പദ്മശ്രീ ഗുരുവായൂർ ദൊരൈ
ചെന്നൈ: പ്രസിദ്ധ മൃദംഗ വിദ്വാൻ പദ്മശ്രീ ഗുരുവായൂർ ദൊരൈ (91) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. എട്ടു പതിറ്റാണ്ടിലേറെ സംഗീത രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. എട്ടാം വയസിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരിക്ക് പക്കമേളം വായിച്ചാണ് അരങ്ങേറ്റം കുറിച്ചത്. പുതുക്കോട്ടൈ ശൈലിയിലെ പ്രമുഖനായിരുന്നു അദ്ദേഹം.
ഗുരുവായൂരിൽ ജി.എസ്. കൃഷ്ണ അയ്യരുടെയും മീനാക്ഷിയുടെയും മകനായി 1935 ജൂലൈ രണ്ടിന് ജനിച്ചു. അഞ്ചാം വയസിൽ പോളിയോ ബാധിതനായതിനെ തുടർന്ന് പഠനം മുടങ്ങി. അച്ഛനാണ് മൃദംഗ പഠനത്തിലേക്ക് നയിച്ചത്. പാലക്കാട്ട് സുബ്ബയ്യർ, ഇ.പി. നാരായണ പിഷാരടി എന്നിവർ ആദ്യ ഗുരുക്കൻമാരായി.
ചെന്നൈയിലേക്ക് താമസം മാറ്റിയ ദൊരൈ, പളനി സുബ്രഹ്മണ്യം പിള്ളയുടെ വീട് ഗുരുകുലമാക്കി ഒമ്പതു വർഷത്തോളം മൃദംഗം അഭ്യസിച്ചു.
എം.എസ്. സുബ്ബലക്ഷ്മി, മുസിരി സുബ്രഹ്മണ്യ അയ്യർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, എം.ഡി. രാമനാഥൻ, എം. ബാലമുരളീകൃഷ്ണ, ടി.ആർ. മഹാലിംഗം തുടങ്ങിയ കർണാടക സംഗീതത്തിലെ അതികായരുടെ കച്ചേരികൾക്ക് അകമ്പടിയായി. നിറകുടം എന്ന ചിത്രത്തിലെ നക്ഷത്രദീപങ്ങൾ തിളങ്ങി എന്ന വിഖ്യാത ഗാനത്തിൽ മൃദംഗം വായിച്ചത് ഇദ്ദേഹമായിരുന്നു.
2025ൽ രാജ്യം പദ്മശ്രീ നൽകി അദ്ദേഹത്തിനെ ആദരിച്ചു. സംഗീത നാടക അക്കാദമി അവാർഡ്, സംഗീത നാടക അക്കാദമി ടാഗോർ രത്ന പുരസ്കാരം, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡ്, സംഗീത കലാശിഖാമണി തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Tags : Deepika DeepikaNewspaper BreakingNews Mridangam exponent Padma Shri Guruvayur Dorai