ന്യൂഡൽഹി: 26 സീറ്റുകളിലേക്കു നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ 19 ഇടത്തും വിജയിച്ചതോടെ ഉപരിസഭയിൽ ബിജെപി നയിക്കുന്ന എൻഡിഎയുടെ അംഗബലം 150 ആയി ഉയർന്നു.
കോൺഗ്രസ് നയിക്കുന്ന ഇന്ത്യാ സഖ്യത്തിന് ആറു സീറ്റ് മാത്രമാണു ലഭിച്ചത്. മിസോറമിൽനിന്നുള്ള സോറം പീപ്പിൾസ് മൂവ്മെന്റ് ഒരു സീറ്റ് നേടി ചരിത്രത്തിലാദ്യമായി രാജ്യസഭയിൽ അക്കൗണ്ട് തുറന്നു.
ആകെ 245 അംഗങ്ങളുള്ള രാജ്യസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 163 പേരുടെ പിന്തുണ തികയ്ക്കാൻ എൻഡിഎയ്ക്ക് 13 സീറ്റുകൂടി മതി.
ജാർഖണ്ഡിൽ ബിജെപി പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥി പരിമൾ നത്വാനി ക്രോസ് വോട്ടിംഗിലൂടെ അപ്രതീക്ഷിത വിജയം നേടിയതും മധ്യപ്രദേശിലെ കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളി ബിജെപി സ്ഥാനാർഥി വിജയിച്ചതുമാണ് എൻഡിഎയ്ക്ക് രണ്ടു സീറ്റ് അധികമായി ലഭിക്കാനിടയായത്.
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളെത്തുടർന്ന് മൂന്ന് എംപിമാർ രാജിവച്ച ഒഴിവിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിൽക്കൂടി വിജയിച്ചാൽ എൻഡിഎയുടെ അംഗബലം 153 ആയി ഉയരും. ഇരുമുന്നണിയുടെയും ഭാഗമല്ലാത്ത ഡിഎംകെ ഉൾപ്പെടെ 28 അംഗങ്ങളുടെ തീരുമാനം ഭരണഘടനാ ഭേദഗതികൾ ഉൾപ്പെടെ പല ബില്ലുകൾ പാസാക്കുന്നതിലും നിർണായകമാകും.
ആം ആദ്മി പാർട്ടിയിലെ ആഭ്യന്തര ഭിന്നതയെത്തുടർന്ന് രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം ഏഴ് എംപിമാരുമായി എൻഡിഎയെ പിന്തുണച്ചതും പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയായി. നിലവിൽ രാജ്യസഭയിൽ പ്രതിപക്ഷ സഖ്യത്തിന് 64 എംപിമാരാണുള്ളത്.
Tags : NDA close two-thirds majority