കണ്ണൂർ: കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഓഫിസിനു കല്ലെറിഞ്ഞ സംഭവത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനെതിരേ കേസ്. കെ.വി. ധനേഷിനെതിരേയാണ് കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തത്. ബുധനാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. കല്ലേറിൽ ഓഫിസിന്റെ ജനൽചില്ലുകൾ തകർന്നിരുന്നു.
അസോസിയേഷൻ സെക്രട്ടറി കെ.വി. അശോക്കുമാർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലിസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണു ധനേഷിനെതിരേ കേസെടുത്തത്. സിഡിഎഫ്എ ഓഫിസിനു തൊട്ടു മുന്നിലുള്ള മിൽമ ബൂത്തിനു സമീപത്തുനിന്ന് കല്ലെറിയുന്ന ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിരുന്നു.
കഴിഞ്ഞ മേയിൽ നടന്ന ജില്ല സൂപ്പർ ഡിവിഷൻ ലീഗ് മത്സരത്തിനിടെ അസോസിയേഷനെയും സെക്രട്ടറിയെയും അസഭ്യം പറഞ്ഞതിന്റെ പേരിൽ കണ്ണൂർ യുണൈറ്റഡ് ക്ലബിന്റെ ഭാരവാഹികൂടിയായ ധനേഷിനെ ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റെ വിരോധമാകാം ആക്രമണത്തിനു കാരണമെന്നു പറയുന്നു. കൂടാതെ യുണൈറ്റഡ് ക്ലബിന്റെ ഒരു കളിക്കാരന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയാതിരുന്നത് കാരണം ജില്ലാ ടീമിൽ ഇടം കിട്ടിയിരുന്നില്ല. ഇന്റർസ്റ്റേറ്റ് ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കാത്തത് സംബന്ധിച്ച് കളിക്കാരൻ ക്ലബ് അധികൃതരെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നിൽ സിഡിഎഫ്എ അധികൃതരാണെന്ന സംശയവും പെട്ടെന്നുള്ള പ്രകോപനത്തിനു കാരണമായി പറയുന്നു.
Tags : Office Stoned Case Football Captain Indian Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash