പ്രതീകാത്മക ചിത്രം
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ പ്രതികളുടെ വിടുതൽ ഹർജി പരിഗണിക്കുന്നത് ഡിസംബർ അഞ്ചിലേക്ക് മാറ്റി. കേസിൽ വാദം നടത്തുന്നതിനായി പ്രതികൾ കൂടുതൽ സാവകാശം തേടിയതിനെ തുടർന്നാണ് കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതി ഹർജി മാറ്റിവെച്ചത്.
വിചാരണയ്ക്ക് മുന്നോടിയായി കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ കോടതിയെ സമീപിച്ചത്. കേസിൽ 64-ാം പ്രതിയായ സിപിഎമ്മിനു പുറമേ പാർട്ടി നേതാക്കളായ എ.സി. മൊയ്തീൻ, എം.എം. വർഗീസ്, തൃശൂർ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ തുടങ്ങിയ പ്രധാന പ്രതികളാണ് വിടുതൽ ഹർജി നൽകിയത്.
സാമ്പത്തിക തട്ടിപ്പിൽ തങ്ങൾക്ക് യാതൊരുവിധ പങ്കുമില്ലെന്നും വിചാരണ നേരിടാനുള്ള തെളിവുകൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) പക്കലില്ലെന്നുമാണ് പ്രതികളുടെ പ്രധാന വാദം. കൂടാതെ ഒരു രാഷ്ട്രീയ പാർട്ടിയെ കള്ളപ്പണ നിരോധന നിയമപ്രകാരം കേസിൽ പ്രതി ചേർക്കാൻ ആകില്ലെന്ന വാദവും ഇവർ ഉന്നയിക്കുന്നുണ്ട്.
അതേസമയം പ്രതികളുടെ ആവശ്യത്തെ ശക്തമായി എതിർത്തുകൊണ്ട് ഇഡി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.
Tags : KaruvannurCase Accused Hearing Court Petitions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash