ഊട്ടിയിലെ കനത്തമഴയിലും മണ്ണിടിച്ചിലിലും മണ്ണും പാറയും വീണ ബസ്
ഊട്ടി: തമിഴ്നാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടിയിലും കൊടൈക്കനാലിലും കനത്ത മഴയെ തുടരുന്നു. നീലഗിരി ജില്ലയിലും മേട്ടുപ്പാളയത്തും രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ മേട്ടുപ്പാളയം-ഊട്ടി ദേശീയപാതയിലും മേട്ടുപ്പാളയം-കോത്തഗിരി സംസ്ഥാനപാതയിലും വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. സുരക്ഷ മുൻനിർത്തി നീലഗിരിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള വാഹന ഗതാഗതവും വിനോദസഞ്ചാരവും അധികൃതർ താത്ക്കാലികമായി വിലക്കി.
ബർലിയാറിന് സമീപം അർധരാത്രി ബസിനു മുകളിലേക്ക് മണ്ണും പാറയും പതിച്ചു. കൂനൂർ റോഡിൽ 14 ഇടങ്ങളിലും കോത്തഗിരി റോഡിൽ മൂന്ന് സ്ഥലങ്ങളിലും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലാ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന് ഊട്ടിയിലെത്തിയ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ രാത്രി മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിയെങ്കിലും പുലർച്ചയോടെ സുരക്ഷിതരായി മേട്ടുപ്പാളയത്തു നിന്നും പുറപ്പെട്ടു.
ബർലിയാറിനും കൂനൂരിനും ഇടയിലുള്ള കാനന പാതയിൽ നിരവധി വാഹനങ്ങൾ മുന്നോട്ടും പിന്നോട്ടും പോകാനാവാതെ പിടിച്ചിട്ടിരിക്കുകയാണ്. കോയമ്പത്തൂർ മേഖലാ ഐജി രമ്യ ഭാരതിയുടെ നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടങ്ങളും പൊലിസ് അടച്ചു. ഊട്ടിയിലേക്കുള്ള സർക്കാർ ബസുകൾ ഉൾപ്പെടെയുള്ളവ മേട്ടുപ്പാളയം ബസ് സ്റ്റാൻഡിൽ യാത്ര അവസാനിപ്പിച്ചു. മഴ തുടരാൻ സാധ്യതയുള്ളതിനാൽ നീലഗിരിയിലേക്കുള്ള യാത്ര പൂർണമായി ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
ഊട്ടിക്ക് പുറമെ കൊടൈക്കനാലിലും കനത്ത മഴ തുടരുകയാണ്. കൊടൈക്കനാൽ സെമ്പകനൂർ മേഖലയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ രണ്ട് വൈദ്യുതി തൂണുകൾ തകർന്നു വീണു. റോഡുകളിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടതോടെ ഈ ഭാഗത്തെ ഗതാഗതം തടസപ്പെട്ടു. ദുരന്ത സാധ്യത മുൻനിർത്തി കൊടൈക്കനാലിലേക്കുള്ള വാഹന ഗതാഗതവും വിനോദസഞ്ചാരവും സർക്കാർ നിരോധിച്ചിട്ടുണ്ട്.
Tags : Weather Updates HeavyRain Landslide