വിക്രാന്ത് തോമർ
ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി വനിതാ കോൺസ്റ്റബിൾമാരിൽ നിന്ന് 24 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ഡൽഹി ബുരാരിയിൽ വിക്രാന്ത് തോമറെയാണ് (23) പൊലിസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി ഇരുപതോളം വനിതാ കോൺസ്റ്റബിൾമാരിൽ നിന്നായി ഇയാൾ ഏകദേശം 24 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ഡൽഹി പൊലിസ് വ്യക്തമാക്കുന്നത്.
വിലകൂടിയ കാറുകൾ, ആഡംബര റെസ്റ്റോറന്റുകൾ, കോഫി ഔട്ടിംഗുകൾ എന്നിവയുടെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് ബിസിനസുകാരനായി ഇയാൾ ചമഞ്ഞു. ആഡംബര കാറുകൾ വാടകയ്ക്ക് എടുത്താണ് ഇയാൾ വനിതാ കോൺസ്റ്റബിൾമാർക്കൊപ്പം യാത്ര ചെയ്തിരുന്നത്. ഇത്തരത്തിൽ യുവതികളുടെ വിശ്വാസം നേടിയെടുത്ത ശേഷം വിവിധ ആവശ്യങ്ങൾ പറഞ്ഞ് ഇവരിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു പതിവ്.
കരോൾ ബാഗ് പൊലിസ് സ്റ്റേഷനിലെ ഒരു വനിതാ കോൺസ്റ്റബിൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പേർ തട്ടിപ്പിനിരയായതായി കണ്ടെത്തിയത്. പ്രതിയുടെ ലീവ്-ഇൻ പങ്കാളിയും വനിതാ കോൺസ്റ്റബിളാണ്. പങ്കാളിയുടെ പരിചയക്കാരിലൂടെയാണ് ഇയാൾ മറ്റ് കോൺസ്റ്റബിൾമാരുടെ വിവരങ്ങൾ ശേഖരിച്ചതെന്നാണ് പൊലിസ് സംശയിക്കുന്നത്. തട്ടിയെടുത്ത പണം ബെറ്റിംഗ് ആപ്പ് വഴിയാണ് കൈമാറ്റം ചെയ്തതെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
മയാപുരി, ഹരി നഗർ, ഇന്ദർപുരി, ഈസ്റ്റ് ഡിസ്ട്രിക്റ്റ് സൈബർ പൊലിസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സമാനമായ തട്ടിപ്പുകേസുകളിൽ ഇയാൾക്കെതിരെ ഇതിനോടകം അഞ്ച് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വർഷം ജൂണിലാണ് ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയത്. കേസിൽ സെൻട്രൽ ഡിസ്ട്രിക്റ്റ് സൈബർ പൊലിസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Tags : Cheating Arrest WomanConstable Marriage