തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ.
പത്തനംതിട്ട: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിൽ ആശങ്ക വേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വിളിച്ച യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നവംബർ 10നകം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കും.
മരാമത്ത് ജോലികളുടെ ഗുണനിലവാരം ഉൾപ്പെടെ പരിശോധിക്കും. എങ്ങനെയെങ്കിലും ജോലികൾ പൂർത്തിയാക്കിയാൽ മതിയെന്ന സമീപനം പാടില്ല. നിർമാണപ്രവർത്തനങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശബരിമലയിൽ അരവണയുടെയും അപ്പത്തിന്റെയും കരുതൽശേഖരം ഒരുക്കുന്നതിനുള്ള നിർമാണം ആരംഭിച്ചിട്ടുണ്ട്.
വെർച്വൽ ക്യൂ ബുക്കിങ്ങിന്റെ എണ്ണം സംബന്ധിച്ച് പൊലിസുമായി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. അതേസമയം പമ്പയിൽ തമിഴ്നാട്ടിൽനിന്ന് സൗജന്യമായി വിതരണം ചെയ്ത മുണ്ടുകൾ ഇരുമുടിക്കെട്ട് കേന്ദ്രത്തിലെത്തിയ സംഭവത്തിൽ തനിക്ക് എന്ത് ചെയ്യാനാകുമെന്ന് അദ്ദേഹം ചോദിച്ചു.
ദേവസ്വം ബോർഡിന്റെ കെട്ടുനിറ കേന്ദ്രത്തിലാണ് തമിഴ്നാട്ടിലെ റേഷൻ കടകൾ വഴി സൗജന്യമായി വിതരണം ചെയ്ത മുണ്ടുകൾ എത്തിയത്. സംഭവത്തിൽ അഴിമതിയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും തമിഴ്നാട്ടിൽനിന്നുള്ള തീർഥാടകർ ആവശ്യപ്പെട്ടു.
Tags : Sabarimala Pilgrimage Arrangements Sabarimala Pilgrimage K. Jayakumar Travancore Devaswom Board Sabarimala Preparations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash