തൃശൂർ: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബജറ്റ് വട്ടപ്പൂജ്യമാണെന്നും അതിന് എൽകെജി നിലവാരംപോലും ഇല്ലെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പത്രസമ്മേളനത്തിൽ ആരോപിച്ചു. കോൺഗ്രസ് പ്രകടന പത്രികയുടെ ആവർത്തനം മാത്രമാണു ബജറ്റ്.
പുതിയ സർക്കാരിൽനിന്നു പുതിയ സാമ്പത്തിക നയങ്ങളും വികസന കാഴ്ചപ്പാടുകളും പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റിൽ പുതുമയോ വിസ്മയമോ ഇല്ല. പ്രധാന പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ ആവശ്യമായ തുക എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിൽ ബജറ്റ് മൗനം പാലിക്കുകയാണ്. തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയവ ബജറ്റ് ഗൗരവമായി പരിഗണിച്ചിട്ടില്ല.
സാധാരണ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്നും പി.കെ. കൃഷ്ണദാസ് വിമർശിച്ചു. പത്രസമ്മേളനത്തിൽ ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. ഹരി, ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പിൽ, അബിൻസ് എന്നിവരും പങ്കെടുത്തു.
Tags : PK Krishnadas budget waste money