തിരുവനന്തപുരം: കരയിലും കടലിലും ആകാശത്തും വികസനത്തിന്റെ സാധ്യതകൾ അവതരിപ്പിക്കുന്ന സ്വപ്നപദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പുതുക്കിയ ബജറ്റ് അവതരിപ്പിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെയാകും ഈ വൻകിട വികസന പദ്ധതികൾ ആരംഭിക്കുക.
അഞ്ചു വർഷത്തിനുള്ളിൽ കേരളത്തെ ലോക മാരിടൈം ഭൂപടത്തിൽ വൻ ശക്തിയായി ഉയർത്തുന്നതിനുള്ള "മിഷൻ സമുദ്ര'ആണ് സ്വപ്നപദ്ധതികളിലൊന്ന്. കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ, 17 നോണ് മേജർ തുറമുഖങ്ങൾ, മറ്റു ജലസ്രോതസുകൾ എന്നിവയെ സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതികളാണു വിഭാവനം ചെയ്യുന്നത്.
കേരളത്തെ ഒരു പോർട്ട് സിറ്റിയായി വിഭാവനം ചെയ്തുകൊണ്ട് റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാതകൾ, നിർമാണ മേഖലകൾ, ഗ്രീൻഫീൽഡ് സിറ്റി എന്നിവയെല്ലാം ബന്ധിപ്പിച്ചു കൊണ്ടുള്ള മാരിടൈം സന്പദ് വ്യവസ്ഥയിലേക്കു കേരളത്തെ മാറ്റുന്നതാണ് മിഷൻ സമുദ്ര.
കേരളത്തിന്റെ തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ മൂന്നു ജില്ലകളെയും ഏകീകൃത സാന്പത്തിക മേഖലയായി സംയോജിപ്പിക്കുന്ന സതേണ് കേരള ഇക്കണോമിക് കോറിഡോർ ആണു രണ്ടാമത്തെ സ്വപ്നപദ്ധതി.
വിഴിഞ്ഞം ആഴക്കടൽ തുറമുഖം, തീരദേശത്തെ നിർണായക ധാതുസന്പത്ത്, അപൂർവ ധാതുക്കളുടെ നിക്ഷേപം, ബഹിരാകാശ സാങ്കേതിക സ്ഥാപനങ്ങൾ, ബ്ലൂ ഇക്കോണമി തുടങ്ങിയ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് ഈ സാന്പത്തിക ഇടനാഴി സൃഷ്ടിക്കുന്നത്. കൂടാതെ റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോറും സൃഷ്ടിക്കും.
സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതാണു മൂന്നാമത്തെ സ്വപ്നപദ്ധതിയായി ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം: വ്യവസായങ്ങൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും വിനോദസഞ്ചാര മേഖലയ്ക്കും ലഭ്യമാക്കുമെന്നു സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം, കേരളത്തിൽ വിനോദസഞ്ചാരത്തെ മുൻഗണന മേഖലയായി മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി
. ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കണമെന്ന ദീർഘകാല ആവശ്യമാണ് സർക്കാർ ഇക്കുറി ബജറ്റ് പ്രഖ്യാപനത്തിലൂടെ നടപ്പിലാക്കുന്നത്. തോട്ടം മേഖലയിൽ കൂടുതൽ സ്ഥലം വിനോദസഞ്ചാരത്തിനായി ഉപയോഗിക്കാവുന്ന വിധത്തിൽ നിയമഭേദഗതി കൊണ്ടുവരുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.
ഫോർട്ട് കൊച്ചി, മൂന്നാർ, കോവളം, ആലപ്പുഴ എന്നിവ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ ’ഗ്രീൻ മാർഷൽസ്’ പദ്ധതി ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി സ്ത്രീകളെ ഗ്രീൻ മാർഷൽമാരായി പരിശീലിപ്പിക്കുകയും വിന്യസിക്കുകയും ചെയ്ത് ശുചിത്വം, ഉത്തരവാദിത്തപരമായ സന്ദർശക പെരുമാറ്റം, പരിസ്ഥിതി അവബോധം എന്നിവ പ്രോത്സാഹിപ്പിക്കും.
’ബ്രാൻഡ് വയനാട്’ ആശയം അവതരിപ്പിക്കും. സ്ത്രീകൾ നയിക്കുന്ന ടൂറിസം സംരംഭങ്ങൾ, ഹോംസ്റ്റേകൾ, ഉത്തരവാദിത്ത ടൂറിസം പദ്ധതികൾ എന്നിവ സംസ്ഥാനത്തുടനീളം വിപുലീകരിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില സമഗ്രമായി പുനഃപരിശോധിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. സാങ്കേതികവിദ്യയുടെ സഹായത്തോടെയും വസ്തുനിഷ്ഠമായ വിപണി വിവരങ്ങളുടെയും ഫീൽഡ് തലത്തിലെ ഡാറ്റയുടെയും അടിസ്ഥാനത്തിലാകും പരിഷ്കരണം.
