Kerala
കൂത്താട്ടുകുളം: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പെരുമ്പടവും സ്വദേശി അറസ്റ്റിൽ. ഇലഞ്ഞി പെരുമ്പടവും മലയിൽ അർജുനെ (24) ആണ് കൂത്താട്ടുകുളം പോലീസ് പിടികൂടിയത്. ഇടയാർ കുഴിപ്പിള്ളിയിൽ കെ.എ. സ്കറിയയാണ് പരാതി നൽകിയത്.
പരാതിക്കാരന്റെ മകന് സിംഗപ്പൂരിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി 6.5 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് പരാതി.
ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ തൃശൂരിൽ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടിയിലായത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി ഉപാധികളോടെ ജാമ്യത്തിൽ വിട്ടയച്ചു.
Kerala
കൊച്ചി: ഭിന്നശേഷി സംവരണ വിഷയത്തിൽ സ്കൂൾ മാനേജ്മെന്റുകളെയും അധ്യാപകരെയും സർക്കാർ വഞ്ചിക്കുകയാണെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ.
വിഷയത്തിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സഭാ അധ്യക്ഷർക്കും പൊതുവിദ്യാഭ്യാസ രംഗത്തെ അധ്യാപകർക്കും കൊടുത്തത് പാലിക്കപ്പെടാത്ത ഉറപ്പ് മാത്രമെന്നു കരുതേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
നിയമനാംഗീകാരം തടയപ്പെട്ട 16,000 ത്തോളം അധ്യാപകരുടെ നിയമനക്കുരുക്ക് അഴിക്കുന്നതിനു നടന്ന പ്രതിഷേധങ്ങളിലുയർത്തിയ ആവശ്യങ്ങൾ, മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസ വകുപ്പും തന്ത്രപൂർവം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.
എൻഎസ്എസിനു നൽകിയ സുപ്രീം കോടതി ഉത്തരവിൽ പറയുന്ന പ്രകാരം ഭിന്നശേഷി തസ്തികകൾ ഒഴിച്ചിട്ടിട്ടുള്ള, സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും ഏജൻസികൾക്കും നിയമനാംഗീകാരം നൽകാനുതകുന്ന സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയാണു വേണ്ടത്.
ഇതിനു പകരം, നീണ്ട കോടതി വ്യവഹാരങ്ങളിലേക്ക് ഈ പ്രശ്നത്തെ വീണ്ടും വലിച്ചിഴച്ചത് ഉദ്ദേശ്യശുദ്ധിയോടെ ആണെന്നു കരുതാനാവില്ല. നിലവിലുള്ള സാഹചര്യത്തിൽ ലളിതമായി പ്രശ്നം പരിഹരിക്കാമെന്നിരിക്കേ വിഷയത്തെ കൂടുതൽ സങ്കീർണമാക്കി, നിയമനത്തിനു കൂടുതൽ കാലതാമസം വരുത്താനുള്ള സർക്കാരിന്റെ തന്ത്രം, വിദ്യാഭ്യാസ, മനുഷ്യാവകാശ നീതി നടപ്പിലാക്കാനുള്ള ആത്മാർഥതയില്ലായ്മയായി കണക്കാക്കണം.
പൊതുവിദ്യാഭ്യാസ രംഗത്തെ ശ്വാസം മുട്ടിക്കുന്ന നിലപാട് തിരുത്താൻ സർക്കാർ തയാറാകണം. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ അധ്യാപകരും മറ്റു സമാന സ്വഭാവമുള്ള സർക്കാരിന്റെ നീതി നിഷേധത്തിൽ ബുദ്ധിമുട്ടുന്ന സംഘടനകളുമായി ഒരുമിച്ച് വീണ്ടും അതിശക്തമായ സമരമാർഗങ്ങളിലൂടെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
പൊതുവിദ്യാഭ്യാസ രംഗത്തെ ദുർബലപ്പെടുത്തുന്ന ഈ വിഷയത്തിൽ മുഖ്യമന്ത്രിയും വിദ്യഭ്യാസമന്ത്രിയും അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണം. ഇല്ലെങ്കിൽ അടുത്ത തലമുറയെ വാർത്തെടുക്കുന്ന അധ്യാപകർ നീതി നിഷേധത്തിനെതിരേ ശക്തമായി പ്രതികരിക്കും.
