പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ 130 സീറ്റ് യുഡിഎഫിനു ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ. സുധാകരൻ. എൽഡിഎഫ് മൂന്നാം തുടർഭരണം ഉണ്ടാകുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായി കാണണമെന്ന് തനിക്ക് ആഗ്രഹം ഉണ്ട്. നേരത്തെ പറഞ്ഞ ആഗ്രഹത്തിൽ താനിപ്പോഴും ഉറച്ചു നിൽക്കുകയാണ്. വനിതാ മുഖ്യമന്ത്രി ഉണ്ടാകണമെന്ന രാഹുൽഗാന്ധിയുടെ അഭിപ്രായം അദ്ദേഹത്തിന്റേതു മാത്രമാണ്. താൻ കെപിസിസി പ്രസിഡന്റാകുമോയെന്നൊന്നും ഇപ്പോൾ പറയാനാകില്ല. കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകാമെന്നും സുധാകരൻ പറഞ്ഞു.
യുഡിഎഫിനു 100 സീറ്റ് കിട്ടിയില്ലെങ്കിൽ വനവാസത്തിനു പോകുമെന്ന വി.ഡി. സതീശന്റെ വാക്ക് താനും വിശ്വസിക്കുന്നു. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ സതീശനു വാക്കു പാലിക്കേണ്ടി വരും. അദ്ദേഹം വനവാസത്തിനു പോകേണ്ടി വന്നാൽ സങ്കടവും വിഷമവും ഒക്കെ ഉണ്ടാകും. ആ സാഹചര്യം ഉണ്ടാകാതിരിക്കട്ടേയെന്ന് പ്രാർഥിക്കുന്നു. അതുകൊണ്ടാണ് 130 സീറ്റ് എന്നു താനും പറയുന്നത്. തനിക്കെതിരേ ഹൈക്കമാൻഡിനു കത്തയച്ച കാര്യത്തെക്കുറിച്ചൊന്നും അറിയില്ലെന്നു സുധാകരൻ പറഞ്ഞു.
Tags : assembly election k sudhakaran udf seats