ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചില്ലെങ്കിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ശനിയാഴ്ച ഡൽഹിയിൽ നടത്തുമെന്നു പ്രഖ്യാപിച്ച പ്രതിഷേധത്തിൽ താനും പങ്കെടുക്കുമെന്ന് പ്രമുഖ കാലാവസ്ഥാ-സാമൂഹ്യ പ്രവർത്തകനായ സോനം വാംഗ്ചുക്ക്.
മന്ത്രിയുടെ രാജിയാവശ്യം അടുത്തിടെ നടന്ന പരീക്ഷാക്രമക്കേടുകൾ കാരണം മാത്രമല്ലെന്നും രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സന്പ്രദായം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണെന്നും സോനം വാംഗ്ചുക്ക് വ്യക്തമാക്കി.
അതിനിടെ, ശനിയാഴ്ച ഡൽഹി ജന്തർ മന്തറിൽ ആഹ്വാനം ചെയ്തിട്ടുള്ള പ്രതിഷേധം അരങ്ങേറുന്നതിന് മുന്നോടിയായി മൂന്ന് വക്താക്കളെ സിജെപി നിയമിച്ചു.
അന്വേഷണാത്മക മാധ്യമപ്രവർത്തകനായ സൗരവ് ദാസ്, രാഷ്ട്രീയ വിദഗ്ധനും സിനിമാ സംവിധായകനുമായ വിജേത ദാഹിയ, മുൻ മാനേജ്മെന്റ് കണ്സൾട്ടന്റായ അഷുതോഷ് രങ്ക എന്നിവരെയാണ് ഔദ്യോഗിക വക്താക്കളായി സിജെപി നിയമിച്ചിരിക്കുന്നത്.
Tags : Sonam Wangchuk Cockroach Janata Party CJP protest