പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ട്രാൻസ്പോർട്ട് കരാറുകാരനായ ബിനുവിനെയാണ് വിജിലൻസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 11,040 കിലോഗ്രാം നെയ്യ് തട്ടിയെടുത്ത് തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്ക് മറിച്ചുവിറ്റെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
2015ൽ പത്തനംതിട്ട മിൽമ ഡയറിയിൽനിന്ന് ശബരിമലയിലേക്ക് നെയ്യ് എത്തിക്കുന്നതിനുള്ള ട്രാൻസ്പോർട്ട് കരാർ ബിനുവിനായിരുന്നു. ശബരിമലയിലേക്ക് എത്തിക്കാനായി മിൽമയിൽനിന്ന് നെയ്യ് കൈപ്പറ്റിയശേഷം വ്യാജരേഖകൾ ചമച്ച് തമിഴ്നാട്ടിലെ രണ്ട് സ്ഥാപനങ്ങൾക്ക് മറിച്ചുവിറ്റെന്നാണ് കേസ്.
നെയ്യ് മറിച്ചുവിൽപ്പന നടത്തിയതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ചെക്ക് പോസ്റ്റുകളിലടക്കം കൃത്രിമ രേഖകൾ ഹാജരാക്കിയാണ് നെയ്യ് കടത്തിയതെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. 20,000 യൂണിറ്റ് അരവണ നിർമിക്കുന്നതിനായി മിൽമയിൽനിന്ന് വാങ്ങിയ നെയ്യിൽ ഒരു ഭാഗം വഴിമധ്യേ വിൽക്കുകയും പകരം നിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിക്കുകയും ചെയ്തെന്നാണ് കേസ്.
കരാർ പ്രകാരമുള്ള മുഴുവൻ നെയ്യും ശബരിമലയിൽ എത്തിയില്ലെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ശബരിമല സ്പെഷ്യൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ പ്രാഥമിക അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസ് എസ്ഐടി ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്.
Tags : Sabarimala Ghee Irregularities Sabarimala Ghee Scam Ghee Irregularities Transport Contractor Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash