ഫിലാഡൽഫിയ: ലോകകപ്പ് ഗ്രൂപ്പ് 'സി'യിലെ നിർണായക മത്സരത്തിൽ ഹെയ്തിക്കെതിരെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളുടെ ആധികാരിക ലീഡ് സ്വന്തമാക്കി ബ്രസീൽ. ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയ കാനറികൾ ഹെയ്തി പ്രതിരോധത്തെ തരിപ്പണമാക്കി.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബ്രസീലിനായി സൂപ്പർ താരം മാറ്റിയൂസ് കുൻഹ ഇരട്ട ഗോളുകൾ നേടി. 23, 36 മിനിറ്റുകളിലായിരുന്നു കുൻഹയുടെ ഗോളുകൾ. ഇതോടെ ബ്രസീൽ 2-0 ന് മുന്നിലെത്തി. തൊട്ടുപിന്നാലെ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലെ മൂന്നാം മിനിറ്റിൽ (45+3') വിനീഷ്യസ് ജൂനിയർ കൂടി വലകുലുക്കിയതോടെ ബ്രസീൽ ലീഡ് 3-0 ആക്കി ഉയർത്തി.
ആദ്യ മത്സരത്തിൽ മൊറോക്കോയോട് 1-1 ന് സമനില വഴങ്ങിയ ബ്രസീലിന് ഗ്രൂപ്പ് സിയിൽ മുന്നേറാൻ ഈ മൂന്ന് പോയിന്റുകൾ അതിനിർണായകമാണ്. മറുഭാഗത്ത്, ആദ്യ മത്സരത്തിലും പരാജയപ്പെട്ട ഹെയ്തിക്ക് രണ്ടാം പകുതിയിൽ ഒരു അത്ഭുത തിരിച്ചുവരവ് നടത്താനായില്ലെങ്കിൽ ലോകകപ്പിൽ നിന്നുള്ള പുറത്താകൽ ഉറപ്പാകും. നിലവിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്രസീൽ 3-0 ന് മുന്നിലാണ്.
Tags : Brazil Vinicius Junior Latest News