ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച് ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറിൽ നടക്കും. പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്ന ‘പാറ്റകൾ' കൈയിൽ ഒരു പ്ലേറ്റും സ്പൂണും കരുതണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാത്തതിൽ പ്രതിഷേധിച്ചാണ് ഡൽഹിയിലെ രണ്ടാം ഘട്ട പ്രക്ഷോഭം.
ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്ന എല്ലാവരും പ്ലേറ്റും സ്പൂണുമായി വരണമെന്നും ബാക്കി കഥ എല്ലാവർക്കും അറിയാമെന്നും ദിപ്കെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
കൊവിഡ് മഹാമാരിക്കിടെ മുൻനിര പോരാളികൾക്ക് നന്ദി അറിയിക്കാൻ ജനങ്ങളോട് ബാൽക്കണിയിൽ നിന്ന് പാത്രങ്ങൾ കൊട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 മാർച്ചിൽ നടത്തിയ ആഹ്വാനത്തെ പരിഹസിച്ചാണ് ദിപ്കെയുടെ ഈ പരാമർശം. ആദ്യ സമരം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ജന്തർ മന്തറിൽ രണ്ടാമത്തെ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇതിനായി ഡൽഹി പോലീസിന്റെ അനുമതി ലഭിച്ചതായി സിജെപി ഭാരവാഹികൾ അറിയിച്ചു.
Tags : Cockroach Janata Party's cjp protest