നീതി നടപ്പാക്കാൻ കഴിയാത്ത ഭരണാധികാരികളെ താഴെയിറക്കാൻ നീതി നിഷേധിക്കപ്പെട്ട അധ്യാപകർ കെൽപ്പുള്ളവരാണെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി, സെക്രട്ടറി ഫാ. ആന്റണി വി. അറയ്ക്കൽ എന്നിവർ വ്യക്തമാക്കി.
District News
നീലേശ്വരം: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നീലേശ്വരത്തെ വയോധികനായ ഡോക്ടറുടെ 1.10 കോടി രൂപ തട്ടിയെടുത്തതായി പരാതി. 80 കാരനായ ഡോക്ടറാണ് തട്ടിപ്പിനിരയായത്. ഇതു സംബന്ധിച്ച് ഡോക്ടർ നൽകിയ പരാതിയിൽ കാസർഗോഡ് സൈബർ പോലീസ് അന്വേഷണം തുടങ്ങി.
ഡിസംബർ നാലിനും 15 നും ഇടയിലുള്ള ദിവസങ്ങളിൽ മൂന്ന് തവണകളിലായാണ് പണം തട്ടിയെടുത്തതെന്നാണ് പരാതിയിൽ പറയുന്നത്. മൂന്നാം തവണയും അക്കൗണ്ടിൽ നിന്ന് പണം പോയതോടെയാണ് തട്ടിപ്പിനിരയായ കാര്യം മനസിലായതെന്നും ഡോക്ടറുടെ പരാതിയിൽ പറയുന്നു.
ഡിജിറ്റൽ അറസ്റ്റ് എന്ന സംവിധാനം തന്നെ ഇല്ലെന്നും സാധാരണക്കാരുടെ അജ്ഞത മുതലെടുത്ത് അന്താരാഷ്ട്ര തട്ടിപ്പുസംഘങ്ങൾ പണം തട്ടിയെടുക്കാനായി നടത്തുന്ന വ്യാജ പ്രചാരണമാണ് ഇതെന്നും സൈബർ പോലീസ് പറഞ്ഞു. ബന്ധപ്പെട്ട സംഘങ്ങൾക്ക് ജില്ലയിൽ എജന്റുമാരുള്ളതായും സംശയമുയർന്നിട്ടുണ്ട്. ഇവരാണ് ഇരകളെ തെരഞ്ഞെടുത്ത് അവരുടെ ഫോൺ നമ്പറുകൾ സംഘത്തിന് കൈമാറുന്നതെന്നാണ് സംശ
Kerala
കോട്ടയം: ബാങ്കിൽ അടയ്ക്കാൻ ഏൽപ്പിച്ച പണവുമായി മുങ്ങിയ ബാർ ഹോട്ടൽ മാനേജർ അറസ്റ്റിൽ. കുമരകം ഹെറിറ്റേജ് ബാർ ഹോട്ടലിന്റെ മാനേജരായിരുന്ന വർക്കല പണയറ സ്വദേശി വൈശാഖനെയാണ് പോലീസ് പിടികൂടിയത്.
ഈ മാസം 21നാണ് സംഭവം. ഹോട്ടലിൽ നിന്നും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ കോട്ടയം നാഗമ്പടം ബ്രാഞ്ചിൽ അടയ്ക്കുന്നതിനായി ഇയാളെ ഒൻപത് ലക്ഷം രൂപ ഏൽപ്പിച്ചിരുന്നു. ഈ പണവും ഹോട്ടലിലെ ദൈനദിന ചിലവിനായി സൂക്ഷിച്ച പതിനെണ്ണായിരം രൂപയുമായി ഇയാൾ കടന്ന് കളയുകയായിരുന്നു.
ഹോട്ടൽ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പോലീസ് ആണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
തിരുവനന്തപുരം: അമിതലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പിലൂടെ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി ഡോക്ടറില്‍നിന്ന് 3.42 കോടി തട്ടിയെടുത്ത പ്രതിയെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് പിടികൂടി. ബംഗളൂരു സ്വദേശി ധനുഷ് നാരായണസ്വാമിയാണ് പോലീസ് പിടിയിലായത്.
