തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുമെന്നു ബജറ്റ് പ്രഖ്യാപനം. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ’ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടി തുടങ്ങും.
അപ്രതീക്ഷിതമായ ചികിത്സാ ചെലവുകൾ പല കുടുംബങ്ങളിലും വൻ സാന്പത്തിക ബാധ്യത സൃഷ്ടിച്ചിരുന്നു. ഇത്തരം ബാധ്യത ലഘൂകരിക്കാനും കുടുംബങ്ങൾക്ക് കൈത്താങ്ങാകാനും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി വഴി സാധിക്കും. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 10 കോടി രൂപ നീക്കിവച്ചു.
എല്ലാ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുമെന്നു ഇന്ദിരാ ഗാരന്റിയിൽ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ കുടിശിക ഘട്ടംഘട്ടമായി കൊടുത്തുതീർക്കും. തീരദേശ മേഖലയിലുള്ളവരുടെ ആരോഗ്യ പരിപാലനത്തിനായി കോസ്റ്റൽ കെയർ യൂണിറ്റുകൾ സ്ഥാപിച്ച് ചികിത്സ ഉറപ്പാക്കും. ആദിവാസി മേഖലയിൽ ട്രൈബൽ ഹെൽത്ത് ക്ലസ്റ്റർ രൂപീകരിക്കും.
ലാബ് ടെസ്റ്റിംഗ് സൗകര്യം കുറവുള്ള ഗ്രാമീണ മേഖലയിൽ മൊബൈൽ ടെസ്റ്റിംഗ് ലാബ് സംവിധാനം ഒരുക്കും. ഇതിനായി രണ്ടുകോടി രൂപ വീതം ചെലവിട്ട് 10 ലാബുകൾ സജ്ജീകരിക്കും.
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളജ് സ്ഥാപിക്കാനുള്ള നടപടിയും സ്വീകരിക്കുമെന്നു ബജറ്റ് പ്രഖ്യാപനം.
തെരഞ്ഞെടുത്ത മെഡിക്കൽ കോളജുകൾക്ക് സ്വയംഭരണ പദവിയും എയിംസ് നിലവാരത്തിലുള്ള സേവനങ്ങളും അക്കാദിക് മികവ് കൈവരിക്കാൻ ആവശ്യമായ പിന്തുണയും നൽകും. കാസർഗോഡ്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കൽ കോളജുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും.
കേരളത്തെ ആരോഗ്യ ടൂറിസം ഡെസ്റ്റിനേഷൻ ആക്കാൻ റീച്ച് കേരള പദ്ധതി നടപ്പാക്കും. 40 വയസ് കഴിഞ്ഞവർക്ക് വർഷത്തിലൊരുക്കൽ ആരോഗ്യ പരിശോധന നടത്താൻ ധനസഹായം നൽകുന്ന പദ്ധതി ആവിഷ്കരിക്കും.
വിദ്യാർഥികൾക്കും പുതുതലമുറയ്ക്കും ആരോഗ്യപരവും ശുചിത്വപരവുമായി പ്രായോഗിക അറിവും പരിശീലനവും നൽകാനായി സ്കൂൾ ഹെൽത്ത് ബ്രിഗേഡ് രൂപീകരിക്കും. സംസ്ഥാനത്ത് എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി) അടക്കമുള്ള അപൂർവ രോഗങ്ങൾക്ക് മരുന്നുകൾ ലഭ്യമാക്കാൻ നടപടിയെടുക്കും.
Tags : Health Insurance Oommen Chandy's insurance scheme Kerala Budget@2026