ആശയങ്ങൾ ധാരാളം. ആവശ്യങ്ങൾ അനവധി. അതിനനുസരിച്ചു വരവില്ല. കടമെടുപ്പിനും പരിധിയുണ്ട്. കേരള ധനകാര്യം ഇങ്ങനെയൊരു വിഷമവൃത്തത്തിലാണ്. ഈ സാഹചര്യത്തിൽ ഒരു ധനമന്ത്രി എന്തു ചെയ്യും? അധികച്ചെലവ് പ്രഖ്യാപിക്കാതെ, ക്ഷേമപദ്ധതികൾ കുറയ്ക്കാതെ, വികസനത്തിനു വരുമാനം കണ്ടെത്തി, എല്ലാവരെയും സന്തോഷിപ്പിക്കാൻ ശ്രമിക്കും. ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ ചെയ്തത് അതാണ്. അതിൽ വിജയിച്ചോ എന്നു ചോദിച്ചാൽ തോറ്റില്ല എന്നു പറയാം. കാരണം സാഹചര്യം മോശമാണെന്ന് അറിയാവുന്നവർപോലും കുറേക്കൂടി പ്രതീക്ഷിച്ചിരുന്നു. പക്ഷേ മുഖ്യമന്ത്രി കടുത്ത തീരുമാനങ്ങൾ ഒഴിവാക്കി.
അധികച്ചെലവില്ല,വിവാദങ്ങളില്ല
ബജറ്റിൽ ചെയ്തതിനേക്കാൾ പ്രധാനം ചെയ്യാത്ത ചില കാര്യങ്ങളാണ്.
ഒന്ന്: വലിയ അധികച്ചെലവുള്ള ഒന്നും പ്രഖ്യാപിച്ചില്ല. കാരണം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണ്. ശമ്പളപരിഷ്കരണവും കോളജ് വിദ്യാർഥിനികൾക്കുള്ള 1000 രൂപ സ്കോളർഷിപ്പും മുതൽ ജില്ല, താലൂക്ക് രൂപീകരണങ്ങൾ വരെ പ്രഖ്യാപിക്കാത്ത കാര്യങ്ങളിൽ പെടുന്നു. ശമ്പള പരിഷ്കാരം നടപ്പിലാക്കിയാൽ കൂടുതൽ ബാധ്യത ഏറ്റെടുക്കേണ്ടിവരും എന്ന ഒറ്റവാചകത്തിൽ ആ വിഷയം ഒതുക്കി. അതിനർഥം, നടപ്പിലാക്കില്ല എന്നാണെന്ന് ആരും പറഞ്ഞിട്ടുമില്ല
രണ്ട്: കന്നിബജറ്റിൽ വിവാദങ്ങൾക്ക് ഇടം നൽകിയില്ല. പെൻഷൻപ്രായം കൂട്ടൽ മുതൽ സ്വകാര്യവത്കരണം വരെ വിവാദവിഷയങ്ങൾ പലതുണ്ടായിരുന്നു. തത്കാലം അവ പുറത്തെടുത്തില്ല. ലീവ് സറണ്ടർ കാര്യം, ഉചിതമായ തീരുമാനമെടുക്കും എന്നു പറഞ്ഞു നീട്ടിവച്ചു. അഷ്വേഡ് പെൻഷൻ പദ്ധതിയിലെ അവ്യക്തത പരിശോധിച്ച് എൻപിഎസ് പരിഷ്കരിക്കും എന്നു പറഞ്ഞു. മെഡിസെപിലും പരിഷ്കാരമുണ്ടാകും. ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷമാശ്വാസവും മുടക്കം കൂടാതെ നൽകും എന്നല്ലാതെ അവയുടെ കുടിശിക എന്നു തീർക്കും എന്നു പറഞ്ഞിട്ടില്ല.
ഭൂമിയെയും വാഹനങ്ങളെയും പിടിച്ചില്ല
മൂന്ന്: വരുമാനം കൂട്ടാൻ പതിവു വർധനകൾ (ഭൂനികുതി കൂട്ടൽ, ഭൂമിയുടെ ന്യായവില ഉയർത്തൽ, വാഹനനികുതി വർധിപ്പിക്കൽ തുടങ്ങിയവ) നടത്തിയില്ല. എളുപ്പം ചെയ്യാവുന്നതെന്നു പറഞ്ഞ് മിക്കപ്പോഴും ധനവകുപ്പ് ഉദ്യോഗസ്ഥർ ശിപാർശ ചെയ്യുന്ന വർധനകളാണ് അവ. അവ ചെയ്യാതിരുന്നതു നന്നായി. ഭൂമിയുടെ ന്യായവില പുതുക്കി നിശ്ചയിക്കും എന്നു പറഞ്ഞതു സ്വാഗതാർഹമാണ്. പക്ഷേ യാഥാർഥ്യങ്ങൾ മനസിലാക്കി ആകണം പുതിയ ന്യായവില എന്ന് ഉറപ്പുവരുത്തണം.
സ്വകാര്യ മൂലധനം വരണം
“സാമ്പത്തിക പരാധീനത പരിഹരിക്കാന്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ച്, വിവിധ മേഖലകളില്‍ വന്‍കിട നിക്ഷേപം ആകര്‍ഷിച്ച്, ഖജനാവില്‍ പണം സമാഹരിച്ചുകൊണ്ട് ആ സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം (Equitable Distribution) ഉറപ്പാക്കുന്നതാണ് ഈ ബജറ്റ്” എന്നാണു മുഖ്യമന്ത്രി അവകാശപ്പെട്ടത്. ലളിതമായി പറഞ്ഞാൽ, സ്വകാര്യ മൂലധനം ഉപയോഗിച്ചു വികസനം നടത്തും. അത് മോശമായ കാര്യമല്ല. മറ്റു സംസ്ഥാനങ്ങൾ ചെയ്യുന്നത് അതാണ്. വിദേശിയും സ്വദേശിയുമായ മൂലധനം എത്തിയാണു മറ്റു സംസ്ഥാനങ്ങളിൽ തൊഴിൽ ഉണ്ടാകുന്നത്. (അവിടെ തൊഴിൽ തേടി നമ്മുടെ യുവാക്കൾ പോകുന്നു).
മിഷൻ സമുദ്ര
കേരളത്തിന്റെ ദീർഘമായ സമുദ്രാതിർത്തിയും തുറമുഖങ്ങളും ഉപയോഗിച്ച് ഒരു സമുദ്രാധിഷ്ഠിത സമ്പദ്ഘടന രൂപപ്പെടുത്തുന്നത് (മിഷൻ സമുദ്ര) വലിയ ആവേശത്തോടെ അദ്ദേഹം അവതരിപ്പിച്ചു. 400 കോടി രൂപ നീക്കിവച്ച് അതിനോടുള്ള പ്രതിബദ്ധതയും കാണിച്ചു. കുറേ ഗൃഹപാഠം ചെയ്തിട്ടാണു സതീശൻ അതു ചെയ്തത് എന്നു കാണാം. സർക്കാർ നിക്ഷേപത്തേക്കാൾ സ്വകാര്യ നിക്ഷേപമാകും ഈ ബൃഹദ് പദ്ധതിയെ മുന്നോട്ടു നയിക്കുക.
കേരളത്തെ തുറമുഖ നഗരമാക്കി റോഡ്, സമുദ്രം, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍, നിര്‍മാണ മേഖലകള്‍, ഗ്രീന്‍ഫീല്‍ഡ് സിറ്റി എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് നമ്മള് മാറ്റുമെന്നും ഇതിലെ തൊഴിലവസരങ്ങളില്‍ തീരപ്രദേശ ജനതയ്ക്ക് സംവരണം ഉറപ്പാക്കും എന്നുമാണു മുഖ്യമന്ത്രി പറഞ്ഞത്.
യുവാക്കളും വിദ്യാഭ്യാസവും
യുവാക്കളെ ഇവിടെ പിടിച്ചുനിർത്താനും അവർക്കു മികച്ച തൊഴിൽ ഉറപ്പാക്കാനും ഉന്നതവിദ്യാഭ്യാസ, ആരോഗ്യ ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റാനും ചില സ്കീമുകൾ മുഖ്യമന്ത്രി അവതരിപ്പിച്ചു. വിദേശ സർവകലാശാലകൾ വരുന്ന കേരള നോളജ് വാലി, ഗ്ലോബൽ ജോബ് വാച്ച് ടവർ, വയനാട് ട്രൈബൽ സർവകലാശാല, കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി, റിസർച്ച് പാർക്ക് തുടങ്ങിയവ.
അവിടെയും മുഖ്യമായ മൂലധനനിക്ഷേപം സ്വകാര്യ മേഖലയിൽനിന്നു വരണം.
സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതി പകുതിയാക്കിയത് ബസുടമകൾക്കു വലിയ ആശ്വാസമാകും. ഒപ്പം പ്രിയദർശിനി സൗജന്യ യാത്രയോടു സ്വകാര്യ ബസ് മേഖലയുടെ എതിർപ്പ് കുറയും. ടൂറിസ്റ്റ് ബസുകൾക്കും ട്രെയ്ലർ ലോറികൾക്കും നികുതി കുറച്ചപ്പോൾ വില കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറയ്ക്കുകയും വില കൂടിയവയ്ക്ക് നികുതി കൂട്ടുകയും ചെയ്തു. വാഹനനികുതിയിൽ പ്രഖ്യാപിച്ച മാറ്റങ്ങൾ സംസ്ഥാനത്തു വാഹന രജിസ്ട്രേഷനും വരുമാനവും വർധിക്കാൻ സഹായിക്കും.
“സദ്ഭരണവും സഹാനുഭൂതിയും’’ എന്ന പ്രമേയത്തിലൂന്നിയാണ് ബജറ്റ് തയാറാക്കിയിരിക്കുന്നത് എന്നാണു സതീശൻ പറഞ്ഞത്. അടിസ്ഥാനസൗകര്യ വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുകയെന്ന നയം യാഥാര്‍ഥ്യമാക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. പക്ഷേ, അതു നടപ്പാക്കാൻ വേണ്ടത്ര പണമില്ല.