സാമൂഹ്യ മാധ്യമ കൂട്ടായ്മകളിലൂടെയും വ്യാജ ട്രേഡിംഗ് ആപ്പിലൂടെയും ആളുകളെ സ്വാധീനിച്ച് തട്ടിപ്പ് നടത്തിയിരുന്ന സംഘത്തിലെ കണ്ണിയാണ് പ്രതി. ഉള്ളൂർ സ്വദേശിയിൽ നിന്നും അപഹരിച്ച തുകയിലെ 1.20 കോടി രൂപ ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അന്വേഷണ സംഘം വീണ്ടെടുത്തു. തട്ടിയെടുത്ത പണം ക്രിപ്റ്റോ കറന്‍സി ആക്കിമാറ്റി വിദേശത്തേക്ക് കടത്തുന്നതാണ് സംഘത്തിന്റെ രീതി.
വഞ്ചിക്കപ്പെട്ടെന്ന് മനസിലായപ്പോള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തില്‍ പ്രതികള്‍ ഇരയുമായി വാട്സാപ്പ്, ടെലഗ്രാം മുതലായ സമൂഹമധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നെന്നും നിക്ഷേപം നടത്താൻ നിര്‍ബന്ധിച്ചിരുന്നതും വ്യക്തമായി. സെപ്റ്റംബര്‍ 29ന് ബംഗളുരുവിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ കേരളത്തില്‍ എത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Leader Page
ക്ലിക്കിളെ കെണി - 4
സൈബറിടത്തില്‍ കിട്ടാത്തതായി ഒന്നുമില്ലെന്ന അവസ്ഥ വന്നതോടെ നിസാരമെന്നു കരുതുന്ന ഡേറ്റകള്ക്കുപോലും ആവശ്യക്കാരും, പറയുന്ന വിലയുമാണ്. എല്ലാവര്ക്കും വേണ്ടതു ഡേറ്റയാണ്. ഒരാളുടെ ഡേറ്റയ്ക്കു സൈബറിടത്തില്‍ 100 രൂപയേക്കാള്‍ വിലയുണ്ട്. ഈ ഡേറ്റകൊണ്ട് നല്ലതും ചീത്തയുമായ കാര്യങ്ങള്‍ ചെയ്യാം. 100 വച്ചാല്‍ 200 കിട്ടുമെന്നു കേള്‍ക്കുമ്പോഴും ലിങ്കില്‍ കയറിയാല്‍ കോടീശ്വരനാകാം എന്നു കേള്‍ക്കുമ്പോഴുമെല്ലാം എങ്ങാനും കിട്ടിയാലോ എന്നു ചിന്തിക്കുന്നവരാണ് ഏറെപ്പേരും. ആ ആര്‍ത്തിയെയാണ് സൈബര്‍ തട്ടിപ്പുസംഘം ചൂഷണം ചെയ്യുന്നത്.
ഈ തട്ടിപ്പുകള്‍ തിരുത്താൻ ആരും ശ്രമിക്കുന്നില്ല. അതിനെ പിന്തുണയ്ക്കുകയാണു ചെയ്യുന്നത്. ബോധവത്കരണത്തേക്കാളുപരി "ഗോ വിത്ത് ദ ട്രെന്‍ഡ്' ആണ് ഇവിടെ സംഭവിക്കുന്നത്. അതില്‍ മാറ്റം വരണമെങ്കില്‍ ഇതിന്റെയൊക്കെ അടിത്തറയില്നിന്നുതന്നെ തുടങ്ങണം. അല്ലെങ്കില്‍ വലിയ ദുരന്തംതന്നെയാണു മുന്നിലുള്ളത്.
മുന്‍കരുതലെടുക്കാം
മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ക്ക് വായിച്ചുനോക്കാതെ കൊടുക്കുന്ന പെര്‍മിഷനുകള്‍ക്ക് ഒരുപക്ഷേ വലിയ വില കൊടുക്കേണ്ടിവന്നേക്കാം. ഒരിക്കല്‍ പെര്മിഷന് കൊടുത്താല്‍ അപ്പോള്‍തന്നെ നിങ്ങളുടെ ഫോണിലേക്ക് ആപ്പിന്റെ നിര്‍മാതാക്കള്‍ക്കു പ്രവേശനം ലഭിക്കും. പിന്നീട് പെര്മിഷന് ഓഫ് ചെയ്താലും നേരത്തേ അവര്‍ കൊണ്ടുപോയ ഡേറ്റ പോയതുതന്നെ. അതിനാല്‍ ഇനി കൂടുതല്‍ വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ അനാവശ്യ പെര്‍മിഷനുകള്‍ ഒഴിവാക്കുക.
ലോണ്‍ ആപ്പുകളില്‍ നിങ്ങളെടുത്ത പണവും ന്യായമായ പലിശയും തിരിച്ചടച്ചിട്ടുണ്ട് എങ്കില്‍ അനാവശ്യ ഭീഷണികള്‍ക്ക് പോലീസില്‍ പരാതി നല്‍കുക. ഒരിക്കലും ഭീഷണിക്കു വഴങ്ങി അനാവശ്യ ഫീസ് അടയ്ക്കുകയോ ഭയത്തിന് അടിമപ്പെടുകയോ ചെയ്യേണ്ട കാര്യമില്ല. പരിചയക്കാരെ മാത്രം സാമൂഹികമാധ്യമ സുഹൃദ്വലയത്തില് ഉള്‍പ്പെടുത്തുക. സാമൂഹിക മാധ്യമങ്ങള്‍ വഴി സ്വകാര്യ വിവരങ്ങളായ ജനനത്തീയതി, വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയവ പങ്കുവയ്ക്കാതിരിക്കുക. ആവശ്യമില്ലാത്ത സോഫ്റ്റ്വേറുകള് ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക. ചില ആപ്പുകള്‍, മൊബൈല്‍ ഗെയിമുകള്‍ തുടങ്ങിയവ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയേക്കാം.
ഉപകരണങ്ങള്‍ സുരക്ഷിതമാക്കാം
മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയ്ക്കു ശക്തമായ പാസ്വേഡുകള് ഉറപ്പുവരുത്തുക. വലിയ അക്ഷരങ്ങള്‍, ചെറിയ അക്ഷരങ്ങള്‍, അക്കങ്ങള്‍, സ്പെഷല്‍ കാരക്ടറുകള്‍ എന്നിവ ഉള്‍പ്പെടുന്ന സങ്കീര്‍ണമായ പാസ്വേഡുകള് വേണം ഉപയോഗിക്കാന്‍. ജനനത്തീയതിയോ പേരോ പോലെ എളുപ്പത്തില്‍ ഊഹിക്കാവുന്ന വിവരങ്ങള്‍ ഉപയോഗിക്കുന്നതു പൂര്‍ണമായും ഒഴിവാക്കുക.
ഓരോ ഓണ്‍ലൈന്‍ അക്കൗണ്ടിനും വ്യത്യസ്ത പാസ്വേഡ് ഉപയോഗിക്കുന്നത് ഉചിതമാകും. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പിള്‍ സ്റ്റോര്‍ അംഗീകൃത പാസ്വേഡ് മാനേജര്‍ ആപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്.
ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന് (2എഫ്എ) പ്രവര്‍ത്തനക്ഷമമാക്കുക. പാസ്വേഡിനു പുറമേ, മൊബൈലിലേക്ക് അയയ്ക്കുന്ന ഒറ്റത്തവണ കോഡ് പോലുള്ള ഒരു ഓതന്റിക്കേഷന് ആവശ്യപ്പെടുന്നതിലൂടെ അധികസുരക്ഷ അക്കൗണ്ടുകള്‍ക്കു ലഭിക്കും.
ആവശ്യമില്ലാത്ത ഇ-മെയിലുകള്‍, പ്രത്യേകിച്ച് സെന്‍സിറ്റീവ് വിവരങ്ങള്‍ ചോദിച്ചുകൊണ്ടുള്ളതോ സംശയാസ്പദമായ ലിങ്കുകളോ അറ്റാച്ച്മെന്റുകള്‍ ഉള്ളവയോ സൂക്ഷിക്കുക. ഇ-മെയില്‍, ടെക്സ്റ്റ് സന്ദേശങ്ങള്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ വഴി വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ പങ്കിടുന്നത് പൂര്‍ണമായും ഒഴിവാക്കുക. ബാങ്ക് വിവരങ്ങള്‍ ഇടയ്ക്കിടെ പരിശോധിക്കുക. പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ അധികൃതരെ അറിയിക്കുക. നിങ്ങളുടെ ഡിവൈസുകള്‍ അപ്ഡേറ്റാക്കുക. ഏറ്റവും പുതിയ സെക്യൂരിറ്റി പാച്ചുകളും ആന്റിവൈറസ് സോഫ്റ്റ്വേറും ഉപയോഗിച്ച് നിങ്ങളുടെ കംപ്യൂട്ടറും സ്മാര്‍ട്ട്ഫോണും മറ്റ് ഉപകരണങ്ങളും അപ്ഡേറ്റഡാക്കുക.
