സൗരവ് ദാസ്
ന്യൂഡൽഹി: സിജെപി വക്താവ് സൗരവ് ദാസിനോട് ഡൽഹിയിലെ നിലവിലെ താമസം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിർദേശം നൽകി. വാടകച്ചീട്ടോ മറ്റ് ഔദ്യോഗിക രേഖകളോ ഉടൻ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് അടുത്ത മാസം 17ന് വീണ്ടും പരിഗണിക്കും.
ആവശ്യപ്പെട്ട രേഖകൾ എത്രയും വേഗം അധികൃതർക്ക് സമർപ്പിക്കുമെന്ന് സൗരവ് ദാസ് വ്യക്തമാക്കി. ജാമ്യ, സമൻസ് നടപടികളുടെ ഭാഗമായി നേരത്തേ സമർപ്പിച്ച രേഖകളിൽ ഡൽഹിയിലെ നിലവിലെ മേൽവിലാസം തെളിയിക്കുന്ന വാടകച്ചീട്ടോ മറ്റ് ലീസ് രേഖകളോ പൂർണമല്ലെന്ന് മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് കൃത്യമായ താമസരേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്.
വോട്ടർപട്ടിക പരിഷ്കരണത്തിൽ ക്രമക്കേടുകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സൗരവ് ദാസ് ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധം ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഡൽഹി പൊലിസ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു.
ഇതിന്റെ ഭാഗമായി കഴിഞ്ഞ 10ന് സൗരവ് ദാസും മറ്റ് പ്രവർത്തകരും നല്ല രീതിയിൽ പെരുമാറുമെന്നും പൊതുസമാധാനം ലംഘിക്കില്ലെന്നും ഉറപ്പുനൽകുന്ന സമാധാന ബോണ്ടിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ13, 14 തീയതികളിൽ ബോണ്ട് വ്യവസ്ഥകൾ ലംഘിച്ച് നിരോധിത മേഖലയിലൂടെ കടന്ന് ജന്തർ മന്തറിൽ പ്രതിഷേധം നടത്തുകയും ദേശീയപതാക ഉയർത്തുകയും ചെയ്തെന്നാണ് പൊലിസിന്റെ ആരോപണം.
ഇതേത്തുടർന്ന് സൗരവ് ദാസിനെയും സഹപ്രവർത്തകരെയും ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്ത് തിഹാർ ജയിലിലടച്ചിരുന്നു. തുടർന്നുള്ള നിയമനടപടികളുടെ ഭാഗമായാണ് താമസരേഖകൾ സംബന്ധിച്ച വിഷയം മജിസ്ട്രേറ്റിന്റെ പരിഗണനയിലെത്തിയത്.
Tags : Saurav Das Delhi News Delhi Residence Proof Special Executive Magistrate Peace Bond Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash