തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വിവിധ ജില്ലകളിലെ വിജയസാധ്യത വിലയിരുത്തി സിപിഎം ജില്ലാ സെക്രട്ടേറിയറ്റുകൾ. കൊല്ലം, പാലക്കാട് ജില്ലകളിൽ മികച്ച മുന്നേറ്റം പ്രതീക്ഷിക്കുമ്പോൾ കോഴിക്കോട് ജില്ലയിൽ ചില മണ്ഡലങ്ങളിൽ പാർട്ടിക്ക് ആശങ്കയുണ്ട്.
കൊല്ലം ജില്ലയിൽ ഏഴ് മുതൽ ഒമ്പത് മണ്ഡലങ്ങളിൽ വരെ വിജയം ഉറപ്പിക്കാമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. കൊട്ടാരക്കര, പത്തനാപുരം എന്നിവടങ്ങളിൽ അഞ്ചക്ക ഭൂരിപക്ഷം പാർട്ടി പ്രതീക്ഷിക്കുന്നു. പുനലൂരിൽ വൻ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പാണെന്ന് പാർട്ടി കണക്കുകൂട്ടുന്നു. കൊല്ലത്ത് 3,000 മുതൽ 5,000 വരെ വോട്ടിന് പാർട്ടി വിജയിക്കുമെന്നാണ് വിലയിരുത്തൽ.
ചടയമംഗലത്ത് ജയം ഉറപ്പാണെങ്കിലും ഭൂരിപക്ഷം കുറയാൻ സാധ്യതയുണ്ട്. ചവറ, കുന്നത്തൂർ മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്നാണ് വിലയിരുത്തൽ. കുണ്ടറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനാകുമെന്നാണ് റിപ്പോർട്ട്.
പാലക്കാട് ജില്ലയിലെ സിറ്റിംഗ് സീറ്റുകളെല്ലാം നിലനിർത്തുമെന്നും പത്ത് മണ്ഡലങ്ങളിൽ വിജയിക്കുമെന്നുമാണ് സെക്രട്ടേറിയറ്റ് വിലയിരുത്തുന്നത്. തൃത്താലയിൽ എം.ബി. രാജേഷും വി.ടി. ബൽറാമും തമ്മിൽ നടന്ന തീപാറുന്ന പോരാട്ടത്തിൽ വിജയം സുനിശ്ചിതമാണെന്ന് പാർട്ടി ഉറപ്പിക്കുന്നത്. പാലക്കാട്, മണ്ണാർക്കാട് എന്നീ രണ്ട് മണ്ഡലങ്ങളും തിരിച്ചുപിടിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ പാർട്ടിക്ക് ഇപ്പോഴും സംശയമുണ്ട്.
കോഴിക്കോട് ജില്ലയിൽ നാല് മണ്ഡലങ്ങളിൽ മാത്രമാണ് സിപിഎം വിജയസാധ്യത ഉറപ്പിക്കുന്നത്. ബേപ്പൂർ, ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, എലത്തൂർ എന്നിവിടങ്ങളിൽ പാർട്ടി വിജയം ഉറപ്പിക്കുന്നുണ്ട്. അതേസമയം വടകര, കൊടുവള്ളി, കോഴിക്കോട് സൗത്ത്, നാദാപുരം എന്നീ നാലു മണ്ഡലങ്ങളിൽ തോൽവി സംഭവിച്ചേക്കാം എന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. അഞ്ച് മണ്ഡലങ്ങളിൽ കടുത്ത പോരാട്ടമാണ് നടന്നത്.
Tags : CPM Vote Seats Latest News