പ്രതീക്ഷിച്ച പണം വന്നില്ല
കേരളം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ നിയമസഭയിൽ കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ പ്രതീക്ഷിച്ച കേന്ദ്ര വിഹിതത്തില്‍ 20,500 കോടി രൂപയുടെ കുറവുണ്ടായി.16-ാം ധനകാര്യ കമ്മീഷന്റെ അവാർഡ് പ്രകാരമാണു കുറവു വന്നത്. ഈ കുറവ് മൂലം പദ്ധതിച്ചെലവ് 5000 കോടി രൂപ കണ്ടു കുറയ്ക്കേണ്ടിവന്നു.
വിലകുറച്ചു കാണിച്ച ആധാരങ്ങളുടെ കേസുകൾ ഒറ്റത്തവണ തീർപ്പാക്കൽ, പ്രളയ സെസിന്റെയും ജിഎസ്ടിയുടെയും പഴയ കേസുകൾ ആംനസ്റ്റി സ്കീം വഴി തീർപ്പാക്കൽ എന്നിവയ്ക്കു പുറമേ ബീയർ, വൈൻ നികുതിയിൽ അഴിച്ചുപണി നടത്തിയും വരുമാനം കൂട്ടും. മദ്യത്തിന്റെ വീര്യം അനുസരിച്ചാകും നികുതി.
കേരളത്തെ ഒരു ‘പോര്‍ട്ട് സിറ്റി’യാക്കി മാറ്റുമെന്നും, വിഴിഞ്ഞത്ത് കപ്പല്‍നിര്‍മാണ കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതു തീരദേശവാസികള്‍ക്ക് വലിയ ഗുണം ചെയ്യും. കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങള്‍ വികസിപ്പിക്കുകയും കേരള മാരിടൈം പോളിസി രൂപീകരിക്കുകയും ചെയ്യും. മാരിടൈം മ്യൂസിയത്തിനായി 50 കോടി രൂപയും ബജറ്റില്‍ മാറ്റിവച്ചിട്ടുണ്ട്. പെരുമ്പാവൂരിൽ ഗ്ലോബൽ ഫർണിച്ചർ ഹബ് തുടങ്ങും.
റബർ താങ്ങുവില 50 രൂപ വർധിപ്പിച്ച് 250 രൂപയാക്കിയത് റബർ മേഖലയ്ക്ക് ആശ്വാസമാകും. ഇപ്പോൾ റബർ വില 276 രൂപയാണ്. കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പദ്ധതി (ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസ്) പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കൽ പഠിക്കാൻ 10 കോടി വകയിരുത്തിയതേ ഉള്ളൂ.
കടം പഴയതുപോലെ
ഇതെല്ലാം കഴിയുമ്പോൾ രണ്ടു കാര്യങ്ങൾ പറയാം.
ഒന്ന്: ബജറ്റ് കമ്മി കുറയ്ക്കാൻ അല്ലെങ്കിൽ റവന്യൂ ചെലവ് കുറയ്ക്കാൻ ഒരു നടപടിയും ഇല്ല. അതിനർഥം കടം കൂടി വരുമെന്നാണ്. സ്വകാര്യ മൂലധനം വിവിധ മേഖലകളിൽ വലിയ നിക്ഷേപമായി വരും, അതു വളർച്ച ഉണ്ടാക്കും, നികുതിവരുമാനം കൂടും, കേരളത്തിന്റെ ധനകാര്യനില മെച്ചപ്പെടും എന്ന സ്വപ്നകഥയാണു സതീശൻ അവതരിപ്പിച്ചത്.
രണ്ട്: ഈ ധനകാര്യവർഷം തീരുമ്പോൾ 5,45,818.52 കോടി രൂപയായിരിക്കും സംസ്ഥാനത്തിന്റെ കടം. അതു സംസ്ഥാന ജിഡിപിയുടെ 33.50 ശതമാനം വരും. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലെ ബാക്കി നിൽപ് കടം 5,44,832.88 കോടി. ജിഡിപിയുടെ 33.44 ശതമാനം. മൂലവിഷയങ്ങൾ തിരുത്താൻ ശ്രമം ഇല്ലെന്ന് ആവർത്തിച്ചു പറയാം.
വി.ഡി. സതീശനും കെ.എൻ. ബാലഗോപാലും അവതരിപ്പിച്ച ബജറ്റുകൾ താരതമ്യം ചെയ്യുമ്പോൾ (തുക കോടി രൂപയിൽ)
ഇനം പുതുക്കിയത് പഴയത്
റവന്യുവരവ് 1,69,646 1,82,972
സംസ്ഥാനനികുതി 99,002 94,002
നികുതിയിതരം 18,760 20,356
കേന്ദ്രത്തിൽ നിന്ന് 49,288 68,614
മൂലധനവരവ് 57,921 56,933
(കടമെടുപ്പ് 56,405 55,420)
ആകെ വരവ് 2,27,567 2,39,707
റവന്യു ചെലവ് 2,05,002 2,17,589
മൂലധന ചെലവ് 22,565 22,348
റവന്യു കമ്മി 35,355 34,587
ധനകമ്മി 56,405 55,420