സുരക്ഷിതമായ, അല്ലെങ്കില്‍ പരിചിതമായ വൈഫൈ നെറ്റ്വര്ക്കുകള് മാത്രം ഉപയോഗിക്കുക. ശരിയായി അന്വേഷിക്കാതെ പരിചയമില്ലാത്തവരുമായി ഓണ്‍ലൈനില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തരുത്. സ്വകാര്യ രേഖകള്‍ പങ്കുവയ്ക്കാതിരിക്കുക.
1930 ഈ നമ്പര്‍ ഓര്‍ത്തിരിക്കുക
സൈബര്‍ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ കേന്ദ്രസര്‍ക്കാരിന്റെ cybercrime. gov.inല്‍ പരാതിപ്പെടാം. സൈബര്‍ ക്രൈം ടോള്‍ ഫ്രീ നമ്പറായ 1930ലും പരാതി അറിയിക്കാം. തട്ടിപ്പിനിരയായാല്‍ എത്രയും പെട്ടെന്നു വിവരം കൈമാറുക. തട്ടിപ്പുകാരില്‍നിന്നു ലഭിച്ച വ്യാജരേഖകളുടെ സ്ക്രീന്‍ ഷോട്ട് പ്രിന്റെടുത്ത് പോലീസില്‍ പരാതി നല്‍കാനും മറക്കരുത്. താമസിക്കുംതോറും നിങ്ങളുടെ പണം മറ്റ് അക്കൗണ്ടുകളിലേക്കും ബിറ്റ്കോയിനിലേക്കും മാറ്റാനുള്ള സാധ്യത കൂടുതലാണ്. ഒരു മണിക്കൂറിനുള്ളില്‍ വിവരമറിയിച്ചാല്‍ പണം നഷ്ടപ്പെടുന്നത് ഏറെക്കുറെ തടയാനാകും.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ പരാതി നല്‍കേണ്ട വിധം
സൈബര്‍ തട്ടിപ്പിനിരയാകുന്നവര്‍ അവരുടെ താമസസ്ഥലത്തെ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കാണ് പരാതി നല്‍കേണ്ടത്. കൂടാതെ കേരള പോലീസിന്റെ പോര്‍ട്ടല്‍ ആയ തുണ (https://thuna.keralapolice. gov.in) എന്ന വെബ്സൈറ്റിലും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.സൈബര്‍ ക്രൈം പരാതികള്‍ www.cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു നേരിട്ടും സമര്‍പ്പിക്കാം.
നിയമസഹായമുണ്ട്
സൈബറിടത്തെ ചതിക്കുഴികളില്പ്പെടുന്നവര്ക്കു നിയമസഹായം വാഗ്ദാനം ചെയ്യുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സൈബര്‍ സുരക്ഷാ ഫൗണ്ടേഷന്. ഇരയാക്കപ്പെട്ടവര്‍ക്കു നിയമസഹായം നല്‍കുന്നതിന്റെ ആദ്യപടിയായി പോലീസ് പരാതി കൊടുപ്പിക്കും. ഇത്തരം കേസുകളില്‍ പരാതി സ്വീകരിച്ച് രസീത് നല്‍കുന്നില്ലെന്നതാണ് പോലീസിനെതിരേയുള്ള പ്രധാന ആരോപണം. അതിന് അറുതി വരുത്തിയശേഷം തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ മുഖേന നിയമ പരിരക്ഷ ഉറപ്പാക്കുകയാണു ലക്ഷ്യമെന്ന് സൈബര്‍ സുരക്ഷാ ഫൗണ്ടേഷന് സ്ഥാപകന്‍ അഡ്വ. ജിയാസ് ജമാല്‍ പറഞ്ഞു.
സൈബര്‍ തട്ടിപ്പിന്റെ രീതി ഒരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. ഇവയെപ്പറ്റി സ്വയം ബോധവാന്മാരാകുക എന്നതാണ് തട്ടിപ്പില്‍ വീഴാതിരിക്കാനുള്ള പ്രധാന മാര്‍ഗമെന്നും ജിയാസ് പറയുന്നു.
അഡ്വ. ജിയാസ് ജമാല്‍ (സൈബര്‍ സുരക്ഷാ ഫൗണ്ടേഷന് സ്ഥാപകന്‍)
(അവസാനിച്ചു)