തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് മുന്നണിയുടെ പ്രാഥമിക വിലയിരുത്തൽ. എൽ.ഡി.എഫിന്റെ ഭരണത്തുടർച്ചാ മോഹങ്ങൾക്ക് തിരിച്ചടി നൽകി 80 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് ജില്ലാ കമ്മിറ്റികളിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രമുഖ മന്ത്രിമാരുടെ പരാജയം സുനിശ്ചിതമാണെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു.
സിപിഎം വിജയം ഉറപ്പിക്കുന്ന പല പ്രമുഖ മണ്ഡലങ്ങളിലും അട്ടിമറി നടക്കുമെന്നാണ് യുഡിഎഫ് കണക്കുകൾ പറയുന്നത്. മന്ത്രി വീണാ ജോർജ് (ആറന്മുള), മന്ത്രി റോഷി അഗസ്റ്റിൻ (ഇടുക്കി) എന്നിവർ പരാജയപ്പെടുമെന്ന് യുഡിഎഫ് ഉറപ്പിക്കുന്നു. പത്തനംതിട്ടയിൽ കോന്നി ഒഴികെ എല്ലാ സീറ്റുകളും ലഭിക്കുമെന്ന് മുന്നണി കരുതുന്നു. തൃത്താലയിൽ മന്ത്രി എം.ബി. രാജേഷ് പരാജയപ്പെടുമെന്നും പാലക്കാട് മണ്ഡലത്തിൽ രമേഷ് പിഷാരടി പതിനായിരത്തിലധികം വോട്ടിന് ജയിക്കുമെന്നുമാണ് വിലയിരുത്തൽ. മാനന്തവാടിയിൽ മന്ത്രി ഒ.ആർ. കേളു പരാജയപ്പെടുമെന്നും ജില്ലയിലെ മൂന്ന് സീറ്റും യുഡിഎഫ് നേടുമെന്നും റിപ്പോർട്ടുണ്ട്. തരംഗമുണ്ടായാൽ മന്ത്രി മുഹമ്മദ് റിയാസിനെ അട്ടിമറിക്കാനാകുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു.
തിരുവനന്തപുരം ജില്ലയിൽ കോവളം നിലനിർത്തുന്നതിനൊപ്പം വട്ടിയൂർക്കാവ്, തിരുവനന്തപുരം, നെയ്യാറ്റിൻകര, അരുവിക്കര എന്നിവിടങ്ങളിൽ വിജയം ഉറപ്പിച്ചു. നേമത്തും കഴക്കൂട്ടത്തും അട്ടിമറി പ്രതീക്ഷിക്കുന്നു. കുണ്ടറയും കരുനാഗപ്പള്ളിയും നിലനിർത്തും. കൊല്ലം, ചവറ, കുന്നത്തൂർ മണ്ഡലങ്ങൾ പിടിച്ചെടുക്കും. ആലപ്പുഴയിൽ അമ്പലപ്പുഴയിൽ ഇടതുവിമതൻ ജി. സുധാകരൻ അട്ടിമറി വിജയം നേടുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. ഹരിപ്പാട്, അരൂർ, കുട്ടനാട് മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കുന്നു. എറണാകുളത്ത് കളമശ്ശേരി ഒഴികെ ജില്ലയിലെ 13 സീറ്റുകളിലും വിജയം ഉറപ്പാണെന്ന് നേതൃത്വം പറയുന്നു.
മലപ്പുറത്ത് സമ്പൂർണ്ണ വിജയവും കോഴിക്കോട് ജില്ലയിൽ വടകര, കൊടുവള്ളി, കോഴിക്കോട് സൗത്ത് ഉൾപ്പെടെ ആറ് സീറ്റുകളിലും യുഡിഎഫ് വിജയം ഉറപ്പിച്ചു. കണ്ണൂർ മണ്ഡലം പിടിച്ചെടുക്കുമെന്നും കാസർകോട് ജില്ലയിൽ മൂന്ന് സീറ്റുകൾ ഉറപ്പാണെന്നും യുഡിഎഫ് വിലയിരുത്തുന്നു.ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ യുഡിഎഫ് അനുകൂല തരംഗം പ്രകടമാണെന്നും ഇത് സീറ്റുകളുടെ എണ്ണം 80ന് മുകളിൽ എത്തിക്കുമെന്നുമാണ് മുന്നണി വൃത്തങ്ങൾ നൽകുന്ന സൂചന.
Tags : UDF Seats Vote Share Latest News