നിലവിലുള്ള ന്യായവില പല സ്ഥലങ്ങളിലും യഥാർഥ വിപണി വിലയുമായി യോജിക്കാത്ത സാഹചര്യത്തിലാണ് സമഗ്രമായ പരിഷ്കരണം കൊണ്ടുവരുന്നത്. ഭൂമി കൈമാറ്റത്തിൽ ന്യായവിലയുടെ അടിസ്ഥാനത്തിലാണ് മുദ്രപത്ര വിലയും രജിസ്ട്രേഷൻ ഫീസും തീരുമാനിക്കുന്നത്. ന്യായവില നിർണയവുമായി ബന്ധപ്പെട്ട അപ്പീലുകൾ ഒക്ടോബർ 31നകം തീർപ്പാക്കും. ഡിജിറ്റൽ സ്റ്റാംപിംഗ് സൗകര്യം വിപുലീകരിക്കും. ഇതുവഴി മുദ്രവില പൂർണമായി ഓണ്ലൈനായി അടയ്ക്കാനാകും.
ഇ സ്റ്റാംപിംഗ് സൗകര്യം നോണ് ബാങ്കിംഗ് ഫിനാൻഷ്യൽ കന്പനികൾ ഉൾപ്പെടെയുള്ള ധനകാര്യം സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.
സ്റ്റാംപ് ആക്ട് പ്രകാരമുള്ള അണ്ടർ വാല്യൂവേഷൻ കേസുകളുടെ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയും അപ്പീൽ നടപടി പൂർത്തിയാക്കുകയും ചെയ്ത ശേഷവും നിർണയിച്ച കുടിശിക മുദ്രവില അടയ്ക്കാൻ വീഴ്ച വരുത്തിയാൽ അത്തരം കുടിശിക ആധാരത്തിൽ വസ്തുവിന്മേലുള്ള ബാധ്യതയായി കണക്കാക്കും. ഇതുവഴി സർക്കാർ കുടിശികകൾ ഫലപ്രദമായി ഈടാക്കാൻ കഴിയും. ഭാവിയിൽ ഭൂമി വാങ്ങുന്നവർക്ക് ഇടപാടിൽ ഏർപ്പെടുന്നതിനു മുൻപ് ഇത്തരം ബാധ്യതകളെക്കുറിച്ച് അറിയാനാകും.
ലൈസൻസുള്ള സ്റ്റാംപ് വെണ്ടർമാർക്ക് സ്റ്റാംപ് പേപ്പർ വിൽപന നടത്താനുള്ള പരിധി മൂന്നു ലക്ഷം രൂപയാക്കി ഉയർത്തി. നിലവിൽ ഒരു ലക്ഷം രൂപയായിരുന്നു.
പരിസ്ഥിതി സൗഹൃദ നിർമാണം പ്രോത്സാഹിപ്പിക്കാനായി അർഹതയുള്ള ഫ്ളാറ്റുകൾക്കും അപ്പാർട്ട്മെന്റുകൾക്കും അനുവദിച്ച നാലു ശതമാനം മുദ്രവില നിരക്ക്, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി രജിസ്റ്റർ ചെയ്ത വില്ലകൾക്കും ബാധകമാക്കും.
എല്ലാ അപ്പീൽ പരിഹാര മാർഗങ്ങളും പൂർത്തിയായ ശേഷവും അണ്ടർ വാല്യൂവേഷൻ കേസിൽ നിർണയിക്കപ്പെട്ട അധിക മുദ്രവില അന്തിമ ഉത്തരവ് തീയതി കഴിഞ്ഞ 60 ദിവസത്തിനകം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ കുടിശിക തുകയിന്മേൽ അടവു തീയതി വരെ പ്രതിമാസം ഒരു ശതമാനം നിരക്കിൽ പലിശ ഈടാക്കും.
തിരുവനന്തപുരം: ഏലം പട്ടയഭൂമിയിൽ നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നല്കാൻ പാടില്ലെന്നുള്ള സർക്കാർ ഉത്തരവ് നിയമവിധേയമായി പുനഃപരിശോധിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. കൂടാതെ പട്ടയഭൂമിയിൽ നിലവിലുള്ള നിർമാണങ്ങൾ ഉപാധിരഹിതമായി ക്രമവത്കരിച്ചു നല്കും. മലയോര മേഖലയിൽ പട്ടയവിതരണത്തിന് തടസമായിട്ടുള്ള എല്ലാ പ്രശ്നങ്ങൾക്കും സമയബന്ധിതമായി പരിഹാരം കാണും.
സുപ്രീം കോടതിയിലെ സിഎച്ച്ആർ കേസ്, പട്ടയവിതരണവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസ് എന്നിവ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികൾ വേഗത്തിലാക്കും. കർഷക താത്പര്യം സംരക്ഷിച്ച് പട്ടയവിതരണം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കും.
വയനാട്, കാസർഗോഡ്, ഇടുക്കി ജില്ലകൾക്കായുള്ള പ്രത്യേക പാക്കേജുകൾ ഊർജിതമായി നടപ്പാക്കാൻ നടപടികൾ സ്വീകരിക്കും. പദ്ധതികളിൽ വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകും. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
തിരുവനന്തപുരം: വിവിധ മേഖലകളിലെ ക്ഷേമപദ്ധതികൾക്കായി 162.62 കോടി രൂപ വകയിരുത്തി ബജറ്റ് പ്രഖ്യാപനം. നേരത്തേ പ്രഖ്യാപിക്കപ്പെട്ട അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയ വർധനയ്ക്കായി 66.2 കോടി രൂപയും ആശാവർക്കർമാരുടെ ഓണറേറിയം വർധനയ്ക്കായി 78.4 കോടി രൂപയും സ്കൂളുകളിലെ പാചകത്തൊഴിലാളികളുടെ വേതന വർധനയ്ക്കായി 13.30 കോടി രൂപയും പ്രീ-പ്രൈമറി വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വർധനയ്ക്കായി 4.72 കോടി രൂപയുമാണ് ബജറ്റിൽ വകയിരുത്തിയത്.
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ തൊഴിൽ മേഖലയ്ക്കും തൊഴിലാളി ക്ഷേമത്തിനുമായി 650.46 കോടി രൂപ വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിക്കായി സംസ്ഥാന വിഹിതത്തിന്റെ ആദ്യഘട്ടമായി 1422.60 കോടി രൂപയും ബജറ്റിൽ മാറ്റിവച്ചു.
ഐടി ഉൾപ്പെടെയുള്ള പ്രഫഷണൽ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ മാനസിക-ശാരീരിക ആരോഗ്യം മുൻനിർത്തി ‘ഓഫീസ് വെൽനസ് ’ പദ്ധതികളും നടപ്പാക്കും. വിഴിഞ്ഞം, കൊച്ചി തുറമുഖ വികസനങ്ങളുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന പുതിയ നിർമാണ-വാണിജ്യ മേഖലകളിലെ തൊഴിലവസരങ്ങളിൽ അതത് തീരപ്രദേശങ്ങളിലെ ജനങ്ങൾക്ക് തൊഴിൽ സംവരണം ഏർപ്പെടുത്തും.
തിരുവനന്തപുരം: പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിന്റെ ആവശ്യകത പഠിക്കാൻ കമ്മീഷനെ നിയോഗിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. പതിറ്റാണ്ടുകൾക്കു ശേഷമാണ് പുതിയ ജില്ലയുടെയും താലൂക്കുകളുടെയും രൂപീകരണത്തിന് കമ്മീഷനെ വയ്ക്കുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായി ജില്ലാ കളക്ടർമാർക്ക് 50 ലക്ഷം രൂപ കോർപസ് ഫണ്ടായി അനുവദിക്കും. ഇതിനായി ഏഴു കോടി വകയിരുത്തി. വിനിയോഗത്തിനായി വിശദ മാർഗനിർദേശം പുറപ്പെടുവിക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ തന്ത്രപരമായ ദേശീയ പ്രാധാന്യമുള്ള ഏകീകൃത സാന്പത്തിക മേഖലയായി സംയോജിപ്പിക്കുന്ന ‘സതേണ് കേരളാ ഇക്കണോമിക് കോറിഡോർ’ സൃഷ്ടിക്കും.
തിരുവനന്തപുരം: രോഗങ്ങളും വാർധക്യസഹജമായ അസുഖങ്ങളും ബാധിച്ചവരെ പരിചരിക്കുന്നതിനു തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നതിനായി കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
സ്വകാര്യ-സർക്കാർ നഴ്സിംഗ് കോളജുകളിലും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലും ആറുമാസം ദൈർഖ്യമുള്ളതായിരിക്കും കോഴ്സ്. ഇതിലൂടെ ആവശ്യമുള്ളവർക്കു പരിചരണവും തൊഴിൽ രഹിതരായ യുവജനങ്ങൾക്കു തൊഴിലും ലഭിക്കും.
മുതിർന്ന പൗരന്മാരെ സജീവരാക്കുന്നതിനു വയോജന പാർക്കുകളും പകൽ വീടുകളും ഫിറ്റ്നസ് സെന്ററുകളും ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയോജന വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ വിദ്യാർഥികൾ നേരിടുന്ന റാഗിംഗ് തടയാനായി മുന്പ് റാഗിംഗിന് ഇരയായി ജീവൻ നഷ്ടമായ വിദ്യാർഥിയായ സിദ്ധാർഥന്റെ പേരിൽ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ്. വിദ്യാർഥികളുടെ ക്ഷേമം ഉറപ്പാക്കാനായി സിദ്ധാർഥൻ ആന്റി റാഗിംഗ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ടും വരും. ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇക്കാര്യം അറിയിച്ചത്.
അന്താരാഷ്ട്ര അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയെ ലോകത്തിന് പരിചയപ്പെടുത്താൻ എഡ്യൂക്കേഷൻ ഫെയറുകൾ സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം ലക്ഷ്യമാക്കി അത്യാധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ഫ്യൂച്ചർ റെഡിനസ് ക്ക് ടാങ്ക് രൂപീകരിക്കും.
സാങ്കേതിക വിദ്യാഭ്യാസത്തിന് ബജറ്റിൽ ആകെ 232.11 കോടി രൂപ വകയിരുത്തി. ജവഹര്ലാൽ നെഹ്റു സയന്റിഫിക് സിറ്റിക്കായി 10 കോടിയാണ് വകകൊള്ളിച്ചിരിക്കുന്നത്.
തിരുവനന്തപുരം: ആദിവാസി സമൂഹങ്ങളുടെ വിദ്യാഭ്യാസ പുരോഗതി, ഗവേഷണം, നവീകരണം, സാമൂഹ്യ-സാന്പത്തിക പരിവർത്തനം എന്നിവ ലക്ഷ്യമാക്കി ന്ധന്ധവയനാട് ട്രൈബൽ സർവകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും’’ ആരംഭിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. ഇതിനായി 50 കോടി രൂപ വകയിരുത്തി.
തദ്ദേശീയ പഠനങ്ങൾ, ആദിവാസി സംരംഭകത്വം, ജൈവ വൈവിധ്യ സംരക്ഷണം, കാലാവസ്ഥാ പ്രതിരോധശേഷി, ഭാവി ആവശ്യങ്ങൾക്കനുസൃതമായ നൈപുണ്യ വികസനം എന്നിവയ്ക്കായുള്ള ലോകോത്തര കേന്ദ്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റിസർച്ച് സംവിധാനങ്ങളും നൂതന ആശയങ്ങളും ഐഐടി മദ്രാസ് റിസർച്ച് പാർക്ക് മാതൃകയിൽ വിപുലീകരിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളജിനും തിരുവനന്തപുരം ഗവണ്മെന്റ് എൻജിനിയറിംഗ് കോളജിനും ‘കോണ്സ്റ്റിറ്റ്യുവന്റ് കോളജ് ഓഫ് ദി യൂണിവേഴ്സിറ്റി’ പദവി നൽകും.
ഇതിലൂടെ സാങ്കേതിക പരിജ്ഞാനമുളള യുവജനങ്ങളുടെ സേവനം സംസ്ഥാനത്തിന് തന്നെ പ്രയോജനപ്പെടുത്തുവാനും, തൊഴിൽ തേടിയുളള കുടിയേറ്റം തടയുവാനും സാധിക്കുമെന്നും റിസർച്ച് പാർക്കിനായി 60 കോടി രൂപ വകയിരുത്തുന്നതായും ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാക്കി.
തിരുവനന്തപുരം: കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് നടപ്പാക്കുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. നോൺ ജേർണലിസ്റ്റ് പെൻഷൻ തുക വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ വിവിധ സ്ഥാപനങ്ങളെ സംയോജിപ്പിച്ച് ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി സ്ഥാപിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
മൾട്ടി-സ്പെഷാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളജുകൾ, പരിശീലന കേന്ദ്രങ്ങൾ, ഗവേഷണ ലബോറട്ടറികൾ, ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമായ അനുബന്ധ സൗകര്യങ്ങളും സംയോജിപ്പിച്ച് വികസിപ്പിക്കുന്ന ആരോഗ്യ സംവിധാനമാണ് കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി. ഇതിലൂടെ ലക്ഷ്യമിടുന്നത് ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിനും മെഡിക്കൽ വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനുമാണ്. ഒപ്പം മെഡിക്കൽ ടൂറിസം വികസിപ്പിക്കുന്നതിനും ആരോഗ്യ മേഖലയിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും സാധിക്കും. പദ്ധതിക്കായി ബജറ്റിൽ 100 കോടി രൂപ വകയിരുത്തുകയും ചെയ്തു.
ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ നിക്ഷേപം വർധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഈ മേഖലകളിലെ നിക്ഷേപം വർധിപ്പിച്ചു കൊണ്ട് കേരളത്തെ ഒരു ഡെസ്റ്റിനേഷൻ പോയിന്റ് ആയി ഉയർത്തുകയാണ് സർക്കാരിന്റെ പ്രഥമ ലക്ഷ്യമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: 2024ലെ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്ന വിലങ്ങാടിനായി പാക്കേജ് പ്രഖ്യാപിച്ച് വി.ഡി. സതീശൻ സർക്കാർ. ദുരിതബാധിതരുടെ പുനരധിവാസം, കാർഷിക മേഖലയുടെ പുനരുജ്ജീവനം, പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള മാതൃക സൃഷ്ടിക്കൽ എന്നീ ലക്ഷ്യത്തോടെ വിലങ്ങാട് വില്ലേജിന്റെ സമഗ്രവും സുസ്ഥിരവുമായ പുനർനിർമിതിക്കായി പ്രഖ്യാപിച്ച വിലങ്ങാട് പാക്കേജിനായി അഞ്ചു കോടി രൂപയും ബജറ്റിൽ വകയിരുത്തി.
