വാന്‍കൂവര്‍: ഫിഫ 2026 ലോകകപ്പ് ഫുട്ബോളില്‍ കാനഡയ്ക്ക് വമ്പന്‍ ജയം. ഗ്രൂപ്പ് ബിയില്‍ കാനഡ 6-0ന് ഖത്തറിനെ നിലംപരിശാക്കി.
ജോനാഥന് ഡേവിഡിന്റെ ഹാട്രിക്കാണ് കാനഡയ്ക്ക് കരുത്തായത്. 29, 45+3, 90+2 മിനിറ്റുകളിലായിരുന്നു ജോനാഥന് ഡേവിഡിന്റെ ഗോളുകള്‍.
ലോകകപ്പ് ചരിത്രത്തില്‍ കാനഡയുടെ കന്നി ഹാട്രിക്ക്. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ കാനഡയുടെ കന്നിജയം. യൂറോപ്പ്, ലാറ്റിനമേരിക്ക ഭൂഖണ്ഡങ്ങള്‍ക്കു പുറത്തുനിന്നൊരു ടീം ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ അഞ്ചില്‍ അധികം ഗോള്‍ നേടുന്നത് ഇതാദ്യം.
ഗോളാറാട്ട്
16-ാം മിനിറ്റില്‍ സൈല്‍ ലാറിന്റെ ഗോളില്‍ കാനഡ ലീഡ് സ്വന്തമാക്കി. 33-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ ഹൊമാം അഹമ്മദ് പുറത്തേക്ക് നടന്നു. അതോടെ ഖത്തറിന്റെ അംഗബലം പത്തിലേക്കു ചുരുങ്ങി. ആദ്യ പകുതിക്കു പിരിയും മുമ്പ് ജോനാഥന് ഡേവിഡ് ഇരട്ടഗോളിലൂടെ ടീമിന്റെ ലീഡ് 3-0 ആക്കി ഉയര്‍ത്തി.
53-ാം മിനിറ്റില്‍ 2026 ലോകകപ്പിലെ ദയനീയ കാഴ്ച. കാനഡയുടെ മിഡ്ഫീല്‍ഡര്‍ ഇസ്മായില്‍ കൊനെയെ പിന്നില്‍നിന്നു ക്രൂരമായി ഫൗള്‍ ചെയ്തു. ഖത്തറിന്റെ അസിം മാഡിബൊയുടെ ക്രൂര ഫൗളിനു റഫറി നേരിട്ടുള്ള ചുവപ്പ് വീശി. അതോടെ അവരുടെ അംഗബലം ഒമ്പതിലേക്കു ചുരുങ്ങി. 64-ാം മിനിറ്റില്‍ നാഥന് സാലിബ ആതിഥേയരുടെ നാലാം ഗോള്‍ സ്വന്തമാക്കി.
75-ാം മിനിറ്റില്‍ മുഹമ്മദ് മനാനിയുടെ സെല്‍ഫും സ്റ്റോപ്പേജ് ടൈമില്‍ ജോനാഥന് ഡേവിഡിന്റെ (90+5) ഹാട്രിക്കും. അതോടെ കാനഡ ഗോളാറാട്ട് നടത്തി 6-0ന്റെ ജയമാഘോഷിച്ചു.
Tags : Jonathan David hattrick win canada