Kerala
കൊച്ചി: സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാതെ പോയി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്. യാത്രക്കാരും നാട്ടുകാരും പ്രതിഷേധിച്ചതോടെ 40 കിലോമീറ്റര്‍ തിരിച്ചോടി യാത്രക്കാരെ കയറ്റി. പെരുമ്പാവൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഡിപ്പോ ജീവനക്കാരെ നാട്ടുകാര്‍ ഉപരോധിച്ചതോടെയാണ് ബസ് മടങ്ങിയെത്തിയത്.
തൃശൂര്‍-തിരുവനന്തപുരം റൂട്ടിലോടുന്ന ബസ് പുലര്‍ച്ചെ ഒന്നിന് പെരുമ്പാവൂരില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ബസ് പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ കയറാതെ എംസി റോഡ് വഴി ബസ് പോവുകയായിരുന്നു. ഏഴ് സ്ത്രീകള്‍ ഉള്‍പ്പെടെ പത്തു പേരാണ് ബസിനായി കാത്തു നിന്നത്.
ബസ് വരാതായതോടെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഡിപ്പോ ജീവനക്കാരെ ഉപരോധിച്ചു. ഇതോടെ മൂവാറ്റുപുഴയും കടന്നു പോയ ബസ് 40 കിലോമീറ്റര്‍ ദൂരെ നിന്നും പെരുമ്പാവൂരിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് പെരുമ്പാവൂരില്‍ നിന്നുള്ള യാത്രക്കാരെയും കയറ്റി ഏറെ വൈകിയാണ് ബസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.
Kerala
കൊച്ചി: തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിൽ ഡീൽ നടന്നിട്ടുണ്ടോ എന്ന് സംശയം ഉണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തിയതി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ ദുരൂഹതയുണ്ടെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു.
പാലക്കാട് മാത്രമല്ല മറ്റു ചില സീറ്റുകളിലും സിപിഎം-ബിജെപി ധാരണപായുണ്ട്. വരും ദിവസങ്ങളിൽ അത് കൂടുതൽ വ്യക്തമാകും. കോൺഗ്രസിലെ സ്ഥാനാർഥി നിർണയം വൈകിയിട്ടില്ല.
മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളെല്ലാം കെ.സി. വേണുഗോപാലിനെയും വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും മറ്റെല്ലാ നേതാക്കളുടെയും സ്ഥാനാർഥികളാണ്. മത്സരിക്കാൻ സീറ്റ് കിട്ടിയവർക്ക് അവസരം നൽകി. സീറ്റ് കിട്ടാത്തവരെ സർക്കാർ വരുമ്പോൾ കൃത്യമായി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Kerala
തിരുവനന്തപുരം: തർക്കം നിലനിൽക്കുന്ന സീറ്റുകളിൽ സ്ഥാനാർഥികളെ തീരുമാനിച്ച് കോൺഗ്രസ്. തർക്കം രൂക്ഷമായിരുന്ന കണ്ണൂരിൽ മുൻ മേയർ ടി.ഒ. മോഹനനും കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലും മത്സരിക്കുമെന്നാണ് വിവരം. രണ്ടാംഘട്ട പട്ടിക പത്തുമണിയോടെ പ്രഖ്യാപിക്കുന്പോൾ ചിത്രം കൂടുതൽ വ്യക്തമാകും.
നേമത്ത് ശബരീനാഥനും ആറന്മുളയിൽ അബിൻ വർക്കിയും സ്ഥാനാർഥിയാവും. വാമനപുരം- സുധീർ ഷാ പാലോട്, നെയ്യാറ്റിൻകര -എൻ. ശക്തൻ, റാന്നി -പഴകുളം മധു, ഇടുക്കി- റോയ് കെ. പൗലോസ്, ഏറ്റുമാനൂർ- നാട്ടകം സുരേഷ് എന്നിങ്ങനെയാണ് നിർദേശങ്ങൾ. അതേസമയം അഞ്ചു മണ്ഡലങ്ങളിൽ ഒറ്റപ്പേരിലെത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. പെരുമ്പാവൂരിലും ഉദുമയിലും പട്ടാമ്പിയിലും ചടയമംഗലത്തും തർക്കം തുടരുകയാണ്.
National
ചെന്നൈ: വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 28 സീറ്റിൽ മത്സരിക്കും. ഇത് സംബന്ധിച്ച് കോൺഗ്രസും ഡിഎംകെയും ധാരണയായി. ഇതോടൊപ്പം ഒരു രാജ്യസഭാ സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും.
35 നിയമസഭാ സീറ്റും രണ്ട് രാജ്യസഭാ സീറ്റുമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഡിഎംകെ തള്ളി. എന്നാൽ, 2021ലേക്കാള്‍ മൂന്ന് നിയമസഭാ സീറ്റ് ഇത്തവണ കോണ്‍ഗ്രസിന് കൂടുതലായി നൽകി. ഡിഎംകെ സഖ്യത്തിന് ജയിക്കാവുന്ന നാലു സീറ്റിൽ ഒരു രാജ്യസഭാ സീറ്റാണ് കോണ്‍ഗ്രസിന് നൽകിയത്.
സീറ്റ് വിഭജനം സംബന്ധിച്ച് കനിമൊഴിയുടെ ഇടപെടലാണ് നിര്‍ണായകമായത്. എംകെ സ്റ്റാലിനും തമിഴ്നാട് പിസിസി അധ്യക്ഷനും സീറ്റ് വിഭജനം സംബന്ധിച്ച കരാര്‍ ഒപ്പിട്ടു. രാത്രിയോടെ എംകെ സ്റ്റാലിനും കോണ്‍ഗ്രസ് പിസിസി അധ്യക്ഷനുമടക്കമുള്ള നേതാക്കള്‍ ഡിഎംകെ ഓഫീസിലെത്തിയാണ് കരാര്‍ ഒപ്പിട്ടത്.
രണ്ട് രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് സോണിയ ഗാന്ധി സ്റ്റാലിന് കത്ത് നൽകിയിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച് ഇന്ന് വൈകുന്നേരം ഡിഎംകെ ഓഫീസിൽ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തുമെന്ന് വിവരമുണ്ടായിരുന്നെങ്കിലും അവസാനം വരെയും സസ്പെന്‍സ് തുടരുകയായിരുന്നു.
വൈകുന്നേരം വരെയും പിസിസി അധ്യക്ഷനും തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഗിരീഷ് ചോദാങ്കരും എത്തിയിരുന്നില്ല. ഇരുവരും ചെന്നൈയിലെ സ്വകാര്യ ഹോട്ടലിൽ തുടരുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെയാണ് കരാര്‍ ഒപ്പിടുന്നത് സംബന്ധിച്ച അനുമതി ഹൈക്കമാന്‍ഡിൽ നിന്ന് ലഭിച്ചതെന്നാണ് വിവരം.
Kerala
തൊടുപുഴ: കോണ്‍ഗ്രസുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും ചര്‍ച്ചയില്‍ സീറ്റുകളില്‍ വിട്ടുവീഴ്ചയുണ്ടാകാമെന്നും കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ.
ഇടുക്കി സീറ്റ് ഇതുവരെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ല. 10 സീറ്റുകളും കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. ഇത്തവണ ജയമാണ് മുഖ്യം. യഥാര്‍ഥ കേരള കോണ്‍ഗ്രസ് ഒന്നു മാത്രമാണ്. അതു ബ്രായ്ക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസാണെന്നും ജോസഫ് പറഞ്ഞു.
കോൺഗ്രസ് കേരള കോൺഗ്രസിൽനിന്ന് ചില സീറ്റുകൾ ഏറ്റെടുക്കുമെന്ന വാർത്തകളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Kerala
കൽപ്പറ്റ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടി, ബാലുശേരി സീറ്റുകൾ യുഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജെആർപി നേതാവ് സി.കെ. ജാനു. പാർട്ടിയുടെ അഭിപ്രായം യുഡിഎഫിനെ അറിയിച്ചിട്ടുണ്ട് .
ചർച്ചകൾക്ക് ശേഷം നല്ല തീരുമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജാനു പറഞ്ഞു. ഗോത്ര മഹാസഭയും ജെആർപിയും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഉള്ളതെന്നും ജാനു കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസമാണ് ജാനു യുഡിഎഫിലെത്തിയത്. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിക്ക് അസോസിയേറ്റ് അംഗത്വം നൽകിയാണ് യുഡിഎഫ് സ്വീകരിച്ചത്. 2025 ഓഗസ്റ്റ് 30നാണ് മുന്നണി മര്യാദ പാലിക്കുന്നില്ലെന്ന് ആരോപിച്ച് ജാനു എന്‍ഡിഎ വിട്ടത്.
Kerala
കൊച്ചി: ഇടകൊച്ചിയില്‍ ഓട്ടോറിക്ഷയുടെ സീറ്റുകള്‍ നശിപ്പിച്ച് തെരുവുനായകള്‍. സെഹിയോന്‍ പ്രേഷിത സംഘത്തിന്റെ ഓട്ടോറിക്ഷയുടെ പിന്‍സീറ്റുകളാണ് തെരുവുനായകള്‍ കടിച്ചുകീറി നശിപ്പിച്ചത്. വാഹനത്തിന്റെ റേഡിയറ്റര്‍ പൈപ്പുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കൊച്ചിയിലെ തെരുവില്‍ അലയുന്നവര്‍ക്കും അശരണര്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്നവരാണ് സെഹിയോന്‍ പ്രേഷിത സംഘം. ഇടകൊച്ചി അക്വീനാസ് കോളേജിന്റെ ഭാഗത്ത് മോസ്കിന്റെ അടുത്തായാണ് ഓട്ടോ നിര്‍ത്തിയിട്ടിരുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഈ ഓട്ടോറിക്ഷ തെരുവുനായകള്‍ നശിപ്പിച്ചത്.
രാവിലെ പ്രഭാതഭക്ഷണം വിതരണം ചെയ്യാന്‍ പോയപ്പോഴാണ് ഓട്ടോറിക്ഷയുടെ മോശമായ അവസ്ഥ കാണുന്നത്. അടുത്തുള്ള സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോഴാണ് തെരുവുനായകള്‍ ഓട്ടോയില്‍ കയറുന്നതും ഇറങ്ങുന്നതുമായ ദൃശ്യങ്ങള്‍ കണ്ടത്. വണ്ടിയുടെ അടിയില്‍ കയറിയിട്ട് റേഡിയറ്റര്‍ ഒക്കെ കടിച്ചുകീറി നശിപ്പിച്ചുവെന്ന് സെഹിയോന്‍ പ്രേഷിത സംഘത്തിന്റെ പ്രസിഡന്റ് എം.എക്സ് ജ്യൂട്ട്സണ്‍ ദീപിക ഓണ്‍ലൈനോട് പ്രതികരിച്ചു.
അതേസമയം, ഇടകൊച്ചിയില്‍ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. അക്വീനാസ് കോളജിന് സമീപം ഉപേക്ഷിച്ച വാഹനങ്ങള്‍ക്ക് അടിയിലാണ് തെരുവുനായകള്‍ താവളം ആക്കിയിരിക്കുന്നത്. വഴിയാത്രക്കാരെയും വളര്‍ത്തുമൃഗങ്ങളെയും തെരുവുനായകള്‍ ആക്രമിക്കുന്നുവെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്.
Kerala
തിരുവനന്തപുരം: യുഡിഎഫ് വിപുലീകരണം നടത്തിയപ്പോൾ അസോസിയേറ്റ് ഘടകകക്ഷികളായി ഉൾപ്പെടുത്തിയവരിൽ പി.വി. അൻവറിന്റെ തൃണമൂൽ കോണ്‍ഗ്രസിനും സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയ്ക്കും നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകുന്നതു പരിഗണനയിൽ. ഇരു പാർട്ടികൾക്കും ഓരോ സീറ്റ് വീതമാകും വിട്ടു നൽകുക.
ഇതോടൊപ്പം യുഡിഎഫിന്റെ ഭാഗമായ ഫോർവേഡ് ബ്ലോക്കിനും സീറ്റ് നൽകണം. കോണ്‍ഗ്രസ് ഇപ്പോൾ മത്സരിക്കുന്ന 93 സീറ്റുകളിൽ നിന്നാകും ഈ പാർട്ടികൾക്കുള്ള സീറ്റുകൾ കണ്ടെത്തേണ്ടി വരിക. ഇതോടെ കോണ്‍ഗ്രസ് 2021ൽ മത്സരിച്ച സീറ്റുകളിൽ നിന്ന് ഇത്തവണ എണ്ണം കുറയും.
ഇതോടൊപ്പം പ്രധാന ഘടകകക്ഷിയായ മുസ് ലിം ലീഗും കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നുണ്ട്. യുഡിഎഫിലെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകൾ അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. മുസ്ലിംലീഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ. ഇബ്രാഹീംകുഞ്ഞിന്റെ നിര്യാണത്തെ തുടർന്നാണ് ഉഭയകകക്ഷി ചർച്ചകൾ രണ്ടു ദിവസം കൂടി നീട്ടിയത്.
പി.വി. അൻവറിനോട് കോഴിക്കോട് ബേപ്പൂർ സീറ്റിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേ മത്സരിക്കാനാണ് ആവശ്യപ്പെടാൻ സാധ്യത. മലപ്പുറം താനൂർ സീറ്റും ആവശ്യപ്പെടുന്ന പട്ടികയിലുണ്ട്. അൻവറിന്റെ പാർട്ടി മൂന്നു സീറ്റാണ് യുഡിഎഫിൽ ആവശ്യപ്പെടുക. സി.കെ. ജാനു വയനാട്ടിലെ സീറ്റുകളിൽ ഒന്നാകും ആവശ്യപ്പെടുക. പട്ടിക വർഗ സംവരണ സീറ്റുകളിൽ ഒന്ന് നൽകുന്നതാണ് പരിഗണനയിലുള്ളത്.
ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജനും സുരക്ഷിത സീറ്റുകളിൽ ഒന്ന് നൽകേണ്ടി വരും. കൊല്ലം ജില്ലയിലെ സീറ്റുകളിൽ ഒന്നാകും ഫോർവേഡ് ബ്ലോക്ക് ആവശ്യപ്പെടുക. കഴിഞ്ഞ തവണ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമടത്ത് മത്സരിക്കാൻ യുഡിഎഫ് നിർദേശിച്ചിരുന്നു. എന്നാൽ, അദ്ദേഹം പിന്മാറി.
മുസ്ലിം ലീഗുമായിട്ടാകും ആദ്യഘട്ട ഉഭയകകക്ഷി ചർച്ച നടക്കുക. 27 സീറ്റുകളിലാണ് ലീഗ് കഴിഞ്ഞ തവണ മത്സരിച്ചത്. കേരള കോണ്‍ഗ്രസ് 10 സീറ്റിലും ആർഎസ്പി അഞ്ചിടത്തും 2021 ൽ മത്സരിച്ചിരുന്നു. മാണി സി. കാപ്പന്റെ എൻസിപി-കെ, സിഎംപി, ആർഎംപി തുടങ്ങിയ പാർട്ടികളും കഴിഞ്ഞ തവണ യുഡിഎഫിൽ മത്സരിച്ചിരുന്നു.
Kerala
കോട്ടയം: യുഡിഎഫ് നല്കിയതിനേക്കാള് സീറ്റും പരിഗണനയും കേരള കോണ്‍ഗ്രസ് എമ്മിന് എല്‍ഡിഎഫില്‍ ലഭിക്കുന്നുണ്ടെന്ന് ചെയര്മാന് ജോസ് കെ. മാണി എംപി. തദ്ദേശ തെരഞ്ഞെടുപ്പില്‍ 1200ലധികം സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നതെന്നും കോട്ടയം പ്രസ് ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ലയില്‍ 470 സീറ്റുകളിലും ജനവിധി തേടുന്നു. യുഡിഎഫ് മുന്നണിയിലായിരുന്നപ്പോള്‍ ഇത്രയും പരിഗണനയും സീറ്റും ലഭിച്ചിട്ടില്ല. ആയിരത്തില്‍ താഴെ സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. എല്ലാ ജില്ലയിലും സാന്നിധ്യമറിയിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിനു സാധിക്കുന്നുണ്ട്. യുഡിഎഫില്‍ സീറ്റ് ലഭിക്കുമ്പോള്‍ ഒപ്പം റിബലുകളെയും ലഭിക്കും. ഇപ്പോള്‍ അതില്ല. പലവാര്‍ഡുകളിലും സ്ഥാനാര്‍ഥികളില്ലാതെ യുഡിഎഫ് തകര്‍ച്ചയിലേക്കു പോകുകയാണ്. കോണ്‍ഗ്രസിനെതിരേ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലുള്ളവര്‍ റിബലായി മത്സരിക്കുന്നു. എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുന്ന നിലപാടാണ് കേരള കോണ്‍ഗ്രസ് എമ്മിനുള്ളത്.
തീവ്രവര്‍ഗീയ ശക്തികളുമായി യുഡിഎഫ് പ്രത്യക്ഷത്തില്‍തന്നെ കൂട്ടുകൂടുകയാണ്. മതസൗഹാര്‍ദം ആഗ്രഹിക്കുന്നവര്‍ എല്‍ഡിഎഫിനൊപ്പം നില്ക്കും.
ബിജെപിയുമായി യുഡിഎഫിനു പലയിടത്തും അന്തര്‍ധാരയുണ്ട്. പാലാ നഗരസഭയിലുള്‍പ്പടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്നവര്ക്കെതിരേ യുഡിഎഫും ബിജെപിയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. യുഡിഎഫുമായി അകന്നുനിന്ന സമയത്ത് രണ്ടരമാസം അവരുടെ നിലപാട് നോക്കിയിരുന്നു. തുടര്‍ന്നു എല്‍ഡിഎഫില്‍ ചേരുകയായിരുന്നു.
ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തു കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തനം സജീവമാക്കുന്നു. ലേബര്‍ കോഡ്, വനം-വന്യജീവി ഭേദഗതി, ഭൂപതിവ് ഭേദഗതി, റബര്‍, നെല്ല് താങ്ങുവില തുടങ്ങി എല്ലാ വിഷയങ്ങളിലും കേരള കോണ്‍ഗ്രസ് എം നിലപാട് വ്യക്തമാക്കുകയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തുവെന്നും ജോസ് കെ. മാണി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ സമ്പൂര്‍ണവിജയമാണ്. കഴിഞ്ഞ പ്രവിശ്യത്തെക്കാള്‍ കൂടുതള്‍ സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു അധികാരത്തിലെത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസസമിയെ നിശ്ചയിക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിനു മുഖ്യപങ്ക് വഹിക്കാനാകും. അടുത്ത തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ പാലാ, കടുത്തുരുത്തി, ചാലക്കുടി, പെരുമ്പാവൂര്‍ മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ തകർന്നടിഞ്ഞിരിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ തവണ 19 സീറ്റുകളിൽ വിജയിച്ച കോൺഗ്രസിന് നാല് സീറ്റിൽ മാത്രമാണ് മുന്നേറാനാകുന്നത്.