തൃശൂരിലെ തേക്കിൻകാട് മൈതാനത്തിന്റ നവീകരണത്തിനായി ബജറ്റിൽ 10 കോടി രൂപ വകയിരുത്തി. ഇതിനു പുറമെ ശിവഗിരിയിൽ നിർമിക്കുന്ന പ്ലാറ്റിനം ജൂബിലി സ്മാരക കണ്വൻഷൻ സെന്ററിനായി അഞ്ചു കോടി രൂപയും കായിക-യുവജനകാര്യ മേഖലയ്ക്കായി 173.77 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു.
കുടിവെള്ള ഗുണനിലവാരം ഉറപ്പുവരുത്താൻ കൂടുതൽ ലാബുകൾ സ്ഥാപിക്കും
സംസ്ഥാനത്ത് കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ പുതിയ ലാബുകൾ ആരംഭിക്കുമെന്നും ഇതിനായി കോളജ് ലാബുകളും ഉപയോഗപ്പെടുത്തുമെന്നും ബജറ്റ് പ്രഖ്യാപനം. ഇതുൾപ്പെടെ ജലവിതരണത്തിനും മാലിന്യ നിർമാർജനത്തിനുമായി 895.59 കോടി രൂപ ബജറ്റിൽ വകയിരുത്തി.
ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും 559.39 കോടി രൂപ
ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീരദേശ പരിപാലനത്തിനുമായി 5599.30 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇതിൽ വൻകിട-ഇടത്തരം ജലസേചനത്തിനായി 213.39 കോടി രൂപയും ചെറുകിട ജലസേചനത്തിനായി 176.27 കോടി രൂപയും കമാന്റ് ഏരിയ വികസനത്തിനായി 1.50 കോടി രൂപയും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീരദേശ സംരക്ഷണത്തിനുമായി 168.23 കോടി രൂപയും ഉൾപ്പെടുന്നു.
പിന്നാക്ക ക്ഷേമത്തിന് 164.16 കോടി; മുന്നാക്ക ക്ഷേമത്തിന് 31.29 കോടി
പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി ബജറ്റിൽ 164.16 കോടി രൂപ വകയിരുത്തി. വിദ്യാഭ്യാസം, തൊഴിൽ ഉപജീവനം എന്നിവയ്ക്ക് പിന്തുണ നൽകുന്നതിനാണ് തുക വകയിരുത്തിയത്. മുന്നാക്ക സമുദായങ്ങളുടെ ക്ഷേമത്തിന് 31.29 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മെറിറ്റ് സ്കോളർഷിപ്പുകൾ, കോച്ചിംഗ് ക്ലാസുകളുടെ സംഘാടനവും നടത്തിപ്പും, ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി 77.91 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് നൽകിവരുന്ന മണ്ണെണ്ണ സബ്സിഡി 75 രൂപയായി വർധിപ്പിച്ചു. ബജറ്റിലാണ് പ്രഖ്യാപനം.
തൊഴിലുറപ്പ് പദ്ധതിക്ക് 1422.6 കോടി രൂപ
തൊഴിലുറപ്പ് പദ്ധതിക്കുള്ള സംസ്ഥാന വിഹിതമായി 1422.60 കോടി രൂപ ബജറ്റിൽ വകയിരുത്തി. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി വിബി-ജി റാം ജി എന്നു പുനർനാമകരണം ചെയ്ത കേന്ദ്രസർക്കാർ സംസ്ഥാന വിഹിതം 40 ശതമാനമായി വർധിച്ചു. ഇതോടെ സംസ്ഥാന വിഹിതമായി നേരത്തേ നൽകേണ്ടിയിരുന്ന 250 കോടി രൂപ നിലവിൽ 2090.96 കോടി രൂപയായി ഉയർന്നെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
വരുന്നു ഗ്ലോബൽ ഫർണിച്ചർ ഹബ്ബും ഗോൾഡ് ഹബ്ബും. കൊച്ചി- ആലുവ- പെരുന്പാവൂർ മേഖലയെ ഫർണിച്ചർ നിർമാണ ഹബ്ബായി മാറ്റും. പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുമായി സഹകരിച്ച് കേരളത്തെ വിതരണ ശൃംഖലയുടെ ഭാഗമാക്കാൻ നടപടിയെടുക്കും. പദ്ധതിക്കായി 10 കോടി നീക്കിവയ്ക്കും. കേരളത്തെ സ്വർണ വിനിമയ കേന്ദ്രമാക്കി മാറ്റാനായി കൊച്ചി- തൃശൂർ ബെൽറ്റിനെ പ്രധാന ആഭരണ നിർമാണ ഇടനാഴിയായി മാറ്റും. സ്വർണ പദ്ധതിക്കായി 10 കോടി രൂപ നീക്കിവയ്ക്കും.
ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം ക്ഷേത്രങ്ങൾ വികസിപ്പിച്ച് ദേശീയ തീർഥാടന കേന്ദ്രങ്ങളാക്കാൻ നടപടി സ്വീകരിക്കും. ക്ഷേത്രങ്ങളോട് ചേർന്നുള്ള കാവുകളും കുളങ്ങളും നവീകരിക്കുന്നതിനായി അഞ്ചു കോടി രൂപയും ദേവസ്വം ബോർഡിന് നൽകേണ്ട ആന്വിറ്റി വിഹിതം നൽകുന്നതിനായി അഞ്ചു കോടി രൂപയും വകയിരുത്തി.
തിരുവനന്തപുരം: റെമിറ്റൻസ് ഇക്കോണമി എന്ന നിലയിൽ നിന്നും ഇൻവെസ്റ്റ്മെന്റ് ഇക്കോണമി എന്ന നിലയിലേക്ക് കേരളത്തെ മാറ്റുന്നതിൽ പ്രവാസികളുടെ പങ്ക് ഉറപ്പാക്കുന്നതിനായി പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് രൂപീകരിക്കും. കേരള സന്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസി നിക്ഷേപമെന്നു മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു .
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കും പട്ടിക ജാതി- വർഗ വിഭാഗങ്ങൾക്കും പ്രത്യേക ഭവന പദ്ധതി നടപ്പാക്കുമെന്നു ബജറ്റ് പ്രഖ്യാപനം. നിലവിലുള്ള ലൈഫ് ഭവന പദ്ധതി ഈ വിഭാഗങ്ങളെ ഒഴിവാക്കി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തുടരും.
മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന മണ്ണെണ്ണ സബ്സിഡി 75 രൂപയാക്കി. എല്ലാ തീരദേശ വാസികൾക്കും പട്ടയം ഉറപ്പാക്കും. സർക്കാർ മുന്നറിയിപ്പു പ്രകാരം മത്സ്യബന്ധനത്തിനു പോകാനാകാത്ത ദിനങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് വേതന സഹായം ഉറപ്പാക്കും. തീരത്തെ സംരക്ഷിക്കാൻ കടൽഭിത്തി, ബ്രേക്ക് വാട്ടർ, ബീച്ച് നറിഷ്മെന്റ് അടക്കമുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കും. മുതലപ്പൊഴി ഹാർബറിലെ അശാസ്ത്രീയ നിർമാണത്തിലെ അപാകത പരിഹരിക്കും.
പട്ടികജാതി- വർഗത്തിൽ പെട്ടവർക്ക് സർക്കാർ ജോലിയിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ സ്പെഷൽ റിക്രൂട്ട്മെന്റുകൾ നടത്തും. ഈ വിഭാഗങ്ങൾക്ക് ബജറ്റിൽ വകയിരുത്തിയ തുക കൃത്യമായി വിനിയോഗിക്കുന്നുവെന്നു ഉറപ്പാക്കാൻ നിയമം കൊണ്ടുവരും.
തിരുവനന്തപുരം: ജെൻസി തലമുറയുടെ സാങ്കേതിക മികവ് പ്രയോജനപ്പെടുത്തി കേരളത്തിന്റെ സ്റ്റാർട്ടപ്പുകൾ, ഇന്നവേഷൻ ഹബ്ബുകൾ, ഗവേഷണ കേന്ദ്രങ്ങൾ, സ്മാർട്ട് വ്യവസായങ്ങൾ വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി.
യുവതലമുറയുടെ സൃഷ്ടിപരമായ കഴിവുകളും സാങ്കേതിക മികവും ഒരുമിപ്പിച്ചുകൊണ്ട് ഈ മേഖലയുടെ വികസനമാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. ഡിജിറ്റൽ ധാർമികത, സ്വകാര്യത സംരക്ഷണം, സൈബർ സുരക്ഷ, മാനുഷിക മൂല്യങ്ങൾ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാകും പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുകയെന്നും ഭാവി സന്പദ് വ്യവസ്ഥയുടെയും വ്യവസായങ്ങളുടെയും ചാലക ശക്തിയായി ഡിജിറ്റൽ യുഗത്തിൽ ജനിച്ചു വളർന്ന തലമുറയെ (ജെൻ-സി) മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും ബജറ്റ് വ്യക്തമാക്കുന്നു.
ഇതിനു പുറമെ മലയാളം എഐ മാതൃകകളുടെ വികസനത്തിന് പിന്തുണ നൽകി ഒരു മലയാളം എഐ സംരംഭം ആരംഭിക്കുന്നതിനായി 10 കോടി രൂപയും വകയിരുത്തി.
വനിതകൾക്ക് മത്സ്യ വിപണനത്തിന് ഷീ സ്കൂട്ടർ
തിരുവനന്തപുരം: വനിതകൾക്ക് മത്സ്യ വിപണനം നടത്തുന്നതിനായി ഷീ സ്കൂട്ടർ അനുവദിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതിനു പുറമെ മത്സ്യത്തൊഴിലാളി മേഖലയിലെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ പദ്ധതി നിർവഹണത്തിൽ ഫിഷറീസ് സബ് പ്ലാൻ ആവിഷ്കരിക്കും. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും നിലവിലെ അപകട ഇൻഷ്വറൻസ് തുക പരിഷ്കരിക്കും.
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും വിദേശ പഠനത്തിനും സഹായം നൽകും.
കൊച്ചി വിമാനത്താവളത്തോടനുബന്ധിച്ച് ഗ്ലോബൽ കണ്വൻഷൻ സെന്റർ
കൊച്ചി വിമാനത്താവളത്തോടനുബന്ധിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കണ്വൻഷൻ സെന്റർ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതുൾപ്പെടെ കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 200 കോടി രൂപയും വകയിരുത്തി.
എല്ലാ പഞ്ചായത്തുകളിലും ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം
എല്ലാ പഞ്ചായത്തുകളിലും കമ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം നടപ്പിലാക്കുന്നതുൾപ്പെടെ പുനരുപയോഗ ഊർജ മേഖലയിലെ പദ്ധതികൾക്കായി ബജറ്റിൽ 100 കോടി രൂപ വകയിരുത്തി.
കേരള ഉത്പന്നങ്ങൾക്ക് വിപണി പിടിക്കാൻ ‘ബ്രാൻഡ് കേരളം’
കേരളത്തിന്റെ തനത് ഉത്പന്നങ്ങളായ സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോത്പന്നങ്ങൾ, കൈത്തറി ഉത്പന്നങ്ങൾ, ആയുർവേദ കൂട്ടുകൾ, കശുവണ്ടി, കയർ എന്നിവയുടെ ഗുണനിലവാരവും ബ്രാൻഡിംഗും ഉറപ്പുവരുത്താൻ ’ബ്രാൻഡ് കേരളം’ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.
ഇതുമായി ബന്ധപ്പെട്ട് ഗുണനിലവാരവും ആധികാരികതയും ഉറപ്പുനൽകുന്ന ഒരു സർട്ടിഫിക്കേഷൻ ചട്ടക്കൂടായ ’കേരള മാർക്ക് ’ വികസിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഒരു പ്രത്യേക സംവിധാനം സജ്ജമാക്കും.
കേരള ഡിസാസ്റ്റർ റെസിലിയൻസ് സെന്റർ സ്ഥാപിക്കാൻ 15 കോടി
പ്രകൃതി ദുരന്തങ്ങളെ നേരിടാൻ സംസ്ഥാനത്ത് കേരള ഡിസാസ്റ്റർ റെസിലിയൻസ് സെന്റർ സ്ഥാപിക്കും. ഇതിനായി 15 കോടി രൂപ ബജറ്റിൽ വകയിരുത്തി. മുന്നറിയിപ്പ് സംവിധാനങ്ങൾ, കാലാവസ്ഥാ മോഡലിംഗ്, ജിയോസ്പേഷ്യൽ ഇന്റലിജൻസ്, റിസ്ക് അനലറ്റിക്സ്, അടിയന്തര പ്രതികരണ ഏകോപനം എന്നിവയെ സമന്വയിപ്പിക്കുന്ന ഒരു അത്യാധുനിക കേന്ദ്രമെന്ന നിലയിലാണ് കേരള ഡിസാസ്റ്റർ റെസിലിയൻസ് പ്രോഗ്രാമിന്റെ ഭാഗമായി സെന്റർ സ്ഥാപിക്കുക.
മാരിടൈം മ്യൂസിയത്തിന് 50 കോടി
സംസ്ഥാനത്ത് അന്തർദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കുന്നതിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി. കേരള മാരിടൈം ടൂറിസത്തിന് അടിത്തറ പാകുക എന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയം സ്ഥാപിക്കുന്നത്. കേരളത്തിന്റെ സമുദ്രയാത്രാ ചരിത്രം, കപ്പൽ നിർമാണ പാരന്പര്യം, വാണിജ്യപൈതൃകം, കടൽമേഖലാ ജീവിത സംസ്കാരം എന്നിവയെ ഒരുമിപ്പിച്ചു കൊണ്ട് കേരളത്തെ മുൻനിര ഇക്കോണമിയും മാരിടൈം ലോജിസ്റ്റിക്സ് ഹബ്ബും ആക്കി മാറ്റാൻ പദ്ധതി ഉപകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
ഗ്ലോബൽ വാച്ച് ടവറിന് രണ്ടു കോടി
ഭാവിയിലെ തൊഴിലവസരങ്ങൾക്കായി കേരളത്തിലെ യുവാക്കളെ സജ്ജരാക്കുന്നതിന് ഗ്ലോബൽ ജോബ് വാച്ച് ടവർ എന്ന പേരിൽ സംസ്ഥാനതല ഫ്യൂച്ചർ സ്കിൽസ് ആൻഡ് എംപ്ലോയ്മെന്റ് ഇന്റലിജൻസ് മിഷൻ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതിനായി പ്രാരംഭഘട്ടത്തിൽ രണ്ടു കോടി രൂപയും ബജറ്റിൽ വകയിരുത്തി.
സ്പേസ് ഇക്കോണമിക്ക് പ്രോത്സാഹനം
സ്പേസ് ഇക്കോണമിക്ക് സംസ്ഥാന സർക്കാർ പ്രോത്സാഹന നൽകുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതിനായി ബജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തി. സ്വകാര്യ മേഖലയിലെ വർധിച്ചുവരുന്ന സ്വകാര്യ സ്റ്റാർട്ടപ്പുകൾ യുവ എൻജിനിയർമാർക്ക് വൻ അവസരങ്ങളാണ് തുറന്നിടുന്നത്. ഇതു കണക്കിലെടുത്ത് സാറ്റലൈറ്റ് ടെക്നോളജിക്ക് ഊന്നൽ നൽകിയുള്ള ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കും.
ഇനി ഗ്രാമസഭയിൽ ഓണ്ലൈനായും പങ്കെടുക്കാം
ഗ്രാമസഭയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത ഗ്രാമസഭാംഗങ്ങൾക്ക് ഓണ്ലൈനായി പങ്കെടുക്കാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. ലോകത്തിന്റെ ഏതു കോണിൽ നിന്നും സ്വന്തം നാട്ടിലെ ഗ്രാമസഭയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ അറിയിക്കുന്നതിനും നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും ഇതിലൂടെ അവസരം ലഭിക്കും.
ഡിഎ മുടക്കമില്ലാതെ നൽകും
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പെൻഷൻ പ്രായം ഉയർത്തൽ അടക്കമുള്ള വിസ്മയങ്ങളൊന്നും വി.ഡി. സതീശന്റെ കന്നി ബജറ്റിൽ ഇല്ല. കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച അഷ്വേർഡ് പെൻഷൻ പദ്ധതി ഇല്ലെന്നു പ്രഖ്യാപിച്ച ധനമന്ത്രി നിലവിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പരിഷ്കരിച്ചു നടപ്പാക്കുമെന്നു പ്രഖ്യാപിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കാന്പസുകൾ ‘പെണ്കുട്ടി സൗഹൃദമാക്കാൻ’ ബജറ്റ് പ്രഖ്യാപനം. ഇതിന്റെ ഭാഗമായി പെണ്കുട്ടികളെ ശക്തീകരിക്കുന്നതിനുള്ള ആർത്തവ ശുചിത്വ സംരംഭം നടപ്പാക്കും. പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം പെണ്കുട്ടികൾക്കിടയിൽ ആർത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുകയാണ്.
എല്ലാ പെണ്കുട്ടികൾക്കും സാനിറ്ററി നാപ്കിനുകളുടെ ലഭ്യത ഉറപ്പു വരുത്തുക, സാനിറ്ററി നാപ്കിനുകൾ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ സംസ്കരണത്തിനുള്ള സൗകര്യം ഒരുക്കുക, സ്കൂൾ ടോയ്ലെറ്റുകൾ വൃത്തിയും ശുചിത്വവുമുള്ളതായി സൂക്ഷിക്കുക എന്നിവയിലൂടെ ഒരു പെണ്കുട്ടി സൗഹൃദ കാന്പസ് നിർമിക്കുകയാണ് ലക്ഷ്യം. ഇതിനായി ശില്പശാല, സംസ്ഥാന,ജില്ലാ തല നിരീക്ഷണം എന്നിവയും നടപ്പാക്കും.
പൊതുവിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്തുന്നതിനും കേരളത്തെ ഒരു ആഗോള വിജ്ഞാന ഹബ്ബായി മാറ്റുന്നതിനുമായി ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെംബർ എന്ന പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു.
ഈ പദ്ധതിക്കായി 25 കോടി രൂപ വകയിരുത്തി. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്കാകെ 1477.57 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.
തിരുവനന്തപുരം: അർഹമായ സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. ടൈപ്പ് വണ് പ്രമേഹ രോഗ ബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിൻ നൽകുന്നതിനും ബ്രിട്ടിൽ ഡയബറ്റിക്കായ കുട്ടികൾക്ക് ഇൻസുലിൻ പന്പ് നൽകാനും നടപടികൾ സ്വീകരിക്കും.
മിഠായി പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരാനും പദ്ധതിക്കായി വകയിരുത്തിയ തുക വകമാറ്റി ചെലവഴിക്കുന്നതു തടയുന്നതിനും ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കുന്നതിനും നടപടികൾ സ്വീകരിക്കും.
സംസ്ഥാനത്ത് സാന്പത്തിക, കുടുംബ, ആരോഗ്യ കാരണങ്ങൾ മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചുവരികയാണ്. ഇതിനു പരിഹാരമായി സോഷ്യൽ വർക്ക് പ്രഫഷണലുകളുടെ സഹായം ലഭ്യമാക്കും.