ഇരിട്ടി:അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹസാഹചര്യത്തിൽ പായിൽ പൊതിഞ്ഞനിലയിൽ ‘മൃതദേഹം’ കണ്ടെത്തിയ സംഭവത്തിൽ കരിക്കോട്ടക്കരി പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ഒരു മൃതദേഹം സംസ്കരിക്കുന്നതിനായി 38-ാം നമ്പർ പൊതുകല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ അടക്കം ചെയ്ത രീതിയിൽ ഒരു മൃതദേഹവും പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹമെന്നു തോന്നിക്കുന്ന മറ്റൊന്നും കണ്ടെത്തിയത്.
ക്രൈസ്തവ ആചാരപ്രകാരം പായിൽ പൊതിഞ്ഞ് മൃതദേഹങ്ങൾ സംസ്കരിക്കാറില്ലാത്തതിനാൽ പള്ളി അധികൃതർ അപ്പോൾത്തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ പോലീസ് സ്ഥലത്തെത്തി തുറന്ന കല്ലറ അടച്ച് സെമിത്തേരി പൂട്ടി. പള്ളിക്കു പിൻഭാഗത്തായി ബേസ്മെന്റിൽ ഗ്രിൽസിട്ട് സുരക്ഷിതമായാണു സെമിത്തേരി സ്ഥിതിചെയ്യുന്നത്.
സ്ഥലത്തില്ലായിരുന്ന ഇടവക വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ എത്തിയശേഷം ഇന്നലെ പള്ളി കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ മരണ രജിസ്റ്ററുകൾ പരിശോധിച്ചു. എന്നാൽ 38-ാം നമ്പർ കല്ലറയിൽ അടക്കം ചെയ്തവരുടെ പട്ടികയിൽ പായയിൽ പൊതിഞ്ഞ ‘മൃതദേഹം’ സംബന്ധിച്ച് സൂചനകൾ കണ്ടെത്താനായില്ല. ഈ പള്ളിയിൽ കുടുംബക്കല്ലറകളില്ല. 2019നു ശേഷം സെമിത്തേരി നവീകരിച്ചിരുന്നു. അതിനുശേഷം കല്ലറകൾക്കു പുതിയ ക്രമനമ്പറുകൾ നൽകി. അപ്പോൾ പഴയ നമ്പറുകളിൽ പലതിനും മാറ്റം സംഭവിച്ചു. പുതിയ നമ്പർ നൽകിയപ്പോൾ പഴയ നമ്പറുകൾ കല്ലറകളിൽ രേഖപ്പെടുത്തിയില്ല. ഇതോടെ ഒരേ മാതൃകയിൽ നിർമിച്ച കല്ലറകളുടെ നമ്പറിലെ ആശയക്കുഴപ്പം നിലനിൽക്കുന്നത് രജിസ്റ്റർ പ്രകാരം അടക്കം ചെയ്തവരെ കണ്ടെത്തുന്നതിനു തടസമായി.
മരണ രജിസ്റ്ററിൽ സംസ്കരിച്ചവരുടെ വിശദാംശങ്ങൾ ഉണ്ടെങ്കിലും നവീകരണത്തിനു മുന്പും ശേഷവുമുള്ള നമ്പറുകൾ തമ്മിലുള്ള ആശയക്കുഴപ്പം പല കുടുംബങ്ങളിലെയും ബന്ധുക്കൾക്കു കല്ലറ തിരിച്ചറിയാൻ തടസമായി. 11 വർഷമായി കല്ലറ തുറന്നിട്ട്. 2006 ലും 2015ലും കല്ലറയിൽ സംസ്കാരം നടത്തിയിട്ടുണ്ട്.
ഈ രണ്ട് കുടുംബങ്ങളെയും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഒരു കുടുംബം ഇപ്പോഴും ഇടവകയിൽത്തന്നെയുണ്ട്.സെമിത്തേരിയിൽ അടക്കം ചെയ്തിട്ടുള്ള 93 പേരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടശേഷം കൂടുതൽ നടപടികളിലേക്കു നീങ്ങാനാണ് ഇടവകസമൂഹത്തിന്റെ തീരുമാനം.
കരിക്കോട്ടക്കരി എസ്എച്ച്ഒ ആർ.എൻ. പ്രശാന്ത്, എസ്ഐ എം.ജെ. ബെന്നി എന്നിവർ ഇന്നലെ സ്ഥലത്തെത്തി. അടക്കം ചെയ്തതായി സംശയം പറഞ്ഞ ചിലരുടെ കുടുംബാംഗങ്ങളെ പോലീസ് സാന്നിധ്യത്തിൽ സെമിത്തേരിയിൽ എത്തിച്ച് പരിശോധന നടത്തിയെങ്കിലും 38-ാം നമ്പർ കല്ലറയിൽ ഇവരുടെ ബന്ധുക്കളെ അടക്കം ചെയ്തിട്ടില്ലെന്നു വ്യക്തമാക്കി.
പള്ളി അധികൃതർ മരണരജിസ്റ്റർ പരിശോധിച്ചശേഷം ലഭ്യമാകുന്ന വസ്തുതകളെ അടിസ്ഥാനമാക്കി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് തീരുമാനമെന്ന് എസ്എച്ച് ഒ അറിയിച്ചു.
കല്ലറ തുറന്നപ്പോൾ അസ്വാഭാവികത കണ്ടെത്തിയ ഉടൻ പോലീസിന് വിവരം നൽകിയിരുന്നുവെന്ന് ഇടവക വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ അറിയിച്ചു.
കണ്ട വസ്തു മൃതദേഹമാണോ എന്നു സ്ഥിരീകരിക്കേണ്ടതുണ്ടെന്നും ഇടവകയിൽ അടക്കം ചെയ്തവരുടെ പട്ടിക പരിശോധിച്ചശേഷം സംശയദൂരീകരണം നടത്താനായില്ലെങ്കിൽ വിശദമായ പരാതി നൽകി കേസെടുത്ത് അന്വേഷണം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് ഇടവകസമൂഹത്തിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Tags : Mysterious dead body cemetery grave