കോൺഗ്രസിന്റെ വീഴ്ചയിൽ രാഷട്രീയ ലോകം പഴിക്കുന്നത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയാണ്. ആർജെഡിയുമായി സഖ്യത്തിലാണ് മത്സരിച്ചതെങ്കിലും ഒവൈസിയുടെ പാർട്ടിയേക്കാൾ കുറവ് സീറ്റുകളിലാണ് കോൺഗ്രസിന് മുന്നേറാനാകുന്നത്.
എസ്ഐആറിനെതിരെ ബിഹാറിൽ വോട്ടർ അധികാർ യാത്രയും ദേശീയ തലത്തിൽ തന്നെ വോട്ട് ചോരി അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചെങ്കിലും രാഹുലിന് ബിഹാറിൽ ഒരു സ്വാധീനവും ചെലുത്തനായിട്ടില്ല. ജനം രാഹുലിന്റെ വാദങ്ങൾ എല്ലാം തള്ളുന്ന കാഴ്ചയാണ് ബിഹാറിൽ കണ്ടത്.ന്യൂനപക്ഷ വോട്ടുകൾ കൂടുതൽ ഉള്ള മേഖലകളിൽ പോലും കോൺഗ്രസിന് മുന്നേറാൻ സാധിച്ചിട്ടില്ല.
സീമാഞ്ചൽ മേഖലയിലടക്കം കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്. ഇവിടെയെല്ലാം ഒവൈസിയുടെ പാർട്ടിക്കാണ് മുന്നേറാൻ സാധിച്ചത്. രാഹുലിനെ ന്യൂനപക്ഷങ്ങൾ പോലും തള്ളുന്നത് ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തെ അപ്രസക്തനാക്കുന്നുണ്ട്.
ഇനി നടക്കാനിരിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളെയും ഈ ഫലം സ്വാധീനിക്കാനാണ് സാധ്യത. രാഹുൽ പ്രവർത്തന ശൈലി മാറ്റിയില്ലെങ്കിൽ ഇനിയും തിരിച്ചടികൾ തുടരുമെന്ന കാര്യം ഉറപ്പാണ്. കുളത്തിൽ ചാടുന്നതടക്കമുള്ളതല്ല യഥാർഥ പ്രചാരണ രീതി എന്നതും ബിഹാറിലെ ജനങ്ങൾ ഓർമിപ്പിക്കുന്നു.
വോട്ടെണ്ണൽ ആറ് മണിക്കൂർ പിന്നിടുന്നോൾ എൻഡിഎ കുതിക്കുകയാണ്. 200 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്. വെറും 37 സീറ്റിൽ മാത്രമാണ് മഹാസഖ്യം മുന്നിലുള്ളത്.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി ഒരു സീറ്റിലും വിജയിക്കില്ലെന്ന് ബിജെപി ദേശീയ വക്താവ് ഗുരു പ്രകാശ് പാസ്വാൻ. എൻഡിഎ ഭരണം നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
"സംസ്ഥാനത്ത് എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണ്. വികസന പ്രവർത്തനങ്ങൾ തുടരാൻ എൻഡിഎ തുടരേണ്ടതുണ്ട്. അതിനാൽ എൻഡിഎയുടെ വിജയം സുനിശ്ചിതമാണ്.'-ഗുരു പ്രകാശ് പാസ്വാൻ അവകാശപ്പെട്ടു.
പ്രശാന്ത് കിഷോറിന്റെ പാർട്ടി സംസ്ഥാനത്ത് അപ്രസക്തമാണെന്നും ഗുരുപ്രകാശ് പറഞ്ഞു. പ്രശാന്ത് പോലും മത്സരിക്കുന്നില്ല പിന്നെ പാർട്ടിയുടെ കാര്യം പറയാനുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അവർക്ക് ഒരു സീറ്റ് കിട്ടിയാൽ പോലും അത്ഭുതമാണെന്നും ഗുരുപ്രകാശ് പറഞ്ഞു.
ചൊവ്വാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരുന്നത്. 66.91% പേരാണ് ബിഹാറിൽ വോട്ട് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.