അക്ഷിത
വാഷിംഗ്ടൺ: യുഎസിലെ അൽബനിയിൽ തെലങ്കാന സ്വദേശി കുഴഞ്ഞുവിണു മരിച്ചു. വ്യവസായിയായ നള്ളമാല ആനന്ദിന്റെ മകള്‍ അക്ഷിതയാണ് (25) മരിച്ചത്. മാസ്റ്റർ ബിരുദം പൂർത്തിയാക്കി പുതിയ ജോലിയിൽ പ്രവേശിക്കാൻ തയാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഉപരിപഠനത്തിനായാണ് അക്ഷിത അമേരിക്കയിൽ എത്തിയത്. അത്താഴത്തിന് ശേഷം വീടിന് പുറത്ത് നടക്കാനിറങ്ങിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. അൽപനേരം കഴിഞ്ഞു പുറത്തിറങ്ങിയ സഹോദരൻ അക്ഷയ് ആണ് ബോധരഹിതയായി കിടക്കുന്ന അക്ഷിതയെ കണ്ടത്. അയൽവാസികളുടെ സഹായത്തോടെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.