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ
ന്യൂഡൽഹി: വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർഥികൾ നടത്തുന്ന സമരത്തിൽ സംഘർഷം. സമരപ്പന്തൽ സുരക്ഷാ ജീവനക്കാർ പൊളിച്ചുനീക്കിയതിനെ തുടർന്നാണ് സംഘർഷം.
ക്യാമ്പസിനുള്ളിൽവച്ച് വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കഴിഞ്ഞ 16-ാം തീയതി മുതലാണ് സർവകലാശാലാ ക്യാമ്പസിനുള്ളിൽ വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
2006-ൽ നിർത്തിവച്ച വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കുക, പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികളെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ നിരാഹാരസമരം ആരംഭിച്ചത്. നേരത്തേയും പന്തൽ പൊളിച്ചുമാറ്റാൻ സുരക്ഷാ ജീവനക്കാർ നീക്കം നടത്തിയിരുന്നു.
യാതൊരുവിധ മുന്നറിയിപ്പും നൽകാതെയാണ് സുരക്ഷാ ജീവനക്കാർ പന്തൽ പൊളിച്ചുനീക്കിയതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.
Tags : Jamia Millia Students Guards Protest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash