പ്രതീകാത്മക ചിത്രം.
രത്നങ്ങൾ നിർമിച്ചതുപോലെ, ലാബിൽ കൃത്രിമമായി സ്വർണവും നിർമിക്കാനാകുമോ? ഭാവിയിൽ സ്വർണത്തിന്റെ വില കുത്തനെ ഇടിയുമോ? ആരും കൊതിക്കുന്ന മഞ്ഞലോഹം സാധാരണലോഹമായി മാറുമോ? നിരവധി ചോദ്യങ്ങൾ നിങ്ങളുടെ മനസിലുണ്ടാകാം. എന്നാൽ സത്യം മറ്റൊന്നാണ്, സ്വർണം ലാബിൽ നിർമിക്കാമത്രെ!
നൂറ്റാണ്ടുകളായുള്ള മനുഷ്യന്റെ 'രസവാദ' സങ്കൽങ്ങളെ അനുസ്മരിപ്പിക്കുന്ന കണ്ടുപിടിത്തവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസ് കന്പനി. ന്യൂക്ലിയർ ഫ്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് 'രസ'ത്തെ (Mercury) സ്വർണമാക്കി മാറ്റിയെന്നാണ് മാരത്തൺ ഫ്യൂഷൻ എന്ന കന്പനി അവകാശപ്പെടുന്നത്. അതേസമയം, സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ അവകാശവാദങ്ങൾ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഫ്യൂഷനിൽ പുറത്തുവരുന്ന ഉയർന്ന ഊർജമുള്ള ന്യൂട്രോണുകൾ ഉപയോഗിച്ചാണ് രസത്തെ സ്വർണമാക്കി മാറ്റിയതെന്നു കമ്പനി. ആറ്റത്തിന്റെ കേന്ദ്രഭാഗത്തു മാറ്റം വരുത്തി ഒരു മൂലകത്തെ മറ്റൊന്നായി മാറ്റുന്ന 'ന്യൂക്ലിയർ ട്രാൻസ്മ്യൂട്ടേഷൻ' സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചത്. മെർക്കുറി198-നെ ഉയർന്ന ഊർജമുള്ള ന്യൂട്രോണുകളുമായി സമ്പർക്കം നടത്തി മെർക്കുറി-197 ആക്കി മാറ്റുകയും, തുടർന്ന് അത് റേഡിയോ ആക്ടീവ് ശോഷണത്തിലൂടെ സ്വർണം-197 ആയി മാറുകയും ചെയ്യുന്നു.
2025-ൽ സേൺ (യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച്) സ്ഥാപിച്ച റെക്കോർഡിനേക്കാൾ പത്തുമടങ്ങു വേഗത്തിലാണ് തങ്ങളുടെ ഉൽപാദനനിരക്കെന്ന് മാരത്തൺ ഫ്യൂഷൻ അവകാശപ്പെടുന്നു. 2015-2018 കാലയളവിൽ കൊളൈഡറിൽ നടത്തിയ പരീക്ഷണങ്ങളുടെ ഭാഗമായി സേൺ ഗവേഷകർ സ്വർണം വേർതിരിച്ചിരുന്നു.
അതേസമയം, പുതുതായി നിർമിച്ച സ്വർണത്തിന്റെ അളവ്, ശുദ്ധി, സാന്പത്തികച്ചെലവ് തുടങ്ങിയ വിവരങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഭാവിയിൽ പ്രതിവർഷം ഏകദേശം രണ്ട് ടൺ സ്വർണം ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് അവകാശവാദം. എങ്കിലും, വാണിജ്യ അടിസ്ഥാനത്തിലുള്ള ഇത്തരം ഉൽപാദനം ഇതുവരെ പരീക്ഷിച്ചു വിജയിച്ചിട്ടില്ല.
Tags : gold International MarathonFusion GoldPrice CERN